ചോര്‍ന്നത് ഒറിജിനൽ ചോദ്യപേപ്പര്‍ തന്നെ, മഹാരാഷ്ട്ര ടെറ്റ് പരീക്ഷാ ചേര്‍ച്ചയ്ക്ക് പിന്നിൽ അന്തർസംസ്ഥാന റാക്കറ്റ്

മുംബൈ: മഹാരാഷ്ട്ര ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ അന്തർസംസ്ഥാന റാക്കറ്റ് പ്രവർത്തിക്കുന്നതായി പ്രത്യേക അന്വേഷണ സംഘം. കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളിൽ രണ്ട് പേർ ബിഹാർ സ്വദേശികളും, ധീരജ് കുമാർ എന്ന മൂന്നാമൻ ഹരിയാന സ്വദേശിയുമാണ്.
ജൂൺ 28-ന് നടക്കേണ്ടിയിരുന്ന പരീക്ഷയുടെ 4 ഒറിജിനൽ ചോദ്യപേപ്പറുകൾ പോലീസ് പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. പിടിച്ചെടുത്ത പേപ്പറുകൾ ഒറിജിനൽ തന്നെയെന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ ഓഫ് എക്സാമിനേഷൻസ് ഉദ്യോഗസ്ഥർ ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഈ ചോദ്യപേപ്പറുകൾ എങ്ങനെ പുറത്തെത്തി. ഇവര്‍ക്ക് സഹായകമായ സംസ്ഥാന സംവിധാനത്തിലെ ബന്ധങ്ങൾ എന്താണ് എന്നിവ സംബന്ധിച്ച് അന്വേഷണ സംഘം പതിവ് നിശ്ശബ്ദത തുടരുന്നു.
അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പോലീസ് സംഘങ്ങളെ ബിഹാർ, ഹരിയാന, ഡൽഹി എന്നിവിടങ്ങളിലേക്ക് അയച്ചിട്ടുണ്ട്. ജൂൺ 27-ന് രാവിലെ ഭീവണ്ടിയിൽ ചോദ്യപേപ്പർ വിൽക്കാൻ ശ്രമം നടക്കുന്നതായി പോലീസിന് ലഭിച്ച രഹസ്യവിവരമാണ് കേസ് അന്വേഷണത്തിലേക്ക് നയിച്ചത്.
വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൊങ്കാവോൺ മേഖലയിൽ പോലീസ് കെണിയൊരുക്കുകയും രാജീവ് ഷാ, ആകാശ് കുമാർ, ധീരജ് കുമാർ എന്നിവരെ പിടികൂടുകയുമായിരുന്നു. ഇവരിൽ നിന്ന് മൊബൈൽ ഫോണുകൾ, ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ, പണം എന്നിവയ്ക്ക് പുറമെ ജൂൺ 28-ന് നടക്കാനിരുന്ന പരീക്ഷയുടെ 4 ഒറിജിനൽ ചോദ്യപേപ്പറുകളും പോലീസ് പിടിച്ചെടുത്തു.
താനെ സിറ്റി പോലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള കൊങ്കാവോൺ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിത, മഹാരാഷ്ട്ര കോംപറ്റിറ്റീവ് എക്സാമിനേഷൻസ് ആക്ട് 2024, മഹാരാഷ്ട്ര പ്രിവൻഷൻ ഓഫ് മാൽപ്രാക്ടീസസ് ആക്ട് 1982 എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
പരീക്ഷാ പേപ്പർ ചോർന്ന പശ്ചാത്തലത്തിൽ പരീക്ഷ മാറ്റിവെച്ചിരിക്കുകയാണ്. പുനപ്പരീക്ഷയ്ക്കായി ഉദ്യോഗാർത്ഥികൾ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും യാതൊരുവിധ ഫീസും നൽകേണ്ടതില്ലെന്നും ഡെപ്യൂട്ടി കമ്മീഷണർ പ്രിയ ഷിൻഡെ അറിയിച്ചു.
ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് സ്കൂൾ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്.











0 comments