ഇൻഡോർ മലിനജല ദുരന്തം; 22 പേർ മരിച്ചതായി സമ്മതിച്ച് സർക്കാർ

ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ മലിനജലം കുടിച്ച് മരിച്ചവരുടെ എണ്ണം 22 ആണെന്ന് നിയമസഭയിൽ സമ്മതിച്ച് സംസ്ഥാന സർക്കാർ. ഇൻഡോറിലെ ഭഗീരഥ്പുര മേഖലയിലുണ്ടായ ശുദ്ധജല മലിനീകരണത്തെത്തുടർന്നുണ്ടായ ദുരന്തം വ്യാഴാഴ്ച മധ്യപ്രദേശ് നിയമസഭയെ പിടിച്ചുലച്ചു.
ഔദ്യോഗിക കണക്കുകൾ പ്രകാരം 22 മരണം സ്ഥിരീകരിച്ചെങ്കിലും യഥാർത്ഥ മരണസംഖ്യ ഇതിലും കൂടുതലാണെന്ന് പ്രതിപക്ഷം ആരോപിച്ചു. നഗരവികസന മന്ത്രി കൈലാഷ് വിജയവർഗിയയാണ് സഭയിൽ മരണസംഖ്യ വ്യക്തമാക്കിയത്.
എന്നാൽ, സർക്കാരിന്റെ തന്നെ നേരത്തെയുള്ള രേഖകളും മന്ത്രിയുടെ പ്രസ്താവനയും തമ്മിലുള്ള വൈരുദ്ധ്യം സഭയിൽ വലിയ തർക്കത്തിന് വഴിവെച്ചു. 35-ലധികം പേർ മരിച്ചിട്ടുണ്ടെന്നും ഉത്തരവാദികളായ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ഉമംഗ് സിംഗാർ കുറ്റപ്പെടുത്തി.
കുടിവെള്ള പൈപ്പ് ലൈനിലേക്ക് ശൗചാലയത്തിൽ നിന്നുള്ള മലിനജലം കലർന്നതാണ് ദുരന്തത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സുശീൽ കുമാർ ഗുപ്തയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം നടന്നുവരികയാണ്.
പരിക്കേറ്റവർക്ക് സൗജന്യ ചികിത്സയും മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരവും നൽകുമെന്ന് സർക്കാർ അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ട ഇൻഡോറിലുണ്ടായ ഈ ദുരന്തം ഭരണകൂടത്തിന്റെ വലിയ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.









0 comments