മധ്യപ്രദേശിൽ വിവാഹ സദ്യ കഴിച്ച് ഇരുന്നൂറിലധികം പേർക്ക് ഭക്ഷ്യവിഷബാധ

ഭോപ്പാൽ: മധ്യപ്രദേശിലെ സെഹോർ ജില്ലയിൽ വിവാഹ സദ്യ കഴിച്ച ഇരുന്നൂറിലധികം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇച്ചാവർ തഹസിലിലെ ബാവഡിയ നൗവാബാദ് ഗ്രാമത്തിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. വിവാഹാനന്തര ചടങ്ങിൽ പങ്കെടുത്ത അതിഥികളാണ് ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ചികിത്സ തേടിയത്.
ഭക്ഷണം കഴിച്ചതിന് പിന്നാലെ പലർക്കും വയറുവേദന, ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുകയായിരുന്നു. ഇതേത്തുടർന്ന് ഇച്ചാവർ സിവിൽ ആശുപത്രിയിൽ രോഗികളുടെ വൻ തിരക്ക് അനുഭവപ്പെട്ടു.
സ്ഥിതിഗതികൾ കണക്കിലെടുത്ത് ജില്ലാ ആരോഗ്യവകുപ്പ് പ്രത്യേക മെഡിക്കൽ സംഘത്തെ സ്ഥലത്തെത്തിക്കുകയും കൂടുതൽ ഡോക്ടർമാരെയും നഴ്‌സുമാരെയും നിയോഗിക്കുകയും ചെയ്തു. ഭക്ഷ്യവിഷബാധയേറ്റവരിൽ മുതിർന്നവരും കുട്ടികളും ഉൾപ്പെടുന്നു.
മിക്കവരും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. നിലവിൽ 15 പേർ ഇച്ചാവർ ആരോഗ്യ കേന്ദ്രത്തിലും രണ്ട് പേർ ജില്ലാ ആശുപത്രിയിലും ചികിത്സയിൽ തുടരുകയാണ്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തിൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ചടങ്ങിൽ വിളമ്പിയ ഭക്ഷണത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.










0 comments