print edition ആദ്യഘട്ടം 140 സ്‌റ്റേഷനിൽ; എസ്‌എച്ച്‌ഒ ചുമതല എസ്‌ഐമാർക്ക്

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: എസ്‌എച്ച്‌ഒ (സ്‌റ്റേഷൻ ഹൗസ് ഓഫീസർ) ചുമതല ഇൻസ്‌പെക്ടർമാരിൽനിന്ന് എസ്‌ഐമാർക്ക് കൈമാറുന്നത് പൊലീസ് സ്‌റ്റേഷൻ പ്രവർത്തനത്തെ ബാധിക്കും. ആദ്യഘട്ടം 140 സ്റ്റേഷനിലാണ് മാറ്റം.
റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി തിങ്കളാഴ്‌ച ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറും. അടുത്ത മന്ത്രിസഭാ യോഗത്തിൽ നിർദേശം അംഗീകരിക്കാൻ ആഭ്യന്തരമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നീക്കം പുരോഗമിക്കുകയാണ്.
പൊലീസ് സ്‌റ്റേഷനുകളെ കേസുകളുടെ എണ്ണം അടിസ്ഥാനമാക്കി എ, ബി, സി കാറ്റഗറിയായി തിരിച്ചാണ് തീരുമാനം നടപ്പാക്കുക. ഇതിൽ ബി, സി എന്നിവയിലുള്ളതാണ് തുടക്കം ചുമതല കൈമാറുന്ന സ്‌റ്റേഷനുകൾ.പ്രശ്‌ന മേഖലകളിലെയും വൻ നഗരങ്ങളിലെയും സ്‌റ്റേഷനുകളിൽ ഇൻസ്‌പെക്ടർമാരെത്തന്നെ എസ്‌എച്ച്‌ഒ ആയി നിലനിർത്തണമെന്ന് റിപ്പോർട്ടിലുണ്ട്.
പുതിയ തീരുമാനത്തോടെ നിരവധി എസ്‌ഐമാരുടെ സ്ഥാനക്കയറ്റം മുടങ്ങും. വീണ്ടും സർക്കിളുകൾ ആരംഭിക്കാനും നിർദേശമുണ്ട്. ഒരു സർക്കിളിൽ റൈറ്റർ, ഡ്രൈവർ ഉൾപ്പെടെ ശരാശരി 10 പൊലീസുകാരെ മറ്റ് ജോലികൾക്കോ (അദർ ഡ്യൂട്ടി) ജോലി ക്രമീകരണത്തിനോ (വർക്കിങ് അറേഞ്ച്‌മെന്റ്) ആയി നിയമിക്കേണ്ടിവരും. അത്രയും പൊലീസുകാരുടെ സേവനം സ്‌റ്റേഷനുകൾക്ക് നഷ്ടമാകും.
പൊലീസ് സ്‌റ്റേഷനുകളുടെ ചുമതല ഇൻസ്‌പെക്ടർമാർക്ക് നൽകിയത് 2017 ഒക്‌ടോബർ 18നാണ്. ഇത് 484 സ്‌റ്റേഷനിൽ നടപ്പാക്കി. ദേശീയ പൊലീസ് കമീഷനുകളും സുപ്രിംകോടതിയും വർഷങ്ങൾക്കുമുന്പേ ഇക്കാര്യം ഉന്നയിച്ചതാണ്. കേരള പൊലീസ് പരിഷ്‌കരണത്തെക്കുറിച്ച് പഠിച്ച ജസ്‌റ്റിസ് കെ ടി തോമസ് കമീഷൻ റിപ്പോർട്ടിലും ഇൻസ്‌പെക്ടർമാരെ എസ്‌എച്ച്‌ഒമാരാക്കണമെന്നുണ്ട്.
തമിഴ്‌നാട്, കർണാടകം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ ഇൻസ്‌പെക്ടർമാർക്കാണ് സ്‌റ്റേഷൻ ചുമതല.
യുഡിഎഫ് സർക്കാർ ഇൗ സംവിധാനം പൊളിക്കാൻ സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ കമ്മിറ്റിയെ നിയോഗിച്ചു. സ്‌റ്റേഷൻ ചുമതല എസ്‌ഐമാർക്ക് കൈമാറുമെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിൽ കമ്മിറ്റി നിയമനം കണ്ണിൽ പൊടിയിടലായി.










0 comments