മണിപ്പൂരിൽ ക്രൈസ്തവ സഭാ നേതാക്കളുടെ കൊലപാതകം; പ്രതിഷേധവുമായി കത്തോലിക്കാ സഭ

മണിപ്പൂരിൽ നടന്ന ആക്രമണം Photo:X
മണിപ്പൂർ : കാങ്‌പോക്‌പി ജില്ലയിൽ തടു ബാപ്റ്റിസ്റ്റ് അസോസിയേഷൻ നേതാക്കൾ സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ കത്തോലിക്കാ ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തി. ഇന്ന് കോട്സിം, കോട്‌ലെൻ ഗ്രാമങ്ങൾക്കിടയിലുണ്ടായ ഒളിയാക്രമണത്തിൽ മൂന്ന് സഭാ നേതാക്കൾക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിലാണ് സിബിസിഐ പ്രതിഷേധം രേഖപ്പെടുത്തിയത്.
സംസ്ഥാനത്തെ നിലവിലുള്ള അശാന്തിക്കിടയിലും ജനങ്ങൾക്ക് പ്രത്യാശയും കരുത്തും നൽകിയിരുന്ന മതനേതാക്കൾക്ക് നേരെയുണ്ടായ ഈ ആക്രമത്തെ സഭ ശക്തമായി അപലപിച്ചു. അക്രമം മുറിവുകളെ ആഴത്തിലാക്കുമെന്നും കഷ്ടപ്പാടുകൾ നീട്ടിക്കൊണ്ടുപോകുമെന്നും സമൂഹങ്ങൾ തമ്മിലുള്ള ബന്ധത്തെ ദുർബലപ്പെടുത്തുമെന്നും സഭ ഓർമിപ്പിച്ചു.
ഇംഫാൽ ആർച്ച് ബിഷപ്പ് മോസ്റ്റ് ഡോ ലിനസ് നെലിയുടെ വാക്കുകളെ ശരിവെച്ചുകൊണ്ട്, സമാധാനത്തിനായി എല്ലാവരും നിലകൊള്ളണമെന്നും, എല്ലാ വിഭാഗങ്ങളും അക്രമത്തിൽ നിന്നും തിരിച്ചടികളിൽ നിന്നും പിന്തിരിയണമെന്നും, സംവാദം, ക്ഷമ, അനുരഞ്ജനം, സമാധാനപരമായ സഹവർത്തിത്വം എന്നിവ കൈക്കൊള്ളണമെന്നും സിബിസിഐ ആവശ്യപ്പെട്ടു. നീതിയുക്തമായ സമാധാനം പുനഃസ്ഥാപിക്കാനും ജനങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുക്കാനും അധികാരികൾ വിവേകത്തോടെയും സുതാര്യമായും ഇടപെടണമെന്നും-മണിപ്പൂരിൽ ശാശ്വതമായ സമാധാനം ഉണ്ടാകണമെന്നും സിബിസിഐ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ചുരാചന്ദ്പൂർ ജില്ലയിലെ ലംകയിൽ നടന്ന ടിബിഎ കോൺഫറൻസിൽ പങ്കെടുത്ത ശേഷം രണ്ട് വാഹനങ്ങളിലായി കങ്ങ്‌പോക്പിയിലേക്ക് മടങ്ങുകയായിരുന്നു സംഘം. യാത്രാമധ്യേ പതിയിരുന്ന സംഘം വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. എസ്എം ഹൗപു, ഹെകായ് സിംതെ, പൗതാങ്, ഡ്രൈവർമാരായ ലെലൻ, ഗൗമാങ് എന്നിവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് മണിപ്പൂരിലെ ദേശീയപാത2ൽ പ്രതിഷേധക്കാർ ഉപരോധിച്ചു. ഇതോടെ നാഗാലാൻഡുമായുള്ള സംസ്ഥാനത്തിന്റെ ഗതാഗത ബന്ധം പൂർണ്ണമായും നിലച്ചിരുന്നു.










0 comments