കർണാടകയിൽ പട്ടാപ്പകൽ അരുംകൊല; ബസ് കാത്തുനിന്ന യുവതിയെ ഓടിച്ചിട്ട് വെട്ടിക്കൊലപ്പെടുത്തി

വെട്ടിപ്പരിക്കേല്‍പ്പിക്കുന്നതിന്‍റെ സിസിടിവി ദൃശ്യം, ലാവണ്യ (Photo: NDTV)
ബംഗളൂരു: പട്ടാപ്പകൽ യുവതിയെ ഓടിച്ചിട്ട് വെട്ടിക്കൊലപ്പെടുത്തി. കർണാടകയിലെ ബണ്ട്വാളിലാണ് പട്ടാപ്പകൽ അരുംകൊല നടന്നത്. ബിസി റോഡിലെ കെഎസ്ആർടിസി പുതിയ ബസ് സ്റ്റാൻഡിലാണ് സംഭവം. ബണ്ട്വാൾ ഉലിഗ്രാം സ്വദേശിനിയും കല്ലഡ്കയിലെ സ്വകാര്യ നഴ്സിങ് ഹോം ജീവനക്കാരിയുമായ ലാവണ്യ (21) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതി ബെൽത്തങ്ങാടി ഒഡിൽനാല സ്വദേശി ചേതനായി തിരച്ചിൽ ഊർജിതമാക്കി.
വ്യാഴാഴ്ച വൈകുന്നേരത്തോടെ ലാവണ്യ ബസ് കാത്തുനിൽക്കുമ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണമുണ്ടായത്. പ്രതി ബാഗിൽ നിന്ന് കൊടുവാൾ പുറത്തെടുത്തതോടെ ലാവണ്യ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമം നടത്തി. എന്നാൽ പ്രതി ലാവണ്യയെ പിന്തുടർന്ന് വെട്ടിവീഴ്ത്തുകയായിരുന്നു. ആക്രമണത്തിനു ശേഷം ആയുധം സംഭവസ്ഥലത്ത് ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ലാവണ്യയെ ഉടൻ, ബണ്ട്വാൾ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ബണ്ട്വാൾ സബ് ഡിവിഷനിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ബണ്ട്വാൾ ടൗൺ പൊലീസ് ഇൻസ്പെക്ടറും സംഘവും സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. കൊലപാതകത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ലെന്നും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു.










0 comments