മരിച്ചെന്ന് കരുതി അടക്കം ചെയ്തു; ഒരാഴ്ചയ്ക്ക് ശേഷം 'മരിച്ചയാൾ' വീട്ടിൽ തിരിച്ചെത്തി

സൂരജ്പൂർ: മരിച്ചെന്ന് കരുതി അടക്കം ചെയ്തയാള്‍ തിരിച്ചുവന്നതിന്‍റെ സന്തോഷത്തിലാണ് ഛത്തീസ്ഗഢിലെ സൂരജ്പൂർ ജില്ലയിലെ ഒരു ഗ്രാമം. സൂരജ്പൂർ ജില്ലയിലെ ചന്ദർപൂർ ഗ്രാമത്തിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.
നവംബർ ഒന്നിനാണ് സംഭവങ്ങളുടെ തുടക്കം. സൂരജ്പൂർ ജില്ലയിലെ മാൻപൂർ പ്രദേശത്തെ ഒരു കിണറ്റിൽ നിന്ന് ഒരു മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് വിവരങ്ങൾ പ്രചരിപ്പിച്ചു. രണ്ടു ദിവസമായി കാണാതായ പുരുഷോത്തമിൻ്റെ (25) കുടുംബം മൃതദേഹം തിരിച്ചറിയാനായി പൊലീസിനെ സമീപിച്ചു.
"മൃതദേഹം കണ്ടപ്പോൾ മരിച്ചത് പുരുഷോത്തം ആണെന്ന് അവർ 'തിരിച്ചറിഞ്ഞു'," അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് സന്തോഷ് മഹതോ പറഞ്ഞു. തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് മൃതദേഹം കുടുംബത്തിന് കൈമാറി. അന്ത്യകർമ്മങ്ങൾ ചെയ്ത ശേഷം കുടുംബം പ്രാദേശിക ശ്മശാനത്തിൽ മൃതദേഹം അടക്കം ചെയ്യുകയും ചെയ്തു.
പുരുഷോത്തമിൻ്റെ "മരണം" അറിഞ്ഞ് ദുഃഖത്തിൽ പങ്കുചേരാൻ വന്ന ബന്ധുക്കളാണ് പുരുഷോത്തമിനെ ഏകദേശം 45 കിലോമീറ്റർ അകലെയുള്ള അംബികാപൂരിൽ കണ്ടതായി കുടുംബത്തെ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നവംബർ 4-ന് ഒരു ബന്ധുവീട്ടിൽ നിന്ന് പുരുഷോത്തമിനെ കണ്ടെത്തിയത്.
"ഞാൻ സർഗുജ ജില്ലയിലെ അംബികാപൂരിൽ പോയതായിരുന്നു. ഞാൻ മരിച്ചുവെന്ന് കരുതി ഒരു മൃതദേഹത്തിൻ്റെ അന്ത്യകർമ്മങ്ങൾ കുടുംബം നടത്തിയെന്ന് പിന്നീട് ബന്ധുക്കളിൽ നിന്നാണ് അറിഞ്ഞത്," പുരുഷോത്തം പറഞ്ഞു.
മകൻ ജീവനോടെ തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് പുരുഷോത്തമിൻ്റെ അമ്മ മാൻകുൻവർ. "എനിക്ക് മൃതദേഹത്തിൻ്റെ ഒരു ഫോട്ടോ കാണിച്ചുതന്നു, ഗ്രാമത്തിലുള്ളവരെല്ലാം അത് എൻ്റെ മകനാണെന്നും പറഞ്ഞു. എൻ്റെ മകൻ ജീവനോടെയുണ്ടെന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എനിക്കിതിൽ കൂടുതലൊന്നും പറയാനില്ല," അവർ പ്രതികരിച്ചു.
പുരുഷോത്തമിൻ്റെ കുടുംബം അടക്കം ചെയ്ത മൃതദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരിച്ചയാൾ വെള്ളത്തിൽ മുങ്ങിയാണ് മരിച്ചതെന്ന് പറയുന്നു. മൃതദേഹത്തിൻ്റെ ഡിഎൻഎ സാമ്പിളുകൾ, വിരലടയാളങ്ങൾ, വസ്ത്രങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ സംരക്ഷിച്ചിട്ടുണ്ടെന്നും, കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.









0 comments