സംവരണ മണ്ഡലങ്ങളിൽ ഹിന്ദുക്കൾക്കും സിക്കുകാർക്കും ബുദ്ധമതക്കാർക്കും മാത്രം അനുമതി നൽകണം; മദ്രാസ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി

ചെന്നൈ: തമിഴ്‌നാട്ടിലെ സംവരണ മണ്ഡലങ്ങളിൽ മത്സരിക്കാൻ ഹിന്ദു, സിഖ്, ബുദ്ധ മതവിഭാഗങ്ങളിൽപ്പെട്ടവർക്ക് മാത്രമേ അനുമതി നൽകാവൂ എന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ഇന്ദു മക്കൾ കക്ഷി നേതാവ് അർജുൻ സമ്പത്താണ് പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തത്. പട്ടികജാതി പദവി സംബന്ധിച്ച സുപ്രീംകോടതിയുടെ ഏറ്റവും പുതിയ വിധി കർശനമായി നടപ്പിലാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. മതപരിവർത്തനം ചെയ്തവർക്ക് പട്ടികജാതി സംവരണത്തിന് അർഹതയില്ലെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം ചൂണ്ടിക്കാട്ടിയാണ് ഈ നീക്കം. 1950-ലെ ഭരണഘടനാ (പട്ടികജാതി) ഉത്തരവ് പ്രകാരം ഹിന്ദു, സിഖ്, ബുദ്ധ മതങ്ങളിൽ വിശ്വസിക്കുന്നവർക്ക് മാത്രമേ പട്ടികജാതി പദവിക്ക് അർഹതയുള്ളൂ. ഇതര മതങ്ങളിലേക്ക് പരിവർത്തനം ചെയ്തവർക്ക് ഈ ആനുകൂല്യം ലഭിക്കില്ലെന്ന നിയമം കർശനമായി പാലിക്കണമെന്ന് ഹർജിയിൽ പറയുന്നു. തമിഴ്‌നാട്ടിലെ 44 സംവരണ മണ്ഡലങ്ങളിൽ സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകൾ പരിശോധിക്കുമ്പോൾ സ്ഥാനാർത്ഥികളുടെ മതം കൂടി പരിഗണിക്കണം. ക്രിസ്തുമതത്തിലേക്കോ മറ്റ് മതങ്ങളിലേക്കോ പരിവർത്തനം ചെയ്തവരുടെ പത്രികകൾ തള്ളിക്കളയാൻ റിട്ടേണിംഗ് ഓഫീസർമാർക്ക് നിർദ്ദേശം നൽകണമെന്ന് തമിഴ്‌നാട് ചീഫ് ഇലക്ടറൽ ഓഫീസറോട് ഹർജി ആവശ്യപ്പെട്ടു. നിലവിൽ 44 സംവരണ മണ്ഡലങ്ങളിൽ പത്രിക സമർപ്പിച്ചവരിൽ 90 ശതമാനം പേരും ക്രിസ്തുമതത്തിലേക്ക് മാറിയവരാണെന്ന് അർജുൻ സമ്പത്ത് ഹർജിയിൽ ആരോപിച്ചു. അതിനാൽ ഇവർ മത്സരിക്കാൻ യോഗ്യരല്ലെന്നും അദ്ദേഹം വാദിക്കുന്നു. 2026 മാർച്ച് 24-ലെ സുപ്രീംകോടതി വിധിപ്രകാരം പട്ടികജാതി ആനുകൂല്യങ്ങൾ ഹിന്ദു, സിഖ്, ബുദ്ധ മതവിഭാഗങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ പദവിയും മറ്റ് മതവിശ്വാസവും ഒരേസമയം കൊണ്ടുപോകാൻ കഴിയില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 6 ആണ്. ഏപ്രിൽ 7-ന് സൂക്ഷ്മപരിശോധന നടക്കാനിരിക്കെ കോടതിയുടെ ഈ വിഷയത്തിലുള്ള ഇടപെടൽ നിർണ്ണായകമാകും. ദളിത് ക്രൈസ്തവരുടെ സംവരണ പദവി സംബന്ധിച്ച തർക്കം ഇതോടെ വീണ്ടും സജീവ ചർച്ചയായിരിക്കുകയാണ്.









0 comments