മധ്യപ്രദേശിൽ കെട്ടിടം തകർന്നുണ്ടായ അപകടം: മരണം രണ്ടായി, രക്ഷാപ്രവർത്തനം തുടരുന്നു

അനൂപ്പൂർ: മധ്യപ്രദേശിലെ അനൂപ്പൂർ ജില്ലയിൽ നാലുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. കൊത്മ ടൗണിലെ ബസ് സ്റ്റാൻഡിന് സമീപമുള്ള 'അഗർവാൾ ലോഡ്ജ്' ആണ് ശനിയാഴ്ച വൈകുന്നേരം തകർന്നുവീണത്. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു.
ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം രണ്ടാം ദിവസവും തുടരുകയാണ്. ഹനുമാൻ ദീൻ യാദവ് (55), രാംകൃപാൽ യാദവ് (50) എന്നിവരാണ് മരിച്ചത്.
10 വർഷം പഴക്കമുള്ള കെട്ടിടത്തിന് സമീപത്തെ പ്ലോട്ടിൽ നടന്നുവരുന്ന നിർമ്മാണ പ്രവർത്തനങ്ങളാണ് കെട്ടിടം തകരാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. നിർമ്മാണത്തിനായി എടുത്ത ആഴത്തിലുള്ള കുഴികൾ ലോഡ്ജിന്റെ അടിത്തറയെ ദുർബലപ്പെടുത്തിയതായി നഗരസഭാ അധികൃതർ അറിയിച്ചു.
ശനിയാഴ്ച വൈകുന്നേരം 5.30-ഓടെയാണ് വൻ ശബ്ദത്തോടെ കെട്ടിടം നിലംപൊത്തിയത്. അപകടസമയത്ത് ലോഡ്ജിൽ താമസക്കാർ ആരും ഉണ്ടായിരുന്നില്ലെങ്കിലും സമീപത്തെ നിർമ്മാണ തൊഴിലാളികളും വഴിയാത്രക്കാരുമാണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയത്.
എൻഡിആർഎഫിനൊപ്പം എസ്‌ഇസിഎല്ലിലെ വിദഗ്ധ സംഘവും അത്യാധുനിക യന്ത്രങ്ങളുമായി രക്ഷാപ്രവർത്തനത്തിൽ പങ്കുചേരുന്നുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ തിരച്ചിൽ തുടരുകയാണെന്ന് അനൂപ്പൂർ എസ്പി അറിയിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു.










0 comments