ad
Deshabhimani

print edition എഐസിസി പ്രസിഡന്റിന് കത്തയച്ച് എംഎ ബേബി; പ്രതിപക്ഷ കൂട്ടായ്‌മയെ 
കോൺഗ്രസ്‌ ദുർബലമാക്കി

MA Baby.jpg
വെബ് ഡെസ്ക്

Published on Jun 07, 2026, 12:39 AM | 1 min read

ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുവേളയിൽ കോൺഗ്രസ്‌ ദേശീയ നേതാക്കൾ സിപിഐ എമ്മിനെതിരായി നടത്തിയ അടിസ്ഥാനരഹിത ആരോപണങ്ങളിലും ആക്ഷേപങ്ങളിലും കടുത്ത വിയോജിപ്പ്‌ അറിയിച്ച്‌ ജനറൽ സെക്രട്ടറി എം എ ബേബി എഐസിസി പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെയ്‌ക്ക്‌ കത്തയച്ചു.


കോൺഗ്രസ്‌ നിലപാട്‌ പ്രതിപക്ഷ കൂട്ടായ്‌മയെ ദുർബലപ്പെടുത്തുന്നതാണെന്നും നേതൃത്വം നിലപാട്‌ വ്യക്തമാക്കണമെന്നും കത്തിൽ പറഞ്ഞു. തിങ്കളാഴ്‌ച ഇന്ത്യാ കൂട്ടായ്‌മയുടെ യോഗം ചേരുന്ന പശ്‌ചാത്തലത്തിലാണ്‌ കത്ത്‌. കൂട്ടായ്‌മയിലെ മറ്റ്‌ കക്ഷികൾക്കും പകർപ്പ്‌ കൈമാറി.


കേരളത്തിൽ സിപിഐ എമ്മും ബിജെപിയും തമ്മിൽ ‘ഡീലാ’ണെന്ന വ്യാജപ്രചാരണം കോൺഗ്രസ്‌ ആസ‍‍ൂത്രിതമായി നടത്തി. മുഖ്യമന്ത്രിയായിരുന്ന സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ധാരണയുണ്ടെന്ന പ്രചാരണവും നടത്തി.


അതല്ലെങ്കിൽ എന്തുകൊണ്ട്‌ ഇഡി പിണറായിയെ ചോദ്യംചെയ്യാനോ അറസ്‌റ്റുചെയ്യാനോ തയ്യാറാകുന്നില്ലെന്ന ചോദ്യവുമുയർത്തി. കോൺഗ്രസ്‌ പ്രചാരണത്തിന്റെ കേന്ദ്രബിന്ദുതന്നെ ഇ‍ൗ വിഷയമായിരുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്കയും താങ്കളുമടക്കം കോൺഗ്രസിന്റെ എല്ലാ ദേശീയനേതാക്കളും ഇത്‌ ഏറ്റെടുത്തു.


2023ൽ ഇന്ത്യാ കൂട്ടായ്‌മ നിലവിൽവന്നതുമുതൽ സിപിഐ എം അതിന്റെ വിജയത്തിനായി പ്രവർത്തിക്കുകയാണ്‌. എന്നാൽ പെട്ടെന്ന്‌ സിപിഐ എമ്മിനെ ബിജെപിയുമായി ധാരണയുണ്ടാക്കുന്നവരായി ചിത്രീകരിച്ചു. കോൺഗ്രസ്‌ പടച്ചുവിട്ട പച്ചക്കള്ളത്തെ ലളിതമായി കാണാനാവില്ല. ബിജെപിയ്‌ക്കെതിരെ രൂപപ്പെട്ട ഐക്യത്തിന്റെ അടിത്തറയിളക്കുന്നതാണിത്‌.


സംഘപരിവാറിനെതിരായ പോരാട്ടത്തിൽ നൂറുക്കണക്കിന്‌ സിപിഐ എം പ്രവർത്തകർക്ക്‌ ജീവൻ നഷ്ടമായിട്ടുണ്ട്‌. 10 വർഷത്തെ ഇടതുപക്ഷ ഭരണത്തിൽ ഒരു വർഗീയ ലഹളപോലും കേരളത്തിലുണ്ടായില്ല.

പിണറായി വിജയനെതിെരെ നടപടിക്ക്‌ രാഹുൽ തുടർച്ചയായി ഇഡിയോട്‌ ആവശ്യപ്പെട്ടു.


ഇത്‌ ബിജെപി വിരുദ്ധ നിലപാടായിരുന്നോ അതോ പ്രതിപക്ഷത്തെ സഹനേതാവിനെതിരെ നിയമവിരുദ്ധ നടപടികളിലേക്ക്‌ മോദി സർക്കാരിനെ ക്ഷണിക്കുകയായിരുന്നോ. ഇത്തരം കാര്യങ്ങളിൽ വ്യക്തതയില്ലെങ്കിൽ ഇന്ത്യാ കൂട്ടായ്‌മയുടെ ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്യപ്പെടും.


മോദി സർക്കാരിന്റെ ജനവിരുദ്ധ–വർഗീയ–ഏകാധിപത്യ നിലപാടുകൾക്കെതിരെ യോജിച്ച പോരാട്ടം ഉറപ്പിക്കാൻ മറ്റ്‌ പ്രതിപക്ഷ പാർടികളുമായും ഇന്ത്യാ കൂട്ടായ്‌മയുമായും തുടർന്നും പാർലമെന്റിൽ സഹകരിക്കും– കത്തിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home