വ്യത്യസ്ത മതവിഭാഗത്തിലെ യുവതിക്കൊപ്പം ഹോട്ടലിലെത്തി, യുവാവിനെ ചാണകം മെഴുകി നഗ്നനായി നടത്തിച്ചു

ഭോപ്പാൽ: വ്യത്യസ്ത മതവിഭാഗത്തിലെ യുവതിക്കൊപ്പം ഹോട്ടൽ മുറിയിൽ എത്തിയ യുവാവിനെതിരെ ആൾക്കൂട്ട ആക്രമണം. മധ്യപ്രദേശിലെ ഭോപ്പാലിൽ ഗോവിന്ദ്പുര പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ജഹാംഗിറാബാദിൽ നിന്നുള്ള 27 കാരനാണ് ആക്രമണത്തിന് ഇരയായത്.
തീവ്ര ഹിന്ദുത്വ മതവാദ സംഘടനയിൽപ്പെട്ടവരാണ് ആക്രമണത്തിന് പിന്നിൽ. മർദ്ദനത്തിന് ശേഷം യുവാവിന്റെ മുഖത്ത് ചാണകം മെഴുകുകയും അർദ്ധനഗ്നനാക്കി തെരുവിലൂടെ നടത്തുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ മാത്രമാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
യുവാവും യുവതിയും ഹോട്ടൽ മുറിയിലുണ്ടെന്ന വിവരമറിഞ്ഞ് എത്തിയ സംഘം മുറിയിലേക്ക് ഇരച്ചുകയറുകയും യുവാവിനെ മർദ്ദിക്കുകയുമായിരുന്നു. തുടർന്ന് യുവാവിനെ വലിച്ചിഴച്ച് പുറത്തിറക്കി മുഖത്ത് ചാണകം വാരിത്തേച്ചു. വസ്ത്രങ്ങൾ അഴിച്ചു മാറ്റി. ഇതിനുശേഷം തെരുവിലൂടെ ഇയാളെ നടത്തിച്ച് പരസ്യമായി അപമാനിച്ചു.
തങ്ങൾ സ്വന്തം ഇഷ്ട പ്രകാരമാണ് എത്തിയത് എന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. പക്ഷേ, അക്രമികൾ ഇത് അംഗീകരിച്ചില്ല. ഇരുവരും അഞ്ച് വർഷമായി പ്രണയത്തിലാണെന്ന് ഇവര്‍ പോലീസിൽ മൊഴി നൽകി. സ്വന്തം നാട്ടിൽ പരസ്പരം കാണാൻ പറ്റാത്ത സാഹചര്യമാണെന്നും പറഞ്ഞു.
മധ്യപ്രദേശിൽ മതംമാറ്റ നിരോധന നിയമപ്രകാരം (Madhya Pradesh Freedom of Religion Act) 2020 ജനുവരി മുതൽ 2025 ജൂലൈ വരെ 283 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇവയിൽ ആകെ 7 കേസുകളിൽ മാത്രമാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ടത്.











0 comments