print edition അതിജീവിതയുടെ മരണം ; മണിപ്പുരിൽ രോഷം പടരുന്നു

ന്യൂഡൽഹി
മണിപ്പുര്‍ കലാപത്തിനിടെ സംഘപരിവാര്‍ പിന്തുണയുള്ള മെയ്‍ത്തീ തീവ്രവാദ സംഘടന ആരംബായ് തെങ്കോലുകാര്‍ കൂട്ടബലാത്സംഗംചെയ്‍ത കുക്കി പെൺകുട്ടി നീതികിട്ടാതെ മരിച്ച സംഭവത്തിൽ രോഷം പടരുന്നു. അക്രമികൾക്കെതിരെ നടപടി വേണമെന്നും കുക്കികൾക്ക് പ്രത്യേക ഭരണസംവിധാനം വേണമെന്നുള്ള ആവശ്യവുമായി വിവിധ സംഘടനകൾ രംഗത്തെത്തി. മെയ്‌ത്തീ വിഭാഗക്കാരുമായി സഹവർത്തിത്വത്തിനുള്ള നേരിയ സാധ്യതപോലും ഇല്ലാതായെന്ന് പ്രതിനിധികൾ പ്രതികരിച്ചു.
തദ്ദേശീയ ഗോത്രനേതാക്കളുടെ പൊതുവേദി (ഐടിഎൽഎഫ്), കുക്കി സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ (കെഎസ്‌ഒ) തുടങ്ങിയ സംഘടനകൾ പെൺകുട്ടിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. ‘കുക്കി വിഭാഗക്കാർ എത്ര നിർദ്ദയമായി ഇരയാക്കപ്പെടുന്നെന്ന് വ്യക്തമാക്കുന്നതാണ് യുവതിയുടെ മരണം. കുക്കി വിഭാഗക്കാരുടെ സുരക്ഷയ്‌ക്കും അന്തസ്സിനും നിലനിൽപ്പിനും പ്രത്യേക ഭരണസംവിധാനം ഏർപ്പെടുത്തുകയല്ലാതെ വേറെ വഴിയില്ല’– ഐടിഎൽഎഫ് അനുശോചനസന്ദേശത്തിൽ പറഞ്ഞു. പെൺകുട്ടിയുടെ മരണത്തിന് ഉത്തരവാദികളായവർക്ക് എതിരെ ചെറിയ നടപടി പോലും സ്വീകരിക്കാൻ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് കെഎസ്‌ഒ ചൂണ്ടിക്കാണിച്ചു. മണിപ്പുരിൽ പലയിടത്തും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ അനുശോചന, പ്രതിഷേധ പരിപാടികൾ നടന്നു.









0 comments