ക്ഷേത്ര നിർമ്മാണത്തിന് പണം നൽകിയില്ല; മധ്യപ്രദേശിൽ ദളിത് കുടുംബത്തിന് ക്രൂരമർദ്ദനം

ഭോപ്പാൽ: ക്ഷേത്ര നിർമ്മാണത്തിനായി ചോദിച്ച തുക നൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് മധ്യപ്രദേശിൽ ദളിത് കുടുംബത്തിന് നേരെ സവർണ്ണ വിഭാഗത്തിന്റെ ക്രൂരമർദ്ദനം. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം.
സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബത്തെ വടികളും ആയുധങ്ങളുമായി എത്തിയ സംഘം വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. ഗ്രാമത്തിൽ പുതിയതായി നിർമ്മിക്കുന്ന ക്ഷേത്രത്തിലേക്ക് വലിയൊരു തുക സംഭാവനയായി നൽകാൻ ഈ കുടുംബത്തോട് ഗ്രാമത്തിലെ പ്രമുഖർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം തുക നൽകാൻ കഴിയില്ലെന്ന് അറിയിച്ചതോടെയാണ് തർക്കം തുടങ്ങിയത്. തുടർന്ന് ഗ്രാമത്തിലെ ഒരു സംഘം ആളുകൾ ഇവരുടെ വീട്ടിലെത്തി അസഭ്യം പറയുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. മർദ്ദനമേറ്റവരിൽ പ്രായമായ ദമ്പതികളും ഉൾപ്പെടുന്നു.
ഇവരെ ഗുരുതര പരിക്കുകളോടെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ എട്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരവും വധശ്രമത്തിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മധ്യപ്രദേശിൽ സമീപകാലത്ത് ദളിത് വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവർകയാണ്.
കഴിഞ്ഞ മാസവും സമാനമായ രീതിയിൽ ദളിത് വിവാഹഘോഷയാത്ര തടഞ്ഞ സംഭവം വിവാദമായിരുന്നു. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് അറിയിച്ചു. മനുഷ്യാവകാശ കമ്മീഷനും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.











0 comments