ഇന്ത്യ- നേപ്പാൾ അതിർത്തിയിൽ ലഹരിവേട്ട; ഒരു കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി ഒരാൾ പിടിയിൽ

പ്രതീകാത്മകചിത്രം
മഹാരാജ്ഗഞ്ച് : ഇന്ത്യ- നേപ്പാൾ അതിർത്തിക്ക് സമീപം മഹാരാജ്ഗഞ്ച് ജില്ലയിൽ ലഹരിവേട്ട. ഒരു കോടി രൂപ വിലമതിക്കുന്ന 2.30 കിലോഗ്രാമിലധികം ഹൈഡ്രോപോണിക് വീഡുമായി ഒരാളെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, സശസ്ത്ര സീമ ബൽ (എസ്എസ്ബി) ഉദ്യോഗസ്ഥരുടെ സംഘം ചൊവ്വാഴ്ച വൈകുന്നേരം സോണൗലി അതിർത്തി പ്രദേശത്ത് നിന്ന് തമിഴ്‌നാട്ടിലെ രാമനാഥപുരം സ്വദേശിയായ മുഹമ്മദ് ഇദ്രിഷിനെ (34) അറസ്റ്റ് ചെയ്യുകയും ഇയാളുടെ കൈവശം നിന്ന് കള്ളക്കടത്ത് വസ്തുക്കൾ കണ്ടെടുക്കുകയും ചെയ്തതായി എസ്എസ്ബി അസിസ്റ്റന്റ് കമാൻഡന്റ് പ്രിയ യാദവ് പറഞ്ഞു.
കാൽനടയായി അതിർത്തി കടക്കുന്നതിനിടെയാണ് ഇയാളെ പരിശോധിച്ചതെന്നും ബാഗിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പ്രാഥമിക ചോദ്യം ചെയ്യലിനുശേഷം പ്രതിയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് കൈമാറിയതായും നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായും ഉദ്യോഗസ്ഥർ പറഞ്ഞു.അതിർത്തി കടന്നുള്ള മയക്കുമരുന്ന് ശൃംഖലയിലെ മറ്റ് കണ്ണികളെ കണ്ടെത്താൻ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സോണൗളി അതിർത്തിയിൽ നിന്ന് സമീപ മാസങ്ങളിൽ നിരവധി തവണ മയക്കുമരുന്ന് പിടികൂടിയിട്ടുണ്ട്. സുരക്ഷാ ഏജൻസികൾ ഇവിടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.









0 comments