ഷിൻഡെയെയും അജിത് പവാറിനെയും മുഖ്യമന്ത്രിയാക്കാമെന്ന് കോൺഗ്രസ് ; പിന്തുണച്ച് ഉദ്ദവ് പക്ഷവും

ന്യൂഡൽഹി : മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നവിസിന്റെ നേതൃത്വത്തിലുള്ള മഹായുതി സർക്കാരിൽ അസ്വാരസ്യങ്ങൾ പുകയവേ ഉപമുഖ്യമന്ത്രിമാരായ ഏക്‌നാഥ് ഷിൻഡെ, അജിത് പവാർ എന്നിവരെ ലക്ഷ്യമിട്ട് മഹാവികാസ് അഘാഡി. ശിവസേന നേതാവായ ഷിൻഡെയ്‌ക്കും എൻസിപി നേതാവായ പവാറിനും ഊഴംവെച്ച് മുഖ്യമന്ത്രി പദം നൽകാമെന്ന് കോൺഗ്രസ് പറഞ്ഞു. ഇതിനെ ഉദ്ദവ് താക്കറെയുടെ ശിവസേന (യുബിടി)യും പിന്തുണച്ചതോടെ രാഷ്‌ട്രീയ കേന്ദ്രങ്ങളിൽ ചൂടുപിടിച്ചു.
രണ്ടു ഉപമുഖ്യമന്ത്രിമാരുമായും സഹകരിക്കാൻ കോൺഗ്രസ് തയ്യാറാണെന്ന് മുൻ പിസിസി പ്രസിഡന്റ് നാനാ പടോളെ പറഞ്ഞു. വന്നാൽ രണ്ടുപേരെയും ആലിംഗനം ചെയ്യും. മുഖ്യമന്ത്രി പദത്തിൽ രണ്ടുപേർക്കും ഊഴം നൽകും. ബിജെപി രണ്ടുപേരെയും മുഖ്യമന്ത്രിയാക്കില്ല–- പടോളെ പറഞ്ഞു.
പടോളയെ പിന്തുണച്ച ശിവസേന യുബിടി നേതാവ് സഞ്ജയ് റാവത്ത്, രാഷ്‌ട്രീയത്തിൽ അസാധ്യമായി ഒന്നുമില്ലെന്ന് പ്രതികരിച്ചു. വർഷങ്ങൾക്ക് മുമ്പ് കോൺഗ്രസ് പ്രവേശനത്തിനായി അഹമ്മദ് പട്ടേലുമായി ഷിൻഡെ ഡൽഹിയിൽ ചർച്ച നടത്തിയിട്ടുണ്ട്. കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന് ഇക്കാര്യമറിയാം. ഒരുവർഷത്തിനകം സംസ്ഥാന രാഷ്‌ട്രീയം മാറിമറിയും –-റാവത്ത് പറഞ്ഞു.










0 comments