അജിത് പവാറിന്റെ മണ്ഡലമായിരുന്ന ബാരാമതിയിലും രാഹുരിയിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു

മുംബൈ: മഹാരാഷ്ട്രയിലെ ബാരാമതി, രാഹുരി നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ആദ്യ രണ്ട് മണിക്കൂറിൽ ബാരാമതിയിൽ എട്ട് ശതമാനവും രാഹുരിയിൽ ആറ് ശതമാനവും പോളിംഗ് രേഖപ്പെടുത്തി.
മുൻ ഉപമുഖ്യമന്ത്രിയും എൻ സി പി നേതാവുമായിരുന്ന അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്നാണ് ബാരാമതിയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജനുവരി 28-ലെ വിമാനാപകടത്തെ തുടര്‍ന്നായിരുന്നു മരണം. അജിത് പവാറിന്റെ ഭാര്യയും നിലവിലെ ഉപമുഖ്യമന്ത്രിയുമായ സുനേത്ര പവാറാണ് ഇവിടെ മഹായുതി സഖ്യത്തിന്റെ സ്ഥാനാർത്ഥി. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പി (എസ്.പി) സുനേത്ര പവാറിനെതിരെ സ്ഥാനാർത്ഥിയെ നിർത്തിയിട്ടില്ല. കോൺഗ്രസ് ആദ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചെങ്കിലും പിന്നീട് പിൻവലിക്കുകയായിരുന്നു.
ബി ജെ പി എം എൽ എ ആയിരുന്ന ശിവാജി കർദിലെയുടെ മരണത്തെ തുടർന്നാണ് രാഹുരിയിൽ വോട്ടെടുപ്പ് നടക്കുന്നത്. അദ്ദേഹത്തിന്റെ മകൻ അക്ഷയ് കർദിലെയെയാണ് ഇവിടെ പകരം മത്സര രംഗത്ത് ഇറക്കിയിട്ടുള്ളത്.
നിലവിൽ 288 അംഗ മഹാരാഷ്ട്ര നിയമസഭയിൽ ഭരണകക്ഷിയായ മഹായുതി സഖ്യത്തിന് 235 സീറ്റുകളും പ്രതിപക്ഷമായ മഹാ വികാസ് അഘാഡിക്ക് 50 സീറ്റുകളുമാണുള്ളത്.
ബാരാമതി പവാർ കുടുംബത്തിന്റെ ഉറച്ച കോട്ടയായാണ് അറിയപ്പെടുന്നത്. അജിത് പവാറന്റെ ഭാര്യയെ തന്നെ മത്സര രംഗത്തിറക്കി സീറ്റ് നിലനിര്‍ത്താനാണ് ശ്രമം. 2024-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അജിത് പവാർ തന്റെ അനന്തരവൻ യുഗേന്ദ്ര പവാറിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് ഈ സീറ്റ് നിലനിർത്തിയത്.










0 comments