ചിക്കമംഗളുരുവിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

മൈസൂരു: ചിക്കമംഗളുരുവിൽ കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. മാണിക്യധാര വ്യൂ പോയിന്റിന് താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇപ്പോൾ ശരീരം പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. താഴ്ചയിലേക്ക് വീണതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം.
പാലക്കാട് കടമ്പഴിപ്പുറം സ്വദേശികളായ രമേശ്-രോഹിണി ദമ്പതിമാരുടെ മകൾ ശ്രീനന്ദയെ (15) കുടുംബത്തോടൊപ്പമുള്ള വിനോദസഞ്ചാരത്തിനിടയിലാണ് കാണാതായത്. ചൊവ്വാഴ്ചയാണ് കുട്ടിയെ കാണാതായത്. തിരച്ചിൽ വേഗത്തിൽ തന്നെ നടന്നുവരികയായിരുന്നു.
കുന്നിന്റെ 300 അടി താഴ്ചയിൽ വരെ തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാം എന്നാണ് മാതാപിതാക്കൾ പറഞ്ഞത്. കുട്ടിയെ കാണാതായി 10 മിനുട്ടിനുള്ളിൽ തന്നെ പരാതി നൽകിയിരുന്നു.
യാത്രാസംഘത്തോടൊപ്പം ഉണ്ടായിരുന്ന ശ്രീനന്ദയെ വെറും നാല് മിനിറ്റിനുള്ളിലാണ് കാണാതാകുന്നത്. ഏകദേശം 1500 ഓളം അടി താഴ്ചയിൽ നിന്നാണ് മൃതദേഹം കിട്ടിയത്.










0 comments