ad
Deshabhimani

മണിപ്പൂരിൽ ഒളിയാക്രമണത്തിൽ മൂന്ന് ക്രൈസ്‌തവ സഭാ നേതാക്കൾ കൊല്ലപ്പെട്ടു

Manipur Attack

മണിപ്പൂരിൽ നടന്ന ആക്രമണം Photo:X

വെബ് ഡെസ്ക്

Published on May 13, 2026, 04:47 PM | 1 min read

മണിപ്പൂർ : മണിപ്പൂരിലെ കാങ്ങ്‌പോക്പി ജില്ലയിലുണ്ടായ ഒളിയാക്രമണത്തിൽ മൂന്ന് ക്രൈസ്തവ സഭാ നേതാക്കൾ കൊല്ലപ്പെട്ടു. ബുധനാഴ്ച അജ്ഞാത സംഘം നടത്തിയ വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേറ്റു. താദൗ ബാപ്റ്റിസ്റ്റ് അസോസിയേഷൻ (ടിബിഎ) നേതാക്കളായ വി സിത്‌ലൗ, വി കൈഗൗലുൻ, പാസ്റ്റർ പൗഗൗലെൻ എന്നിവരാണ് വെടിയേറ്റ് മരിച്ചത്. മുൻ മണിപ്പൂർ ബാപ്റ്റിസ്റ്റ് കൺവെൻഷൻ ജനറൽ സെക്രട്ടറിയായിരുന്നു കൊല്ലപ്പെട്ട വി സിത്‌ലൗ.


ചുരാചന്ദ്പൂർ ജില്ലയിലെ ലംകയിൽ നടന്ന ടിബിഎ കോൺഫറൻസിൽ പങ്കെടുത്ത ശേഷം രണ്ട് വാഹനങ്ങളിലായി കങ്ങ്‌പോക്പിയിലേക്ക് മടങ്ങുകയായിരുന്നു സംഘം. യാത്രാമധ്യേ പതിയിരുന്ന സായുധ സംഘം വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. എസ്എം ഹൗപു, ഹെകായ് സിംതെ, പൗതാങ്, ഡ്രൈവർമാരായ ലെലൻ, ഗൗമാങ് എന്നിവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.


സംഭവത്തെ തുടർന്ന് മണിപ്പൂരിലെ ദേശീയപാത2ൽ പ്രതിഷേധക്കാർ ഉപരോധിച്ചു. ഇതോടെ നാഗാലാൻഡുമായുള്ള സംസ്ഥാനത്തിന്റെ ഗതാഗത ബന്ധം പൂർണ്ണമായും നിലച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ച് കുക്കി സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ (കെഎസ്ഒ) ചുരാചന്ദ്പൂർ ജില്ലയിൽ ബുധനാഴ്ച ഉച്ചയ്ക്ക് 12:30 മുതൽ അനിശ്ചിതകാല ഹർത്താൽ പ്രഖ്യാപിച്ചു.


സായുധ സംഘങ്ങളെ നിയന്ത്രിക്കുന്നതിൽ സുരക്ഷാ ഏജൻസികൾ പരാജയപ്പെട്ടതായി കെഎസ്ഒ ആരോപിച്ചു. എന്നാൽ മെഡിക്കൽ എമർജൻസികൾ, മാധ്യമങ്ങൾ, വൈദ്യുതി വിഭാഗം, മതപരമായ ചടങ്ങുകൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആക്രമണത്തിൽ കേന്ദ്ര സർക്കാർ സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാരെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home