കോടതിമുറിയിൽ ഭ്രൂണവുമായി യുവാവ്; മാരുതി സുസുക്കിക്കെതിരെ 200 കോടിയുടെ നഷ്ടപരിഹാര കേസ്

ജബൽപൂർ: മധ്യപ്രദേശ് ഹൈക്കോടതിയിൽ അസാധാരണമായ പ്രതിഷേധവുമായി ഒരു യുവാവ്. കാർ അപകടത്തിൽ തന്റെ ജനിക്കാത്ത കുഞ്ഞിനെ നഷ്ടപ്പെട്ടതിനെത്തുടർന്ന് മാരുതി സുസുക്കി കമ്പനിക്കെതിരെ 200 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് യുവാവ് കോടതിയിലെത്തിയത്.
പ്ലാസ്റ്റിക് ജാറിൽ സൂക്ഷിച്ച ഭ്രൂണവുമായാണ് ഇയാൾ കോടതിമുറിയിൽ ഹാജരായത്. തന്റെ മാരുതി കാർ അപകടത്തിൽപ്പെട്ടപ്പോൾ എയർബാഗുകൾ കൃത്യസമയത്ത് പ്രവർത്തിച്ചില്ലെന്നും ഇതാണ് തന്റെ ഭാര്യയുടെ ഗർഭമലസാൻ കാരണമായതെന്നും യുവാവ് ആരോപിക്കുന്നു.
കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ വീഴ്ചയാണ് തന്റെ കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്രയും വലിയ തുക നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. യുവാവിന്റെ ഈ നടപടി കോടതിയിൽ വലിയ പരിഭ്രാന്തി പരത്തി.
കോടതിമുറിയിൽ ഭ്രൂണം പ്രദർശിപ്പിച്ചത് അങ്ങേയറ്റം അനുചിതമാണെന്ന് നിരീക്ഷിച്ച കോടതി യുവാവിനെതിരെ കടുത്ത അമർഷം രേഖപ്പെടുത്തി. ഇത്തരത്തിലുള്ള വൈകാരിക പ്രകടനങ്ങൾ നിയമനടപടികളെ ബാധിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
സംഭവത്തെത്തുടർന്ന് യുവാവിനെതിരെ കോടതി കോടതിയലക്ഷ്യത്തിന് കേസെടുക്കാൻ ഉത്തരവിടുകയും ചെയ്തു. വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും കമ്പനികളുടെ ഉത്തരവാദിത്തത്തെക്കുറിച്ചും വലിയ ചർച്ചകൾക്ക് ഈ സംഭവം വഴിതുറന്നിട്ടുണ്ട്.










0 comments