Deshabhimani

സ്വർണമിടപാടിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു; ഒരാൾക്ക് ദാരുണാന്ത്യം

Crime Scene
വെബ് ഡെസ്ക്

Published on Nov 09, 2026, 03:35 PM | 1 min read

അമൃതസർ: സ്വർണമിടപാടിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിക്കുകയും ഒരാൾകൊല്ലപ്പെടുകയും ചെയ്തു. പഞ്ചാബ് അമൃത്സറിലെ സുൽത്താൻവിൻഡ് റോഡിലെ 'രഞ്ചേ ദി ഹവേലി'ക്ക് സമീപമാണ് സംഭവം നടന്നത്. ദീപാവലി രാത്രിയിൽ സ്വർണമിടപാടിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിക്കുകയായിരുന്നു. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർക്ക് (ASI) വെടിയേൽക്കുകയും ചെയ്തു.


അമൃതസർ ബി-ഡിവിഷൻ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഹർനേക്ക് സിങ്ങിനാണ് വെടിയേറ്റത്. രണ്ട് തവണ തുടയിൽ വെടിയേറ്റ അദ്ദേഹത്തെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതാപ് സിങ് എന്നയാളാണ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചത്.


രണ്ട് സഹോദരന്മാരും അവരുടെ സുഹൃത്തുക്കളും തമ്മിലാണ് തർക്കമുണ്ടായതെന്ന് എസിപി രവീന്ദർ സന്ധു പറഞ്ഞു. കൊല്ലപ്പെട്ട പ്രതാപ് സിങ് തൻ്റെ സുഹൃത്തുക്കൾക്ക് 1,400 ഗ്രാം സ്വർണം നൽകിയിരുന്നു. ഇതാണ് തർക്കത്തിന് കാരണമായത്. സമാധാന ചർച്ചകൾ നടന്നുവെങ്കിലും പ്രശ്നം പരിഹരിക്കാൻ സാധിച്ചിരുന്നില്ല.


ഇതിനെത്തുടർന്ന് ഒരു വിഭാഗം പൊലീസിൽ പരാതി നൽകി. പരാതി അന്വേഷിക്കാൻ പൊലീസെത്തിയപ്പോഴാണ് പ്രതികൾ വെടിയുതിർത്തത്. പ്രതികളിൽ ഒരാളെ പോലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ മറ്റ് കൂട്ടാളികൾ പുറകിൽ നിന്നെത്തി വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ബി-ഡിവിഷൻ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home