മഹാരാഷ്ട്രയിൽ നാല് താപനിലയങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണ ഭീഷണി; ജാഗ്രത നിർദേശം

മുംബൈ: മഹാരാഷ്ട്രയിലെ നാല് പ്രധാന താപവൈദ്യുത നിലയങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണമുണ്ടാകുമെന്ന് ഭീഷണി. ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു.
ഊർജ്ജ മേഖലയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള അട്ടിമറി നീക്കമാണോ ഇതെന്ന് സുരക്ഷാ ഏജൻസികൾ പരിശോധിച്ചുവരികയാണ്. ചന്ദ്രപൂർ, കൊരാടി, ഖാപ്പർഖേഡ, പര്ളി എന്നീ താപനിലയങ്ങൾക്കാണ് ഭീഷണി നിലനിൽക്കുന്നത്.
ഈ കേന്ദ്രങ്ങൾക്ക് ചുറ്റും സുരക്ഷാ സന്നാഹം ശക്തമാക്കി. ഡ്രോണുകളെ പ്രതിരോധിക്കാനുള്ള ആധുനിക സംവിധാനങ്ങളും മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യാൻ പ്രാദേശിക ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകി.
സംഭവത്തിന് പിന്നിൽ തീവ്രവാദ ഗ്രൂപ്പുകൾക്ക് പങ്കുണ്ടോ എന്ന കാര്യത്തിൽ എൻഐഎ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുമായി ചേർന്ന് അന്വേഷണം പുരോഗമിക്കുകയാണ്. താപനിലയങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങളിൽ പരിശോധന കടുപ്പിച്ചു. സുരക്ഷാ ഭീഷണിയെത്തുടർന്ന് ഈ മേഖലകളെ 'നോ ഫ്ലൈ സോൺ' ആയി പ്രഖ്യാപിച്ചിട്ടുണ്ട്.










0 comments