print edition നിയമ വിദ്യാർഥികളെ മനുസ്‌മൃതി പഠിപ്പിക്കണമെന്ന് മദ്രാസ് ചീഫ് ജസ്‌റ്റിസ്

എസ് എ ധർമാധികാരി
ന്യൂഡൽഹി: നിയമ സർവകലാശാല വിദ്യാർഥികളെ മനുസ്‌മൃതിയും അർഥശാസ്‌ത്രവും പഠിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് എസ് എ ധർമാധികാരി. ഭോപ്പാൽ ദേശീയ നിയമ സർവകലാശാലയിലെ പ്രഭാഷണത്തിലാണ് സാംസ്കാരികവും പ്രത്യയശാസ്ത്രപരവുമായ വേരുകളിൽനിന്ന് വേർപെട്ട് പോയവർക്കായി പ്രത്യേക കോഴ്‌സ് വേണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടത്.
പഞ്ചതന്ത്രങ്ങൾ, ജാതക കഥകൾ, ചാണക്യന്റെ പ്രഭാഷണങ്ങൾ, മനുസ്മൃതി, അർത്ഥശാസ്ത്രം തുടങ്ങിയവയുടെ തത്വങ്ങൾ വിദ്യാർഥികളെ നിർബന്ധമായും പഠിപ്പിക്കണം. കൊളോണിയൽ കാലഘട്ടത്തിന്റെ നിഴൽ നീക്കണം. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവ കൊണ്ടുവന്നത് ഒരു സുപ്രധാന നീക്കമാണെന്നും ജസ്‌റ്റിസ് ധർമാധികാരി പറഞ്ഞു.
പരാമർശങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി വിമർശിച്ചു. മനുസ്മൃതിയും മറ്റ് മതഗ്രന്ഥങ്ങളും ഉപയോഗിച്ച് നിയമ വിദ്യാഭ്യാസത്തെ "ഭാരതീയ വൽക്കരിക്കുക’ എന്ന ആഹ്വാനം പിന്തിരിപ്പനും ഭരണഘടനാ ധാർമികതയിൽ നിന്ന് ബ്രാഹ്മണിക്കൽ പുനരുജ്ജീവനത്തിലേക്കുള്ള വഴിമാറലുമാണ്.
ഘടനാപരമായ അസമത്വങ്ങളെ "സാംസ്കാരിക വേരുകളുടെ’ പ്രതിസന്ധിയിലേക്ക് കുറച്ചുകാട്ടുന്നത് ജാതി, വർഗം, നീതി എന്നിവയുടെ ഭൗതികയാഥാർഥ്യങ്ങളെ മറയ്ക്കുന്നതാണ് – എം എ ബേബി സമൂഹ മാധ്യമത്തിൽ കുറിച്ചു.










0 comments