ad
Deshabhimani

ഒന്നരക്കോടിരൂപയുടെ വായ്പാ തട്ടിപ്പിൽ ഒരാൾ പിടിയിൽ; 50 പേരുടെ വിവരങ്ങൾ ദുരുപയോഗം ചെയ്തെന്ന് പൊലീസ്

cyber fraud crime
വെബ് ഡെസ്ക്

Published on Jul 11, 2026, 03:55 PM | 1 min read

ന്യൂഡൽഹി : 50ഓളം പേരുടെ ആധാർ, പാൻ വിവരങ്ങൾ ദുരുപയോഗം ചെയ്ത് 1.6 കോടി രൂപയുടെ വായ്പ തട്ടിയെടുത്ത സൈബർ തട്ടിപ്പ് സംഘത്തിൽ അംഗമായ ഒരാളെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. പഞ്ചാബ് സ്വദേശിയായ അജയ് കുമാർ (24) ആണ് അറസ്റ്റിലായത്. കുറ്റകൃത്യത്തിന് ഉപയോഗിച്ചതായി കരുതുന്ന മൊബൈൽ ഫോൺ ഇയാളിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.


ജൂൺ 25 ന് ഡൽഹി നിവാസിയായ ഒരാൾ പരാതി നൽകിയതിനെ തുടർന്നാണ് കേസ് പുറത്തുവന്നത്. 4.5 ലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്ക് ഇഎംഐ ആവശ്യപ്പെട്ട് ലോൺ റിക്കവറി ഏജന്റിൽ നിന്ന് കോളുകൾ ലഭിക്കാൻ തുടങ്ങിയതോടെയാണ് തട്ടിപ്പ് പുറത്താകുന്നത്. താൻ എടുത്തിട്ടില്ലാത്ത ലോണിന് ഇഎംഐ അടയ്ക്കാൻ ആവശ്യപ്പെട്ട് കോൾ വന്നതോടെ ഇയാൾ പൊലീസിനെ സമീപിച്ചു. തന്റെ പാൻ വിവരങ്ങൾ ഉപയോഗിച്ച് ഒരു കമ്പനിയിൽ നിന്ന് തന്റെ പേരിൽ തട്ടിപ്പ് നടത്തി വായ്പ എടുത്തതായി പരാതിക്കാരൻ പിന്നീട് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പർ പരാതിക്കാരന്റെ അറിവില്ലാതെ മാറ്റിയതായും പൊലീസ് പറഞ്ഞു.


അന്വേഷണത്തിൽ അജയ് കുമാറിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് വായ്പ തുക കണ്ടെത്തിയത. വിവിധ ഇടപാടുകളിൽ നിന്ന് കമീഷൻ ലഭിക്കാനായി അക്കൗണ്ട് വിവരങ്ങൾ കൈമാറുന്ന ആളുകളുടെ ബാങ്ക് അക്കൗണ്ട് ഉപോ​ഗിച്ച് വായ്പ തുകകൾ തട്ടിയെടുക്കുന്ന ശൃംഖലയുടെ ഭാഗമാണ് അജയ് കുമാറെന്ന് കണ്ടെത്തി. സ്വകാര്യ ധനകാര്യ കമ്പനികളിൽ നിന്ന് വായ്പ ലഭിക്കുന്നതിന് മുമ്പ് ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറുകൾ ഇവർ മാറ്റിയെന്നും ആരോപണമുണ്ട്.


സ്വകാര്യ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളിൽ നിന്ന് 1.6 കോടി രൂപയുടെ വായ്പ ലഭിക്കുന്നതിന് ഏകദേശം 50 പേരുടെ രേഖകൾ ദുരുപയോഗം ചെയ്തതായി കണ്ടെത്തി. റാക്കറ്റിലെ മറ്റ് അംഗങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home