നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹങ്ങളും കെട്ടിടങ്ങളും തകർത്തു , മോദിക്കും ആദിത്യനാഥിനും എതിരെ പ്രതിഷേധം
print edition വാരാണസിയിൽ ക്ഷേത്രങ്ങൾ തകർത്ത് ബിജെപി സർക്കാർ ; മണികർണികാ ഘാട്ടിൽ വ്യാപക ഇടിച്ചുനിരത്തൽ

ന്യൂഡൽഹി
ഉത്തർപ്രദേശിൽ വാരാണസിയിലെ മണികർണിക ഘാട്ടിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങളും വിഗ്രഹങ്ങളും കെട്ടിടങ്ങളും പടവുകളും ബുൾഡോസറുകൾ കൊണ്ട് ഇടിച്ചുനിരത്തിയ ബിജെപി സർക്കാരിന് എതിരെ വ്യാപക പ്രതിഷേധം. ഗംഗാതീരത്തെ ഏറ്റവും പഴക്കമേറിയതും പ്രധാനപ്പെട്ടതുമായ മൃതദേഹ സംസ്‌കാര സ്ഥലങ്ങളിൽ ഒന്നായ മണികർണിക ഘാട്ടിൽ നവീകരണത്തിന്റെ പേരിലാണ് ഇടിച്ചുനിരത്തൽ.
18–ാം നൂറ്റാണ്ടിൽ കാശിവിശ്വനാഥ ക്ഷേത്രത്തിന്റെയും മണികർണിക ഘാട്ടിന്റെയും നവീകരണപ്രവർത്തനങ്ങൾ നടത്തിയെന്ന് കരുതപ്പെടുന്ന മറാത്താ റാണിയായിരുന്ന അഹില്യാഭായ് ഹോൾക്കറുടെ വിഗ്രഹം ഉൾപ്പടെ തകർത്തു. പുരാതനമായ മുക്തേശ്വർ മഹാദേവ ക്ഷേത്രം, ലക്ഷ്‌മിനാരായണ ക്ഷേത്രം തുടങ്ങിയവ തകർത്തതായും അക്ഷയവത വൃക്ഷം നശിപ്പിച്ചതായും പ്രതിപക്ഷകക്ഷികൾ ചൂണ്ടിക്കാട്ടി. നിരവധി വിഗ്രഹങ്ങൾ കാണാതായതായും പരാതിയുണ്ട്.
തകർന്ന വിഗ്രഹങ്ങളുടെയും കെട്ടിടങ്ങളുടെയും മറ്റും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി. ബിജെപി, ആർഎസ്‌എസ് അനുഭാവികൾ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യുപി മുഖ്യമന്ത്രി ആദിത്യനാഥിനും എതിരെ രംഗത്തെത്തി. ‘വികസനത്തിന്റെ പേരിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള പൈതൃകം ഇടിച്ചുപൊളിക്കുക’യാണെന്ന് ഇവർ കുറ്റപ്പെടുത്തി. അതേസമയം, ‘പുറത്ത് നിന്നുള്ളവരാണ് പ്രശ്‌നങ്ങൾ ഉണ്ടാക്കിയതെന്ന’ – ബിജെപിയുടെ പതിവ് പല്ലവിയാണ് മുഖ്യമന്ത്രി ആദിത്യനാഥ് പാടുന്നത്. ‘വ്യാജ ദൃശ്യങ്ങൾ’ പ്രചരിപ്പിച്ചെന്ന പേരിൽ എംപിമാരായ സഞ്‌ജയ്‌സിങ്, പപ്പുയാദവ് തുടങ്ങി എട്ട് പേർക്കെതിരെ കേസെടുത്തു.
അഹില്യാഭായ് ഹോൾക്കറുടെ വിഗ്രഹം തകർത്തതിൽ പ്രതിഷേധിച്ച് തിങ്കളാഴ്‌ച്ച നിരവധിപേർ മണികർണികയിൽ പ്രതിഷേധിച്ചു. പൊലീസ് 16 പേരെ കസ്‌റ്റഡിയിലെടുത്തു. വാരാണസിയുടെ സഹസ്രാബ്‌ദങ്ങൾ പഴക്കമുള്ള പ്രകൃതിയും ഘടനയും വാസ്‌തുശിൽപ്പശൈലിയും മാറ്റിമറിച്ചുള്ള നവീകരണപ്രവർത്തനങ്ങളിൽ ചരിത്രകാരൻമാരും ആശങ്ക രേഖപ്പെടുത്തി.










0 comments