വിദ്യാര്‍ഥി പ്രക്ഷോഭം ഫലം കാണുന്നു; മഹാരാഷ്ട്രയിലെ ടെറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ അന്വേഷണവും മുന്നോട്ട്

മുംബൈ: അധ്യാപക യോഗ്യതാ പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ച്ച കേസിൽ അന്വേഷണം ത്വരിതപ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍. മുഖ്യ പ്രതിയെ ഒരു മാസത്തിന് ശേഷം അറസ്റ്റ് ചെയ്തു. പ്രതിയെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റു ചെയ്യാതെ ആഴ്ചകളായി അന്വേഷണം മന്ദഗതിയിലായിരുന്നു. പരീക്ഷാ ക്രമക്കേടുകളിൽ ഉൾപ്പെട്ട പ്രതികളെയും വീഴ്ച വരുത്തിയവരെയും സംരക്ഷിക്കുന്ന സമീപനത്തിനെതിരെ വിദ്യാര്‍ഥി പ്രക്ഷോഭം കടുത്തതോടെ എല്ലാം വേഗത്തിലായിക്കയാണ്.
മഹാരാഷ്ട്ര അധ്യാപക യോഗ്യതാ പരീക്ഷാചോദ്യപ്പേപ്പർ ചോർച്ച കേസ്സിലെ പ്രധാന സൂത്രധാരൻ ബിജേന്ദ്ര ഗുപ്തയാണ് ബീഹാറിൽ അറസ്റ്റിലായത്. ഒരു മാസത്തിൽ അധികമായി ഇയാൾ ഒളിവിലാണെന്ന് വിശദീകരണം നൽകി കാത്തിരിക്കുകയായിരുന്നു പൊലീസ്. ഇയാൾക്കൊപ്പം മറ്റൊരു പ്രതിയും പിടിയിലായിട്ടുണ്ട്. ഇരുവരെയും ട്രാൻസിറ്റ് റിമാൻഡിൽ മഹാരാഷ്ട്രയിൽ എത്തിച്ച് കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. കേസിൽ ഇടനിലക്കാരെ അറസ്റ്റു ചെയ്ത ശേഷം അന്വേഷണം നിലച്ച മട്ടായിരുന്നു. സിജെപി സമരം രാജ്യത്തെ മുഴുവൻ വിദ്യാര്‍ഥികളും യുവജനങ്ങളും ഏറ്റെടുത്തതോടെ ഇത്തരം കേസുകളിൽ മുഖ്യ പ്രതികളിലേക്ക് എത്തുന്ന ആദ്യത്തെ കേസാണ് മഹാരാഷ്ട്ര ടെറ്റ് പരീക്ഷയുടേത്.
ഉന്നത ബന്ധങ്ങൾ
വൻ തട്ടിപ്പ് സംഘം
രാജ്യത്തുടനീളം നടന്ന വിവിധ പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച കേസ്സുകളിൽ ഇയാൾക്ക് പങ്കുണ്ടെന്ന് അന്വേഷണ സംഘം തന്നെ പറഞ്ഞിരുന്നു. 2024-ൽ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് തന്നെ ബിജേന്ദ്ര ഗുപ്തയുടെ പങ്ക് വാര്‍ത്തയായിരുന്നു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ പരീക്ഷാ രീതികളിലെ വീഴ്ചകളെക്കുറിച്ചും ചോദ്യപ്പേപ്പർ ചോർത്തുന്ന റാക്കറ്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ഇയാൾ ഒരു അന്വേഷണാത്മക പത്രപ്രവര്‍ത്തകന് മുൻപാകെ വെളിപ്പെടുത്തിയിരുന്നു. പക്ഷേ ഇത് ഗൗരവത്തിൽ ചര്‍ച്ച ചെയ്യപ്പെടുകയോ അന്വേഷണത്തിനായി ഉപയോഗിക്കപ്പെടുകയോ ചെയ്തില്ല.
ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന ടീം
അധ്യാപക യോഗ്യതാ പരീക്ഷയുടെ പേപ്പര്‍ ചോര്‍ത്തിയ കേസിൽ ബിജേന്ദ്ര ഗുപ്തയുടെ ഭാര്യ സുമൻ ഗുപ്തയെ ബീഹാറിൽ നിന്ന് നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യ പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിനെക്കുറിച്ച് സുമന് അറിവുണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തി. മാത്രമല്ല തട്ടിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ ഇവരുടെ സാന്നിധ്യത്തിലാണ് നടന്നതെന്നും അന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.
ഡൽഹി, പട്ന എന്നിവിടങ്ങളിൽ ഇവര്‍ക്ക് വൻ തോതിൽ വസ്തുവകകൾ സ്വന്തമായുണ്ട്. ഉന്നത ബന്ധങ്ങൾ സൂക്ഷിക്കുന്ന ദമ്പതികളുമാണ്. ഇരുവരുടെയും ബന്ധങ്ങളിലേക്ക് കേസ് ഇനിയും എത്തിയിട്ടില്ല.
ഇടനിലക്കാരിൽ നിലച്ച
അന്വേഷണം
ചോർത്തിയ ചോദ്യപ്പേപ്പറുകൾ വാങ്ങാൻ ആളുകളെ കണ്ടെത്താനായി മുംബൈയിലെത്തിയ ഹരിയാന സ്വദേശി കപിൽ ദാഹിയ, പൂനെയിലും പരിസരങ്ങളിലുമായി ചോർന്നു കിട്ടിയ ചോദ്യപ്പേപ്പറുകൾ വിതരണം ചെയ്ത ബിഹാര്‍ സ്വദേശി മിഥുൻ സിംഗ്, മുഖ്യ പ്രതി ഗുപ്തയ്ക്ക് വ്യാജ തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കി നൽകുകയും ലോഗിസ്റ്റിക്സ് സഹായങ്ങൾ നൽകുകയും ചെയ്ത ബിഹാര്‍ ഹാജിപ്പൂര്‍ സ്വദേശി സോനു സിംഗ് എന്നിവരാണ് കേസിൽ ഇതുവരെ അറസ്റ്റിലായിരുന്നത്. ഇന്നലെ അറസ്റ്റിലായ പ്രധാന സൂത്രധാരൻ ബിജേന്ദ്ര ഗുപ്ത അപ്പോഴും കാണാമറയത്തായിരുന്നു. ഗുപ്തയുടെ ഉന്നത ബന്ധങ്ങളാണ് ചോദ്യപേപ്പറുകളെ പുറത്തെത്തിച്ചിരുന്നത്. എന്നാൽ ഇയാൾക്ക് മുകളിലേക്ക് കേസ് എത്തുമോ എന്നത് ഇനിയും വ്യക്തമല്ല.
Related News
വില്പന നേരത്തെ തുടങ്ങി
പരീക്ഷയ്ക്ക് മുന്നോടിയായി കാണെ താണെയിലെ കോംഗാവ് പ്രദേശത്ത് വച്ച് ചോദ്യപ്പേപ്പർ വിൽക്കാൻ ശ്രമിച്ച ആകാശ് കുമാർ, രാജീവ് കുമാർ, ധീരജ് സിംഗ് എന്നിവരെ പൊലീസ് പിടികൂടിയതോടെയാണ് തട്ടിപ്പ് പുറത്തുവരുന്നത്. മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ ഓഫ് എക്സാമിനേഷൻ TET പരീക്ഷ ജൂൺ 28-ന് ആയിരുന്നു നടക്കേണ്ടിയിരുന്നത്. ചോര്‍ച്ച കണ്ടെത്തിയതോടെ മാറ്റിവെക്കുകയായിരുന്നു. ആറ് ലക്ഷത്തോളം ഉദ്യോഗാർത്ഥികളെയാണ് ഇത് ബാധിച്ചത്. യുവാക്കളുടെ രോഷവും പ്രതിഷേധവും കടുത്തതോടെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അന്വേഷണത്തിൽ ഇടനിലക്കാരെ അറസ്റ്റ് ചെയ്ത് രോഷം ശമിച്ചിപ്പു.










0 comments