ക്രിപ്റ്റോ കറൻസി നിക്ഷേപ തട്ടിപ്പ്: താനെ സ്വദേശിക്ക് 64 ലക്ഷം നഷ്ടം

താനെ: വ്യാജ പ്ലാറ്റ്‌ഫോം വഴി നടത്തിയ ക്രിപ്‌റ്റോകറൻസി നിക്ഷേപ തട്ടിപ്പിൽ താനെ സ്വദേശിയായ 44കാരന് ഏകദേശം 64 ലക്ഷം നഷ്ടമായി. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നയാളാണ് തട്ടിപ്പിനിരയായതെന്ന് താനെ പൊലീസ് പറഞ്ഞു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിലാണ് തട്ടിപ്പ് നടന്നത്. ആകെ 63.90 ലക്ഷം രൂപയുടെ ഇടപാടാണ് നടത്തിയത്. ക്രിപ്‌റ്റോകറൻസി പ്ലാറ്റ്‌ഫോമിൽ നിന്നാണെന്ന് പരിചയപ്പെടുത്തി ഒരു സ്ത്രീയാണ് തന്നെ സമീപിച്ചതെന്ന് യുവാവ് പറഞ്ഞു.
ഉയർന്ന റിട്ടേണുകൾ വാഗ്ദാനം ചെയ്താണ് വ്യാജ പ്ലാറ്റ്‌ഫോമിന്റെ കസ്റ്റമർ കെയർ പ്രതിനിധികൾ സമീപിച്ചത്. അവർ നൽകിയ ബാങ്ക് അക്കൗണ്ടുകളിലേക്ക് 13 ഓൺലൈൻ ഇടപാടുകൾ നടത്തുകയും ചെയ്തു. പണം നൽകിയിട്ടും റിട്ടേൺ ലഭിക്കാതായതോടെയാണ് യുവാവ് തട്ടിപ്പ് മനസിലാക്കിയത്. തുടർന്ന് പരാതി നൽകുകയായിരുന്നു.
ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 319 (ii) (ആൾമാറാട്ടം) 318 (വഞ്ചന) എന്നിവ പ്രകാരം ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ പ്രസക്തമായ വ്യവസ്ഥകൾക്കൊപ്പം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.










0 comments