ജാപ്പനീസ് താരം പിന്മാറി; പിവി സിന്ധു ജപ്പാൻ ഓപ്പൺ സെമിയിൽ പ്രവേശിച്ചു

പിവി സിന്ധു |Photo: © Badminton Photo
ടോക്കിയോ : ഇന്ത്യൻ ബാഡ്മിന്റൺ താരം പിവി സിന്ധു ജപ്പാൻ ഓപ്പൺ സൂപ്പർ 750 ടൂർണമെന്റിന്റെ സെമിഫൈനലിൽ പ്രവേശിച്ചു. ടോക്കിയോയിൽ വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നിന്ന് ജപ്പാന്റെ സൂപ്പർ താരം നൊസോമി ഒകുഹാര പരിക്കേറ്റ് പിന്മാറിയതിനെ തുടർന്നാണ് സിന്ധുവിന് സെമി ഫൈനൽ ഉറപ്പാക്കിയത്. ഈ സീസണിൽ സിന്ധുവിന്റെ മൂന്നാമത്തെ സെമിഫൈനൽ പ്രവേശനമാണിത്. മലേഷ്യൻ സൂപ്പർ 1000, ഓസ്‌ട്രേലിയ സൂപ്പർ 500 ടൂർണമെന്റുകളിലാണ് ഇതിന് മുൻപ് താരം സെമിയിലെത്തിയത്. കൂടാതെ, 2023 ലെ ഡെന്മാർക്ക് ഓപ്പണിന് ശേഷം സിന്ധു യോഗ്യത നേടുന്ന ആദ്യ സൂപ്പർ 750 സെമിഫൈനൽ കൂടിയാണിത്.
ഈ സീസണിലെ തന്റെ ആദ്യ കിരീടം ലക്ഷ്യമിടുന്ന 31കാരിയായ സിന്ധു സെമിയിൽ ടോക്കിയോ ഒളിമ്പിക്സ് ചാമ്പ്യനും ലോക നാലാം നമ്പറുമായ ചൈനീസ് താരം ചെൻ യുഫെയ്‌യെ നേരിടും. ഇരുവരും നേർക്കുനേർ വന്നപ്പോൾ എട്ട് തവണ ചെൻ യുഫെയ് വിജയിച്ചപ്പോൾ ആറ് തവണയാണ് സിന്ധുവിന് ജയിക്കാനായത്. അവസാനം കളിച്ച അഞ്ച് മത്സരങ്ങളിലും ചെൻ യുഫെയ്ക്ക് മുന്നിൽ സിന്ധുവിന് പരാജയം സമ്മതിക്കേണ്ടി വന്നിരുന്നു. ഈ തോൽവികൾക്ക് മറുപടി നൽകാനും ഏതാണ്ട് മൂന്ന് വർഷത്തിന് ശേഷം ഒരു സൂപ്പർ 750 ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിക്കാനുമുള്ള സുവർണ്ണാവസരമാണ് സിന്ധുവിന് മുന്നിലുള്ളത്.
നേരത്തെ നടന്ന മത്സരത്തിൽ ചൈനയുടെ ലോക അഞ്ചാം നമ്പർ താരം ഹാൻ യുവിനെ 21-16, 21-14 എന്ന സ്കോറിന് വെറും 35 മിനിറ്റിൽ തകർത്താണ് രണ്ട് തവണ ഒളിമ്പിക് മെഡൽ നേടിയിട്ടുള്ള സിന്ധു ക്വാർട്ടർ ഫൈനലിൽ എത്തിയത്. നിലവിൽ ടൂർണമെന്റിൽ അവശേഷിക്കുന്ന ഏക ഇന്ത്യൻ താരം സിന്ധു മാത്രമാണ്.
മറ്റ് ഇന്ത്യൻ താരങ്ങളെല്ലാം നേരത്തെ തന്നെ ടൂർണമെന്റിൽ നിന്ന് പുറത്തായിരുന്നു. മിക്സഡ് ഡബിൾസ് പ്രീ-ക്വാർട്ടറിൽ ഇന്ത്യയുടെ ധ്രുവ് കപില-തനിഷ ക്രാസ്റ്റോ സഖ്യം ചൈനീസ് ജോഡിയോടും, വനിതാ സിംഗിൾസിൽ ഉന്നതി ഹൂഡ ചൈനീസ് തായ്‌പേയ് താരത്തോടും തോറ്റ് പുറത്തായി. പുരുഷ ഡബിൾസിൽ സൂപ്പർ സഖ്യമായ സാത്വിക്സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും എംആർ അർജുൻ-ഹരിഹരൻ ജോഡിയും ആദ്യ റൗണ്ടിൽ തന്നെ പരാജയപ്പെട്ടിരുന്നു.










0 comments