ജാതി വെറി: കൊലപാതകത്തിന് പിന്നിൽ പൊലീസ് പ്രകോപനം? ആരോപണവുമായി മൃതദേഹത്തെ വിവാഹം കഴിച്ച യുവതി

നന്ദേഡ്: ജാതിവെറിയെ തുടർന്ന് കാമുകനെ വീട്ടുകാർ കൊലപ്പെടുത്തിയ സംഭവത്തിൽ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി കാമുകി ആഞ്ചൽ മാമിൽവാർ. കാമുകനായ സക്ഷം ടേറ്റിനെ (21) കൊലപ്പെടുത്താൻ തന്റെ സഹോദരനെ പൊലീസ് ഉദ്യോഗസ്ഥർ പ്രകോപിപ്പിച്ചു എന്ന് ആഞ്ചൽ ആരോപിക്കുന്നു. കൊലപാതകത്തിൽ പങ്കുണ്ടെന്ന് കരുതുന്ന എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജാതിയുടെ പേരിൽ സക്ഷമിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ആഞ്ചലിന്റെ പിതാവ് ഗജാനൻ മാമിൽവാർ, സഹോദരങ്ങളായ ഹിമേഷ്, സാഹിൽ എന്നിവർ ഉൾപ്പെടെ എട്ട് പേരെയാണ് നാന്ദെഡ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരിൽ ആഞ്ചലിന്റെ അമ്മ ജയശ്രീയും ഉൾപ്പെടുന്നു. എന്നാൽ, താൻ സക്ഷമിനെതിരെ കള്ളക്കേസ് കൊടുക്കാൻ വിസമ്മതിച്ചപ്പോൾ, "കള്ളക്കേസുമായി വരുന്നതിന് പകരം അവനെ കൊന്നിട്ട് വന്നൂടെ?" എന്ന് ഒരു പൊലീസുകാരൻ സഹോദരനോട് പരിഹസിച്ചതായും, ഇത് ഒരു വെല്ലുവിളിയായി എടുത്താണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും ആഞ്ചൽ മാധ്യമങ്ങളോട് വെളിപ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ചും നിലവിൽ അന്വേഷണം നടക്കുന്നുണ്ട്.
സക്ഷം കൊല്ലപ്പെട്ടതിന് പിന്നാലെ യുവതി, വീട്ടിലെത്തി തന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തി മരുമകളായി ജീവിക്കാൻ തീരുമാനിച്ചിരുന്നു. മർദിച്ചും വെടിവെച്ചും കല്ലുകൊണ്ട് തല ചതച്ചുമാണ് യുവതിയുടെ വീട്ടുകാർ സക്ഷമിനെ കൊലപ്പെടുത്തിയത്. അന്ത്യകർമ്മങ്ങൾ നടക്കുന്നതിനിടെയാണ് ആഞ്ചൽ സക്ഷമിന്റെ വീട്ടിലെത്തിയത്. അവിടെവെച്ച് യുവതി മൃതദേഹത്തിൽ മഞ്ഞൾ തേച്ചു, തന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തി മരിച്ച കാമുകന്റെ ശരീരം വിവാഹം ചെയ്തു. തുടർന്ന്, സക്ഷമിന്റെ ഭാര്യയായി അവന്റെ വീട്ടിൽ ജീവിതകാലം മുഴുവൻ കഴിയാൻ അവൾ തീരുമാനിച്ചു.
ആഞ്ചലിന്റെ സഹോദരങ്ങൾ വഴിയാണ് അവൾ സക്ഷമിനെ പരിചയപ്പെട്ടത്. പതിവായുള്ള വീട്ടിലെ സന്ദർശനങ്ങളിലൂടെ ഇരുവരും അടുക്കുകയും മൂന്ന് വർഷം നീണ്ട പ്രണയബന്ധത്തിലാവുകയും ചെയ്തു. എന്നാൽ, ഇരുവരും തമ്മിലുള്ള ജാതിവ്യത്യാസം കാരണം ആഞ്ചലിന്റെ കുടുംബം ഈ ബന്ധത്തെ ശക്തമായി എതിർത്തിരുന്നു. നിരവധി ഭീഷണികൾ ഉണ്ടായിട്ടും ആഞ്ചൽ സക്ഷമുമായുള്ള ബന്ധം തുടർന്നു.
ആഞ്ചൽ സക്ഷമിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചു എന്നറിഞ്ഞതോടെ സഹോദരങ്ങളും പിതാവും ചേർന്ന് വ്യാഴാഴ്ച സക്ഷമിനെ മർദിക്കുകയും തലയിൽ വെടിവെക്കുകയും പിന്നീട് കല്ലുകൊണ്ട് തല ചതയ്ക്കുകയും ചെയ്തു. ഈ ക്രൂരമായ ആക്രമണത്തിലാണ് സക്ഷം ടേറ്റ് കൊല്ലപ്പെട്ടത്.








0 comments