മഹാരാഷ്ട്രയിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ പേപ്പർ ചോർച്ച; കോച്ചിംഗ് സെന്റർ ഡയറക്ടർ ഉൾപ്പെടെയുള്ളവർ പിടിയിൽ

നാഗ്‌പൂർ: മഹാരാഷ്ട്രയിൽ പന്ത്രണ്ടാം ക്ലാസ് കെമിസ്ട്രി പരീക്ഷാ പേപ്പർ ചോർന്ന സംഭവത്തിൽ കോച്ചിംഗ് സെന്റർ മാഫിയയുടെ പങ്ക് വെളിപ്പെടുന്നു. നാഗ്‌പൂരിലെ ഒരു പ്രമുഖ സ്വകാര്യ കോച്ചിംഗ് സെന്റർ ഡയറക്ടറെയും അധ്യാപകനെയും പൊലീസ് അറസ്റ്റ് ചെയ്തു.
പരീക്ഷ തുടങ്ങുന്നതിന് മിനിറ്റുകൾക്ക് മുൻപ് വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ചോദ്യപേപ്പർ പ്രചരിപ്പിക്കുകയായിരുന്നു. നിഷികാന്ത് മൂൺ എന്ന കോച്ചിംഗ് സെന്റർ ഡയറക്ടറും സഹായിയായ ഫർഹാൻ അക്തറുമാണ് പിടിയിലായത്.
ഓരോ വിദ്യാർത്ഥിയിൽ നിന്നും വലിയ തുക ഈടാക്കിയാണ് പരീക്ഷയ്ക്ക് മുൻപേ ചോദ്യപേപ്പറും ഉത്തരങ്ങളും ഇവർ കൈമാറിയതെന്ന് പൊലീസ് കണ്ടെത്തി. നാഗ്‌പൂരിലെ സെന്റ് ഉർസുല സ്കൂളിൽ പരീക്ഷയ്ക്കിടെ ഒരു വിദ്യാർത്ഥിനി തുടർച്ചയായി ശുചിമുറിയിൽ പോയത് ഇൻവിജിലേറ്റർമാരിൽ സംശയമുണ്ടാക്കി.
പരിശോധനയിൽ വിദ്യാർത്ഥിനിയുടെ കയ്യിൽ നിന്ന് സ്മാർട്ട്ഫോൺ കണ്ടെത്തുകയും ഇതിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ കെമിസ്ട്രി ചോദ്യപേപ്പർ ഉണ്ടെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.
കെമിസ്ട്രി പേപ്പർ മാത്രമല്ല, ഫെബ്രുവരി 16-ന് നടന്ന ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പറും ഇതേ ഗ്രൂപ്പുകളിൽ പ്രചരിച്ചതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ചോദ്യപേപ്പർ പ്രചരിച്ചത് വളരെ പരിമിതമായ ഗ്രൂപ്പുകളിൽ മാത്രമാണെന്നും പരീക്ഷാ നടപടികളെ ഇത് മൊത്തത്തിൽ ബാധിച്ചിട്ടില്ലെന്നും മഹാരാഷ്ട്ര ബോർഡ് അധികൃതർ അറിയിച്ചു.
അതിനാൽ നിലവിൽ പുനഃപരീക്ഷ നടത്തില്ലെന്നാണ് തീരുമാനം. വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന പരീക്ഷാ മാഫിയയ്ക്കെതിരെ കർശന നടപടി വേണമെന്ന് വിദ്യാർത്ഥി സംഘടനകൾ ആവശ്യപ്പെട്ടു. സ്കൂൾ അധികൃതർക്കോ ബോർഡ് ഉദ്യോഗസ്ഥർക്കോ ഇതിൽ പങ്കുണ്ടോ എന്ന് കണ്ടെത്താൻ പ്രത്യേക സംഘം അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.










0 comments