print edition രാഷ്‌ട്രപതിയെ രൂക്ഷമായി വിമർശിച്ച് മമത

കൊൽക്കത്ത : രാഷ്‌ട്രപതിയുടെ പശ്ചിമബംഗാൾ സന്ദർശനത്തിലുണ്ടായ പ്രോട്ടോക്കോൾ വീഴ്‌ചയിൽ തന്നെ വിമർശിച്ച രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി മമതാ ബാനർജി. ‘‘രാഷ്‌ട്രപതിയോട് ബഹുമാനമുണ്ട് എന്നാൽ, തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ബിജെപിയുടെ ഉപദേശം സ്വീകരിച്ച് ദ്രൗപദി മുർമു രാഷ്‌ട്രീയം കളിക്കരുത്. രാജ്യത്തെ ഏറ്റവും ഉയർന്ന പദവിയെ അനാദരിച്ച് സ്വന്തം പാർടി അജൻഡയ്‌ക്കായി ഉപയോഗിക്കുകയാണ് മുർമു’’– മമത പറഞ്ഞു.
രാഷ്‌ട്രപതിയുടെ സന്ദർശനത്തിൽ പ്രോട്ടോക്കോൾ ലംഘനം ഉണ്ടായിട്ടില്ലെന്നും, രാഷ്‌ട്രപതി ഭവൻ തന്ന സ്വീകരിക്കാനുള്ളവരുടെ പട്ടികയിൽ മുഖ്യമന്ത്രിയുടെ പേരില്ലെന്നും മമത അവകാശപ്പെട്ടു. അന്താരാഷ്‌ട്ര സന്താൾ കൗൺസിലിനെതിരെയും മമത പരാമർശം നടത്തി. ആരാണ് പരിപാടി സംഘടിപ്പിച്ചത്, ആരാണ് പരിപാടിയിൽ പങ്കെടുത്തത്, ആരാണ് പരിപാടിക്ക് ധനസഹായം നൽകിയത് എന്നൊന്നും തനിക്കറിയില്ല എന്നായിരുന്ന പ്രതികരണം.
ശനിയാഴ്‌ച സിലിഗുരിയിൽ ഗോത്രവിഭാഗങ്ങളുടെ സംഗമമായ അന്തരാഷ്‌ട്ര സന്താൾ കൗൺസിലിൽ പങ്കെടുക്കാനെത്തിയ രാഷ്‌ട്രപതിയെ സ്വീകരിക്കാൻ മുഖ്യമന്ത്രിയോ മന്ത്രിമാരോ വിമാനത്താവളത്തിലെത്താത്തതും പരിപാടിയുടെ വേദി മാറ്റിയതും സംബന്ധിച്ച വിമർശം രാഷ്‌ട്രപതി ഉന്നയിച്ചിരുന്നു.










0 comments