മഹാരാഷ്ട്രയ്ക്ക് വിദേശത്തുനിന്ന് ധനസഹായം: കേന്ദ്രം മാറ്റിയത് ‘വിദേശനയം’

സ്വന്തം ലേഖിക
Published on Jun 03, 2025, 12:14 AM | 1 min read
ന്യൂഡൽഹി: ‘നിലവിലെ നയത്തിനനുസരിച്ച്, ആഭ്യന്തര ശ്രമങ്ങളിലൂടെ തന്നെ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമുള്ള ആവശ്യകതകൾ നിറവേറ്റാനുള്ള ശേഷി രാജ്യത്തിനുണ്ട്. അതിന് കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണ്’- 2018ൽ കേരളത്തിന് ദുരിതാശ്വാസ നിധിയിലേക്ക് വിദേശഫണ്ട് സ്വീകരിക്കാനുള്ള അനുമതി നിഷേധിച്ചശേഷം വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയാണിത്. ഈ നയമാണ് ഏഴു വർഷത്തിനിപ്പുറം ബിജെപി അനുകൂല സർക്കാരുള്ള മറ്റൊരു സംസ്ഥാനത്തിന്‌വേണ്ടി കേന്ദ്രം തിരുത്തിയത്.
ഖജനാവ് കാലിയാക്കുന്ന പ്രഖ്യാപനങ്ങളിലൂടെ അധികാരത്തിലെത്തിയ ഫഡ്‌നാവിസ് സർക്കാർ പ്രതിസന്ധി മറികടക്കാൻ നൽകിയ അപേക്ഷയിലാണ് വിദേശ ധനസഹായം സ്വീകരിക്കാനുള്ള അനുമതി കേന്ദ്രം നൽകിയത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെ നേരിട്ട് 50,000 കോടിയിലേറെ രൂപയുടെ നാശനഷ്ടമുണ്ടായിട്ടും മാനുഷിക പരിഗണനയുടെ പേരിൽ പോലും കേരളത്തിന് അനുമതി നൽകിയിരുന്നില്ല.
2020ൽ കോവിഡ് പ്രതിസന്ധി നേരിട്ടപ്പോഴും ഈ നയത്തിൽ നിന്ന് കേന്ദ്ര സർക്കാർ വ്യതിചലിച്ചിരുന്നു. വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ മാനദണ്ഡങ്ങൾ തിരുത്തിയതിലൂടെ അന്ന് പ്രധാനമന്ത്രിയുടെ കീഴിലുള്ള ദുരിതാശ്വാസ നിധിയായ പിഎം കെയേഴ്‌സ് ഫണ്ടിൽ ലഭിച്ചത് 494 കോടിയാണ്. പിന്നീടുള്ള വർഷങ്ങളിലും പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് വിദേശ സഹായമെത്തി. 2004ലെ സുനാമി ദുരന്ത സമയത്താണ് വിദേശ ധനസഹായം സ്വീകരിക്കേണ്ടെന്ന നിലപാട് ഇന്ത്യ ആദ്യമായി എടുക്കുന്നത്. അന്നത്തെ, പ്രധാനമന്ത്രി മൻമോഹൻസിങ് നിലവിൽ വിദേശ സഹായം വേണ്ടെന്നും ആവശ്യമെങ്കിൽ സ്വീകരിക്കാം എന്ന നിലപാടുമെടുത്തു.









0 comments