മധ്യപ്രദേശിൽ ഭിന്നശേഷിക്കാരനെ മർദ്ദിച്ചു, മുഖത്ത് മൂത്രമൊഴിച്ചു; ബന്ധുക്കൾ അറസ്റ്റിൽ

ഭോപ്പാൽ: മധ്യപ്രദേശിലെ റെയ്‌സെനിൽ ഭിന്നശേഷിക്കാരനെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ബന്ധുക്കൾ തന്നെയാണ് ഭിന്നശേഷിക്കാരനെ ഉപദ്രവിച്ചത്. മർദനത്തിനിടെ നിലത്തുവീണ ഇയാളുടെ മുഖത്തേക്ക് പ്രതികളിലൊരാൾ മൂത്രമൊഴിക്കുകയും ചെയ്തു. ഒരു പെട്രോൾ പമ്പിന് സമീപത്താണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിച്ചതോടെ വലിയ പ്രതിഷേധത്തിന് തിരികൊളുത്തിയിരിക്കുകയാണ്. കാഴ്ചക്കാരായിരുന്ന പലരും ഈ ക്രൂരത ചിത്രീകരിച്ചു കൊണ്ടിരുന്നതല്ലാതെ ഇടപെടാൻ ശ്രമിച്ചില്ല എന്നതും പ്രതിഷേധത്തിന് കാരണമായി.
വീഡിയോ വൈറലായതിന് പിന്നാലെ പൊലീസ് ഉടൻ നടപടിയെടുത്തു. പ്രതികളായ രാജ്കുമാർ ലൊവാൻഷി, ഗോവിന്ദ് ലൊവാൻഷി എന്നിവരെ അറസ്റ്റ് ചെയ്തു. നെല്ല് വിറ്റ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രതികളും മർദനമേറ്റയാളും മദ്യപിച്ചതിന് ശേഷം വഴക്കുണ്ടാവുകയും അത് കയ്യാങ്കളിയിലേക്ക് എത്തുകയുമായിരുന്നു. ഇര നിലത്ത് വീണപ്പോൾ, പ്രതികളിലൊരാൾ ഇയാളുടെ മുകളിലിരുന്ന് മുഖത്തേക്ക് മൂത്രമൊഴിക്കുകയും മറ്റേയാൾ ഇയാളെ വലിച്ചുമാറ്റാൻ ശ്രമിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
പ്രതികളും ഇരയും ബന്ധുക്കളാണെന്ന് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ഷീലാ സൂരാന സ്ഥിരീകരിച്ചു. "നെല്ല് വിറ്റ പണം ലഭിച്ച ശേഷം അവർ മദ്യപിച്ചു. തുടർന്നുണ്ടായ വഴക്കാണ് ഈ ലജ്ജാകരമായ പ്രവൃത്തിയിലേക്ക് നയിച്ചത്," പൊലീസ് വ്യക്തമാക്കി. വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് വീഡിയോ ഓൺലൈനിൽ പ്രചരിച്ചത്. തുടർന്ന് പൊലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു.
സംഭവം സംസ്ഥാനത്ത് രാഷ്ട്രീയ വിവാദങ്ങൾക്കും തിരികൊളുത്തി. ബിജെപി ഭരണത്തിനു കീഴിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണെന്നാണ് ഉയർന്നു വരുന്ന പ്രധാന വിമർശനം. മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്‌വാരി സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനമുയർത്തി. നിലവിലെ ഭരണത്തിന് കീഴിൽ ക്രമസമാധാനം തകർന്നു എന്ന് അദ്ദേഹം ആരോപിച്ചു.
'നേരത്തെ ബിജെപി നേതാക്കൾ ആയിരുന്നു ആളുകളുടെ മേൽ മൂത്രമൊഴിച്ചിരുന്നത്, ഇപ്പോൾ ആ ശീലം അവർ എല്ലാവരിലും ഉണ്ടാക്കിയിരിക്കുന്നു,' പട്‌വാരി പറഞ്ഞു. 'ഇവിടെ നിയമം എന്നൊന്നില്ല. ആഭ്യന്തര മന്ത്രാലയമില്ല, ആഭ്യന്തര മന്ത്രിയില്ല. പൊലീസ് കൊല്ലപ്പെടുന്നു, ആക്രമിക്കപ്പെടുന്നു, അഴിമതിയിൽ കുടുങ്ങുന്നു. ആളുകളുടെ മേൽ മൂത്രമൊഴിക്കുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് മധ്യപ്രദേശിൽ മാത്രമാണ്." ആഭ്യന്തര വകുപ്പിൻ്റെ ഉത്തരവാദിത്തത്തെക്കുറിച്ച് മുഖ്യമന്ത്രി മോഹൻ യാദവ് വ്യക്തത വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സമാനമായ സംഭവങ്ങൾ ആവർത്തിക്കുന്നു
സമീപ മാസങ്ങളിൽ മധ്യപ്രദേശിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സമാനമായ സംഭവങ്ങളുടെ തുടർച്ചയാണ് ഇപ്പോഴത്തെ ഈ ക്രൂരത. കഴിഞ്ഞ ഒക്ടോബറിൽ, ഖനിത്തൊഴിലാളിയായ ഒരു ദളിത് യുവാവിനെ തട്ടിക്കൊണ്ടുപോയി പ്ലാസ്റ്റിക് പൈപ്പ് ഉപയോഗിച്ച് മർദിക്കുകയും മദ്യം കുടിക്കാൻ നിർബന്ധിക്കുകയും പിന്നീട് മൂത്രം കുടിപ്പിക്കുകയും ചെയ്തതായി മൂന്ന് പേർക്കെതിരെ പരാതി ഉയർന്നിരുന്നു.
കട്‌നിയിൽ നിയമവിരുദ്ധമായ ഖനന പ്രവർത്തനങ്ങളെ ചോദ്യം ചെയ്തതിന് മറ്റൊരു ദളിത് യുവാവിൻ്റെ മേലും മൂത്രമൊഴിച്ചതായി റിപ്പോർട്ടുണ്ട്. 2023-ൽ, ഒരു ബിജെപി നേതാവ് ആദിവാസി യുവാവിൻ്റെ മേൽ മൂത്രമൊഴിക്കുന്ന വീഡിയോ രാജ്യമെമ്പാടും വലിയ പ്രതിഷേധങ്ങൾക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു.









0 comments