ഡൽഹിയിൽ ട്രെയിൻ കയറുന്നതിനിടെ തർക്കം; യാത്രക്കാരനെ സഹയാത്രികർ മർദിച്ചു കൊന്നു

ന്യൂഡൽഹി: ഡൽഹി ഷഹ്ദര റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കയറുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ യാത്രക്കാരനെ സഹയാത്രികർ മർദിച്ചു കൊന്നു. ഉത്തർപ്രദേശിലെ ബാഗ്പത് സ്വദേശിയായ പങ്കജ് ധാമയാണ് കൊല്ലപ്പെട്ടത്. ഷഹ്ദര റെയിൽവേ സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ 'യോഗ എക്സ്പ്രസ്' ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം.
പങ്കജിനെ ഒരുസംഘം ആളുകൾ വളഞ്ഞിട്ട് ചവിട്ടുകയും മർദിക്കുകയും ചെയ്യുകയായിരുന്നു. പ്ലാറ്റ്‌ഫോമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആർപിഎഫ് കോൺസ്റ്റബിൾ അക്രമികളെ തള്ളിമാറ്റി പങ്കജിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മർദനമേറ്റ അദ്ദേഹം പ്ലാറ്റ്‌ഫോമിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന യാത്രക്കാർ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. 52 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പങ്കജ് പ്ലാറ്റ്‌ഫോമിൽ കുഴഞ്ഞുവീണതോടെ അക്രമികൾ തങ്ങളുടെ ലഗേജുകളുമെടുത്ത് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 105 പ്രകാരം മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് ഡൽഹി റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്.











0 comments