കുപ്പിവെള്ളത്തിലും ഉപ്പിലും പ്ലാസ്റ്റിക് അംശം; പായ്ക്കറ്റുകളിൽ മുന്നറിയിപ്പ് വേണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: പായ്ക്ക് ചെയ്ത കുപ്പിവെള്ളം, ഉപ്പ്, പഞ്ചസാര എന്നിവയിൽ മൈക്രോ പ്ലാസ്റ്റിക്കുകളുടെ (അതീവ സൂക്ഷ്മമായ പ്ലാസ്റ്റിക് കണികകൾ) സാന്നിധ്യമുണ്ടാകാമെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.
ഇത്തരം ഉൽപ്പന്നങ്ങളുടെ പായ്ക്കറ്റുകളിൽ ചുവന്ന നിറത്തിൽ വ്യക്തമായ മുന്നറിയിപ്പ് രേഖപ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോടും എഫ്എസ്എസ്എഐയോടും കോടതി നിർദ്ദേശിച്ചു. ജസ്റ്റിസുമാരായ എൻ സത്യകുമാർ, ഡി ഭരത ചക്രവർത്തി എന്നിവരടങ്ങിയ ബെഞ്ചാണ് പരിസ്ഥിതിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
'ഈ വെള്ളത്തിൽ മൈക്രോ/നാനോ പ്ലാസ്റ്റിക്കുകൾ അടങ്ങിയിരിക്കാം' എന്ന മുന്നറിയിപ്പ് 10 പോയിന്റ് വലുപ്പത്തിലുള്ള ചുവന്ന അക്ഷരങ്ങളിൽ രേഖപ്പെടുത്താനാണ് നിർദ്ദേശം. ഉപ്പിന്റെയും പഞ്ചസാരയുടെയും പായ്ക്കറ്റുകളിലും സമാനമായ മുന്നറിയിപ്പ് വേണം. നാലാഴ്ചയ്ക്കകം ഇത് നടപ്പിലാക്കാൻ ആവശ്യമായ വിജ്ഞാപനം പുറപ്പെടുവിക്കണം.
പല പ്രമുഖ ബ്രാൻഡുകളുടെ കുപ്പിവെള്ളത്തിലും ഉപ്പിലും മൈക്രോ പ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയെന്ന ഗവേഷണ റിപ്പോർട്ടുകൾ കോടതി പരിശോധിച്ചു. പ്ലാസ്റ്റിക് കുപ്പികളിലും കവറുകളിലും ഇത്തരം ഉൽപ്പന്നങ്ങൾ സൂക്ഷിക്കുന്നത് ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചു.
മൈക്രോ പ്ലാസ്റ്റിക്കുകൾ മനുഷ്യന്റെ ഹോർമോൺ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും കുട്ടികളുടെയും ഗർഭസ്ഥ ശിശുക്കളുടെയും ആരോഗ്യത്തിന് ദോഷകരമാണെന്നും പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകേണ്ടതെന്നും അതിനാൽ പഠനങ്ങൾ പൂർത്തിയാകുന്നതുവരെ കാത്തുനിൽക്കാതെ അടിയന്തരമായി ഈ മുന്നറിയിപ്പ് നടപ്പിലാക്കണമെന്നും കോടതി പറഞ്ഞു.










0 comments