ad
Deshabhimani

print edition ബംഗാളിൽ തിരിച്ചുവരും: എം എ ബേബി

M A Baby
വെബ് ഡെസ്ക്

Published on May 12, 2026, 12:08 AM | 1 min read

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലത്തെക്കുറിച്ച്‌ കേരളത്തിലേതിന്‌ സമാനമായ പരിശോധന ബംഗാളിലുമുണ്ടാകുമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. സംസ്ഥാനത്തെ നേതൃസമിതി യോഗങ്ങൾ വെള്ളിയാഴ്‌ച മുതൽ മൂന്നുദിവസങ്ങളിലായി ചേരും. ബംഗാളിൽ ബിജെപിയുടെ ജയം വലിയ തിരിച്ചടിയാണ്‌.


വർഗീയ–വിഘടിത–വിദ്വേഷ പ്രചാരണത്തിലൂടെയും വൻതോതിൽ പണമൊഴുക്കിയും തെരഞ്ഞെടുപ്പ്‌ കമീഷൻ അടക്കം കേന്ദ്രഏജൻസികളെ ദുരുപയോഗിച്ചും എസ്‌ഐആർ പ്രക്രിയയിലൂടെയുമാണ്‌ ബിജെപി ജയിച്ചത്‌. തൃണമൂലിന്റെ അഴിമതിക്കും ഏകാധിപത്യ ഭരണത്തിനുമെതിരായ ജനവികാരവും ബിജെപിക്ക്‌ നേട്ടമായി.


അസമിൽ കൂടുതൽ സീറ്റുകളോടെ ബിജെപി വീണ്ടും അധികാരത്തിലെത്തിയത്‌ ഹിന്ദുത്വ–വർഗീയ വലതുപക്ഷ ശക്തികളുടെ വളർച്ചയെയാണ്‌ പ്രതിഫലിക്കുന്നത്‌. പുതുച്ചേരിയിൽ എൻആർ കോൺഗ്രസ്‌–ബിജെപി സഖ്യമാണ്‌ ഭരണത്തിലെത്തിയത്‌. തമിഴ്‌നാട്ടിൽ ഗവർണറെ ഉപയോഗിച്ച്‌ ജനവിധി അട്ടിമറിക്കാൻ ബിജെപിയും സഖ്യകക്ഷികളും ശ്രമിച്ചു.


ടിവികെ നേതാവ്‌ വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാർ രൂപീകരണം തടയുകയായിരുന്നു ശ്രമം. സിപിഐ എമ്മും സിപിഐയും വിസികെയും ഉൾപ്പെടുന്ന ഇടതുപക്ഷം വിജയ്‌യുടെ പാർടിക്ക്‌ പിന്തുണ നൽകാൻ സമയോചിതമായി എടുത്ത തീരുമാനമാണ്‌ ബിജെപി നീക്കങ്ങളെ അട്ടിമറിച്ചത്‌.


പുത്തനുണർവോടെയാണ്‌ ബംഗാൾ തെരഞ്ഞെടുപ്പിലേക്ക്‌ സിപിഐ എം നീങ്ങിയത്‌. യുവാക്കളും വിദ്യാർഥികളും ചെങ്കൊടികളുമായി വലിയതോതിൽ നിരത്തിലിറങ്ങി. പ്രവർത്തകരുടെ ആവേശം ആ നിലയിൽ വോട്ടുകളായില്ല. സിപിഐ എമ്മിന്‌ ഒരു സീറ്റിലും ഇടതുമുന്നണിക്ക്‌ രണ്ടുസീറ്റിലും ജയിക്കാനായി.


ബംഗാൾ നിയമസഭയിൽ സാധാരണ ജനങ്ങൾക്കായി സംസാരിക്കാൻ സിപിഐ എം പ്രതിനിധിയുണ്ടാകും. പുതുച്ചേരി നിയമസഭയിലും ഇടതുപക്ഷത്തിന്‌ എംഎൽഎയുണ്ട്‌. ബംഗാളിൽ തിരുത്തൽ നടപടികളിലൂടെ തിരിച്ചുവരാനാകുമെന്ന ആത്‌മവിശ്വാസമുണ്ട്‌– ബേബി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home