ചാറ്റ് വിനയായി; ഇൻഷുറൻസിനായി മറ്റൊരാളെ കൊന്ന് മരണം നടിച്ച യുവാവ് പിടിയിൽ

ലാത്തൂർ: ഒരു കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ സ്വന്തം മരണം വ്യാജമായി സൃഷ്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലാണ് സംഭവം. യാത്രക്കാരനെ കൊലപ്പെടുത്തി കാറിനുള്ളിലിട്ട് കത്തിച്ച് താൻ മരിച്ചതായി വരുത്തിത്തീർത്ത ഗണേഷ് ചവാൻ (27) ആണ് പിടിയിലായത്.
കാമുകിയുമായി നടത്തിയ ചാറ്റാണ് ഗണേഷിന് വിനയായത്. ലാത്തൂരിലെ ഔസ താലൂക്കിൽ ഞായറാഴ്ച പുലർച്ചെ പൂർണ്ണമായി കത്തിക്കരിഞ്ഞ കാറിനുള്ളിൽ ഒരു മൃതദേഹം കണ്ടെത്തിയതിനെ തുടർന്നാണ് കേസ് ആരംഭിക്കുന്നത്. കാറിന്റെ ഉടമയെ കണ്ടെത്തിയ പൊലീസ്, വാഹനം ബന്ധുവായ ഗണേഷ് ചവാന് നൽകിയിരുന്നു എന്ന് മനസ്സിലാക്കി.
ചവാന്റെ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ, കാറിനുള്ളിൽ മരിച്ചയാളെ ഗണേഷ് ചവാനായിരിക്കാം എന്നാണ് പൊലീസ് ആദ്യം കരുതിയത്. മരിച്ചതായി വരുത്തിത്തീർക്കാൻ ചവാൻ തന്റെ കൈയ്യിൽ ധരിച്ചിരുന്ന ബ്രേസ്‌ലെറ്റ് മൃതദേഹത്തിനരികിൽ ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
അന്വേഷണം പുരോഗമിക്കവേ ഇയാൾക്ക് ഒരു സ്ത്രീയുമായി അടുപ്പമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കാമുകിയെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. സംഭവത്തിന് ശേഷം ഗണേഷ് ചവാൻ മറ്റൊരു ഫോൺ നമ്പർ ഉപയോഗിച്ച് തനിക്ക് സന്ദേശങ്ങൾ അയക്കുകയും ചാറ്റ് ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് യുവതി പൊലീസിനോട് വെളിപ്പെടുത്തി.
ഇതോടെ മരിച്ചതായി കരുതിയ ചവാൻ ജീവനോടെയുണ്ടെന്ന് തെളിഞ്ഞു. തുടർന്ന് ഈ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ വിജയദുർഗിൽ വെച്ച് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
ഭവനവായ്പ തീർക്കാൻ എടുത്ത ഒരു കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് തുക കൈക്കലാക്കാൻ വേണ്ടിയാണ് ചവാൻ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞു. കഴിഞ്ഞ ശനിയാഴ്ച തുൾജാപുർ ടി-ജംഗ്ഷനിൽ വെച്ച് ലിഫ്റ്റ് ചോദിച്ച ഗോവിന്ദ് യാദവ് എന്നയാളെയാണ് ചവാൻ കൊലപ്പെടുത്തിയത്.
യാദവ് മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നതിനാൽ ചവാൻ അത് മുതലെടുത്തു. യാത്രയ്ക്കിടെ യാദവ് ഉറങ്ങിയപ്പോൾ, ഇയാളെ ഡ്രൈവിംഗ് സീറ്റിലേക്ക് വലിച്ചിട്ട് സീറ്റ്‌ബെൽറ്റ് ധരിപ്പിച്ച ശേഷം പ്ലാസ്റ്റിക് കവറുകൾ ഉപയോഗിച്ച് തീയിടുകയായിരുന്നു.
കൊലപാതകത്തിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും ഗണേഷ് ചവാന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് ലാത്തൂർ പൊലീസ് അറിയിച്ചു.










0 comments