ad
Deshabhimani

മണിപ്പൂരിൽ കലാപം നാഗവിഭാഗങ്ങളിലേക്കും, അതിര്‍ത്തി ഗ്രാമം ചുട്ടെരിച്ചു

manipur
വെബ് ഡെസ്ക്

Published on May 08, 2026, 11:40 AM | 2 min read

ഇംഫാൽ: മണിപ്പൂരിലെ വംശീയ കലാപം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നതിനിടെ ഇന്തോ-മ്യാന്മർ അതിർത്തിക്കടുത്തുള്ള നാഗ ഗ്രാമങ്ങൾക്ക് നേരെ കടുത്ത ആക്രമണം. കാംജോങ് ജില്ലയിലെ തങ്ഖുൽ നാഗ വിഭാഗങ്ങൾ താമസിക്കുന്ന ഗ്രാമങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണം. ഡ്രോണുകൾ ഉൾപ്പെടെ ആധുനിക ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു.


മെയ് മൂന്നിന് മണിപ്പൂര്‍ കലാപം ആരംഭിച്ചിട്ട് മൂന്ന് വര്‍ഷം പിന്നിട്ടപ്പോഴും നിയന്ത്രണം സാധ്യമാവാതെ തുടരുകയാണ്. അതിർത്തി കാക്കുന്ന അസം റൈഫിൾസിന്റെ ക്യാമ്പിന് തൊട്ടടുത്താണ് ആക്രമണം നടന്നതെന്നത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ബിജെപി സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും സമാധാനം പുനസ്ഥാപിച്ചതായി പ്രഖ്യാപിച്ച് സര്‍ക്കാരിനെ പുതിയ മുഖ്യമന്ത്രിക്ക് കീഴിൽ വീണ്ടും വാഴിക്കയും ചെയ്തിട്ടും കലാപം നിയന്ത്രിക്കാനാവാതെ തുടരുന്ന സാഹചര്യമാണ്. നേരത്തെ മെയ്തെയ് കുക്കി വിഭാഗങ്ങൾക്ക് ഇടയിൽ മാത്രം നിയന്ത്രിതമായിരുന്ന ആക്രമണങ്ങളിൽ നാഗവിഭാഗം കൂടി ലക്ഷ്യമാവുന്ന സാഹചര്യമാണ്.


മണിപ്പൂരിലെ കാംജോങ് ജില്ലയിൽ അതിർത്തിയോട് ചേർന്നുള്ള ചോറോ, വാങ്‌ലി, നംലി, എന്നീ മൂന്ന് നാഗ ഗ്രാമങ്ങളിലാണ് ആക്രമണം ഉണ്ടായത്. ഇന്നലെ പുലർച്ചെ 3:30-ഓടെ നൂറിലധികം വരുന്ന സായുധ സംഘം ഗ്രാമങ്ങൾ വളയുകയും വെടിയുതിർക്കുകയും ചെയ്തു. ഡ്രോണുകൾ, റോക്കറ്റ് ലോഞ്ചറുകൾ, ലാതോഡ് ഗണ്ണുകൾ എന്നിവ ഉപയോഗിച്ച് ഗ്രാമങ്ങളിൽ ബോംബാക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.


ആക്രമണത്തിൽ 18 വീടുകൾ പൂർണ്ണമായും അഗ്നിക്കിരയാക്കി. വെടിയേറ്റും മറ്റ് ആക്രമണങ്ങളിലും നിരവധി ഗ്രാമീണർക്ക് പരിക്കേറ്റു. ചിലരെ തോക്കിൻമുനയിൽ നിർത്തി പീഡനത്തിന് ഇരയാക്കിയതായും രണ്ട് പേരെ സായുധ സംഘം തട്ടിക്കൊണ്ടുപോയതായും തങ്ഖുൽ നാഗ സംഘടനകൾ ആരോപിക്കുന്നു.


മ്യാന്മർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുക്കി തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് തങ്ഖുൽ നാഗ ലോങ്ങ് (TNL) ആരോപിച്ചു. മ്യാന്മറിലെ സൈനിക ഭരണകൂടത്തിനെതിരെ പോരാടുന്ന പിഡിഎഫിന്റെ (People's Defence Force) പിന്തുണയോടെയാണ് ആക്രമണം നടന്നതെന്നും അവർ പറഞ്ഞു.

Related News

കലാപം കൂടുതൽ വിഭാഗങ്ങളിലേക്ക്


ആക്രമണത്തെത്തുടർന്ന് ഭയചകിതരായ നൂറുകണക്കിന് നാഗ ഗ്രാമീണർ കാടുകളിലും സുരക്ഷിത കേന്ദ്രങ്ങളിലും അഭയം തേടിയിരിക്കുകയാണ്. ചോറോയിലെ എല്ലാ വീടുകളും അക്രമികൾ പൂർണ്ണമായും അഗ്നിക്കിരയാക്കിയതായി പ്രാദേശികവാസികൾ അറിയിച്ചു. മണിപ്പൂരിലെ മെയിതേയ്-കുക്കി കലാപം ആരംഭിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും നാഗ വിഭാഗങ്ങൾ ഭൂരിഭാഗം സമയവും നിഷ്പക്ഷത പാലിക്കുകയായിരുന്നു. എന്നാൽ സമീപകാലത്ത് നാഗ-കുക്കി വിഭാഗങ്ങൾ തമ്മിൽ ഉടലെടുത്ത തർക്കങ്ങൾ സംസ്ഥാനത്തെ ക്രമസമാധാന നില കൂടുതൽ സങ്കീർണ്ണമാക്കുന്നു.


അസം റൈഫിൾസിന്റെ ക്യാമ്പ് ഏതാനും കിലോമീറ്റർ മാത്രം അകലെ ഉണ്ടായിരുന്നിട്ടും സൈന്യം ഇടപെട്ടില്ലെന്ന് പ്രാദേശിക എംഎൽഎ രാം മുയിവ (Ram Muivah) പറഞ്ഞു. സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ റിസർവ് ബറ്റാലിയൻ അംഗങ്ങളെ നിയോഗിക്കണമെന്ന് ഗ്രാമീണർ മുൻപേ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.


വൻ ആയുധ ശേഖരം


ഇതിനിടെ, മണിപ്പൂരിലെ സേനാപതി, ചുരാചന്ദ്പൂർ ജില്ലകളിൽ നിന്ന് വൻ ആയുധശേഖരവും വെടിക്കോപ്പുകളും സുരക്ഷാ സേന പിടിച്ചെടുത്തു. വ്യാഴാഴ്ച നടത്തിയ സംയുക്ത തിരച്ചിലിലാണ് ഇവ കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു.


അസം റൈഫിൾസ്, മണിപ്പൂർ പൊലീസ്, സി.ആർ.പി.എഫ് എന്നിവർ സംയുക്തമായി സേനാപതി ജില്ലയിൽ നടത്തിയ ഓപ്പറേഷനിൽ 15 ആയുധങ്ങളാണ് പിടിച്ചെടുത്തത്. ഇതിൽ ഒരു എ.കെ-47 റൈഫിൾ, ഒരു എം.പി-5 റൈഫിൾ, .303 റൈഫിൾ, തോക്കുകൾ, പ്രാദേശികമായി നിർമ്മിച്ച ബോൾട്ട് ആക്ഷൻ റൈഫിളുകൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ 70-ലധികം തിരകളും കണ്ടെടുത്തു.


ചുരാചന്ദ്പൂർ ജില്ലയിൽ ഹെങ്‌കാപ്കോട്ട് മേഖലയിൽ നടന്ന പരിശോധനയിൽ മൂന്ന് സിംഗിൾ ബാരൽ റൈഫിളുകൾ, ഒരു .303 റൈഫിൾ, ഒരു പമ്പി (പ്രാദേശിക തോക്ക്), നാല് റോക്കറ്റ് ഷെല്ലുകൾ എന്നിവയ്‌ക്കൊപ്പം 500 ഗ്രാമിന്റെയും 4 കിലോയുടെയും ഐ.ഇ.ഡി (IED) സ്ഫോടകവസ്തുക്കളും കണ്ടെത്തി.


പങ്കില്ലെന്ന് കുക്കി സംഘടനകൾ


കുക്കി ഇൻപി, കുക്കി സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ തുടങ്ങിയ സംഘടനകൾ ആക്രമണത്തെ ശക്തമായി അപലപിച്ചു. ആക്രമണത്തിൽ പങ്കുണ്ടെന്ന ആരോപണം കുക്കി നാഷണൽ ആർമി (ബർമ) - KNA (B) നിഷേധിച്ചു. ഇന്ത്യൻ മണ്ണിൽ നടക്കുന്ന ഒരു പ്രവർത്തനത്തിലും തങ്ങൾക്ക് പങ്കില്ലെന്നും, കൃത്യമായ തെളിവുകളില്ലാതെ തങ്ങളെ ഇതിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.


ആക്രമണത്തിൽ ഡ്രോണുകൾ ഉപയോഗിച്ചതായി ഗ്രാമീണർ ആരോപിക്കുന്നുണ്ടെങ്കിലും സുരക്ഷാ സേന ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home