print edition മലയാളസിനിമ താണ്ടിയ കടൽ

ആദിത്യ എസ്
Published on Jun 07, 2026, 02:28 AM | 5 min read
കേരളത്തിന്റെ അറുന്നൂറോളം കിലോമീറ്റർ ദൈർഘ്യമുള്ള സമുദ്രതീരം ഭൂമിശാസ്ത്രപരമായ അതിരല്ല; അത് ജനതയുടെ ചരിത്രം, സംസ്കാരം, അതിജീവനം എന്നിവയിൽ വേരൂന്നിയ ഒന്നാണ്. മലയാളസിനിമ തുടക്കംമുതൽ പ്രകൃതിയെയും പരിസ്ഥിതിയെയും പ്രമേയമാക്കിയിട്ടുണ്ട്. ആദ്യകാല സിനിമകളിൽ സമുദ്രം ദൃശ്യപരമായ പശ്ചാത്തലമോ അലങ്കാരമോ മാത്രമായിരുന്നെങ്കിൽ, കാലിക ചിത്രങ്ങളിൽ അത് സാമൂഹിക -രാഷ്ട്രീയ സംഘർഷങ്ങളുടെയും ഉപജീവനപ്രതിസന്ധികളുടെയും അരികുവൽക്കരണത്തിന്റെയും സങ്കീർണഭൂമികയായി രൂപാന്തരപ്പെട്ടിരിക്കുന്നു.
പരമ്പരാഗത സിനിമകളിൽ പലപ്പോഴും മത്സ്യത്തൊഴിലാളികൾ "അന്തരീക്ഷ ഘടകങ്ങൾ’മാത്രമായി ഒതുക്കപ്പെട്ടു. അവർ സൂര്യാസ്തമയത്തിന്റെ പശ്ചാത്തലത്തിൽ വല വലിക്കുന്ന നിഴൽരൂപങ്ങളായോ അല്ലെങ്കിൽ സിനിമയിലെ നായകന്റെ വൈകാരിക ക്ലൈമാക്സിൽ കരയുന്ന അപ്രധാന കഥാപാത്രങ്ങളായോ വിഭാവനം ചെയ്യപ്പെട്ടു. തീരദേശത്തിന്റെ തനതായ തൊഴിൽഗന്ധത്തെയും അധ്വാനത്തെയും വ്യവസ്ഥാപിതസമൂഹം അപകർഷതയോടെയാണ് അന്ന് നോക്കിക്കണ്ടത്. ഈ പശ്ചാത്തലത്തിലാണ് കടൽ പ്രമേയമാക്കിയ ചിത്രങ്ങളിലെ മാറ്റങ്ങൾ ശ്രദ്ധിക്കേണ്ടത്.
കടലെഴുതിയ ക്ലാസിക്കുകൾ
മലയാളസിനിമയിൽ കടലിനെ കേന്ദ്രപ്രമേയമാക്കി മാറ്റിയ ആദ്യകാലചിത്രങ്ങൾ മനുഷ്യന്റെ വിധി നിർണയിക്കുന്ന അദൃശ്യ ശക്തിയായോ പരമ്പരാഗത സദാചാരത്തിന്റെ വിധികർത്താവായോ ആണ് കടലിനെ അവതരിപ്പിച്ചത്. നീല പ്രൊഡക്‌ഷൻസിനുവേണ്ടി പി സുബ്രഹ്മണ്യം നിർമിച്ച ചിത്രമാണ് ‘കടൽ'.
മുട്ടത്തുവർക്കിയുടെ കഥയും തിരക്കഥയും അടിസ്ഥാനമാക്കി ഒരുക്കിയ ഈ ചിത്രം 1968ലാണ് പ്രദർശനത്തിന് എത്തിയത്. മധു, ശാരദ, ശാന്തി, രാജശ്രീ, കെ പി ഉമ്മർ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം, തീരദേശത്തെ ലത്തീൻ കത്തോലിക്കാ സമുദായത്തിനിടയിലെ പ്രണയവും പ്രാദേശിക കലഹങ്ങളുമാണ് ചർച്ച ചെയ്തത്. എം ബി ശ്രീനിവാസൻ ഈണമിട്ട ഗാനങ്ങൾ തീരദേശജീവിതത്തെയും മീൻപിടിത്തത്തെയും മനോഹരമായി ആവിഷ്കരിച്ചു.
തകഴി ശിവശങ്കരപ്പിള്ളയുടെ വിഖ്യാതമായ നോവലിനെ അടിസ്ഥാനമാക്കി രാമു കാര്യാട്ട് സംവിധാനം ചെയ്ത ‘ചെമ്മീൻ' (1966) മലയാള ചലച്ചിത്രചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ നിർമിതിയാണ്. കറുത്തമ്മ (ഷീല) എന്ന മുക്കുവപ്പെണ്ണും പരീക്കുട്ടി (മധു) എന്ന മുസ്ലിം വ്യവസായിയും തമ്മിലുള്ള പ്രണയമാണ് ഇതിവൃത്തം. കടലിൽ പോകുന്ന ഭർത്താവിന്റെ (പളനി–സത്യൻ) സുരക്ഷിതത്വം കരയിലിരിക്കുന്ന ഭാര്യയുടെ ചാരിത്ര്യശുദ്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന ഐതിഹ്യമാണ് ചിത്രത്തിന്റെ പ്രമേയപരമായ കാതൽ.
തകഴിയുടെ നോവൽ ആലപ്പുഴ തീരദേശത്തെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും തൃശൂരിലെ നാട്ടികയിലും വർക്കല ബീച്ചിലുമാണ് ചിത്രീകരിച്ചത്. 1965-ലെ 13–-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള രാഷ്ട്രപതിയുടെ സ്വർണമെഡൽ നേടുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രമായി ‘ചെമ്മീൻ' മാറി. മാർക്കസ് ബാർട്‌ലി നിർവഹിച്ച ഛായാഗ്രഹണം കാൻ ചലച്ചിത്രമേളയിലും ചിക്കാഗോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും വലിയ പുരസ്കാരങ്ങൾ നേടി.
സംഘർഷങ്ങളുടെ കടൽ
മലയാളത്തിലെ സമാന്തര സിനിമകളിൽ കടലും കായലും പലപ്പോഴും മനുഷ്യന്റെ ആന്തരിക സംഘർഷങ്ങളുടെയും വേരറുക്കപ്പെടലിന്റെയും പ്രതീകങ്ങളായി മാറിയിട്ടുണ്ട്. ഷാജി എൻ കരുൺ സംവിധാനം ചെയ്ത ‘പിറവി’ (1988) എന്ന ചിത്രം കാണാതായ മകൻ ഉണ്ണിയെ കാത്തിരിക്കുന്ന വയോധികനായ അച്ഛന്റെ (പ്രേംജി) ദുഃഖത്തെ ഒരു കൊച്ചു തീരദേശഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് അവതരിപ്പിച്ചത്.
ഇവിടെ പ്രകൃതിയും പരിസ്ഥിതിയും മനുഷ്യദുഃഖത്തിന്റെ നേർക്കാഴ്ചകളായി മാറുന്നു. ജി അരവിന്ദൻ സംവിധാനം ചെയ്ത ‘വാസ്തുഹാര' (1990) ആൻഡമാൻ ദ്വീപുകളിലേക്ക് അഭയാർഥികളെ പുനരധിവസിപ്പിക്കുന്ന പ്രക്രിയയിലൂടെ വേരറുക്കപ്പെടുന്ന ജനതയുടെ ദുരന്തങ്ങളെ സമുദ്രത്തിന്റെ അതിരുകളില്ലാത്ത വിസ്തൃതിയുമായി ബന്ധപ്പെടുത്തി. പരിസ്ഥിതിയും മനുഷ്യന്റെ അതിജീവനവും തമ്മിലുള്ള ബന്ധത്തെ അതീവഗൗരവത്തോടെ കൈകാര്യം ചെയ്ത സിനിമകളാണ് ജയരാജിന്റെ ‘ഒറ്റാൽ' (2014), ഡോ. ബിജുവിന്റെ ‘വെയിൽമരങ്ങൾ' (2019) തുടങ്ങിയവ.
അമരം എന്ന കടൽ കാവ്യം
എൺപതുകളിലും തൊണ്ണൂറുകളിലും മലയാള ചലച്ചിത്രഭാവുകത്വത്തെ നിർണയിച്ച ഭരതനും പത്മരാജനും കടലോരത്തെ മനുഷ്യരുടെ വ്യക്തിബന്ധങ്ങളെ അതിസൂക്ഷ്മമായി ദൃശ്യവൽക്കരിച്ചു. ഭരതൻ-–ലോഹിതദാസ് കൂട്ടുകെട്ടിൽ പിറന്ന ‘അമരം' (1991) മലയാളസിനിമയിലെ എക്കാലത്തെയും ക്ലാസിക്കുകളിൽ ഒന്നാണ്.
അച്ചൂട്ടി (മമ്മൂട്ടി) എന്ന വിദ്യാഭ്യാസമില്ലാത്ത മത്സ്യത്തൊഴിലാളി തന്റെ മകൾ രാധയെ (മാതു) പഠിപ്പിച്ച് ഡോക്ടറാക്കാൻ സ്വപ്‌നം കാണുന്നു. എന്നാൽ, അവൾ രാഘവൻ (അശോകൻ) എന്ന യുവാവുമായി പ്രണയത്തിലാകുന്നതോടെ അച്ചൂട്ടിയുടെ സ്വപ്‌നങ്ങൾ തകരുന്നു. കൊച്ചുരാമൻ (മുരളി), ഭാർഗവി (കെപിഎസി ലളിത) എന്നിവർ ചിത്രത്തിലെ കഥാഗതിയെ സ്വാധീനിക്കുന്ന പ്രധാന കഥാപാത്രങ്ങളാണ്. മധു അമ്പാട്ടിന്റെ അവാർഡ് നേടിയ ഛായാഗ്രഹണം കടലിന്റെ വിസ്മയിപ്പിക്കുന്ന വന്യതയെ പൂർണമായും ഒപ്പിയെടുത്തു.
കട്ടമരത്തിൽ കടലിൽ പോകുന്ന അച്ചൂട്ടിയുടെ ദൃശ്യങ്ങൾ ഒരുവിധ സാങ്കേതികസഹായവുമില്ലാതെ കടലിന്റെ മധ്യത്തിൽനിന്നാണ് ചിത്രീകരിച്ചത്. രവീന്ദ്രന്റെ സംഗീതവും ജോൺസന്റെ പശ്ചാത്തലസംഗീതവും ചിത്രത്തിന്റെ വൈകാരികതയ്ക്ക് മാറ്റുകൂട്ടി. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം കെപിഎസി ലളിതയും ഫിലിം ഫെയർ അവാർഡ് മമ്മൂട്ടിയും നേടി. 2025 നവംബറിൽ തിയറ്ററുകളിൽ പുനർനിർമിച്ച 4K പതിപ്പായി ചിത്രം റിലീസ് ചെയ്തപ്പോഴും വലിയ ജനപ്രീതിയാണ് ലഭിച്ചത്.
നിഗൂഢതകളുടെ കടൽ
പത്മരാജൻ രചനയും സംവിധാനവും നിർവഹിച്ച ‘മൂന്നാംപക്കം' (1988) കടലിലെ അപകടങ്ങളെയും പ്രാദേശികവിശ്വാസങ്ങളെയും മുൻനിർത്തി നിർമിച്ച ചിത്രമാണ്. തമ്പി (തിലകൻ) എന്ന റിട്ടയേർഡ് അക്കൗണ്ടന്റിന്റെ അടുക്കലേക്ക് അവധിക്കാലം ആഘോഷിക്കാൻ കൊച്ചുമകൻ ഭാസി (ജയറാം) സുഹൃത്തുക്കളായ ലോപ്പസ് (റഹ്മാൻ), രഞ്ജിത് (അശോകൻ) എന്നിവരോടൊപ്പം എത്തുന്നു.
അവർ കടലിൽ കുളിക്കാനിറങ്ങുന്നതിനിടയിൽ ഭാസിയെയും ലോപ്പസിനെയും വൻ തിരമാലകൾ അപഹരിക്കുന്നു. കടലെടുത്തത് എന്തും മൂന്നാംദിവസം തിരികെ നൽകുമെന്ന പ്രാദേശികജനതയുടെ വിശ്വാസത്തിന്റെ കാത്തിരിപ്പാണ് സിനിമയുടെ കാതൽ. ഒടുവിൽ മൂന്നാംദിവസം കൊച്ചുമകന്റെ മൃതദേഹം തിരികെ ലഭിക്കുന്നതോടെ മാനസികമായി തകരുന്ന തമ്പി, ബലികർമങ്ങൾക്കിടയിൽ കടലിൽ ആത്മഹത്യ ചെയ്യുന്നു. കന്യാകുമാരിയിലും കുളച്ചലിലുമായി ചിത്രീകരിച്ച ഈ ചിത്രം, കടലിലെ നിഗൂഢതകളെ ഭയത്തോടെ പ്രതിനിധാനം ചെയ്യുന്നു.
അന്തിക്കടപ്പുറത്ത്
ജോൺ പോൾ എഴുതി ഭരതൻ സംവിധാനം ചെയ്ത ‘ചമയം' (1993) കടലോരത്ത് ജീവിക്കുന്ന രണ്ടു നാടക കലാകാരന്മാരുടെ കഥയാണ്. ആന്റോ (മനോജ് കെ. ജയൻ), എസ്തപ്പാൻ ആശാൻ (മുരളി), ലിസ (സിതാര) എന്നിവരിലൂടെ കടലോരജീവിതത്തിന്റെ കഠിനമായ തൊഴിൽയാഥാർഥ്യങ്ങൾക്കൊപ്പം അവരുടെ കലാപരമായ മോഹങ്ങളും പരാജയങ്ങളും ചിത്രം കാണിച്ചുതരുന്നു. ജോൺസന്റെ സംഗീതവും കൈതപ്രത്തിന്റെ വരികളും ചിത്രത്തിന് പ്രത്യേക ഭാവുകത്വം നൽകി.
ജയരാജ് സംവിധാനം ചെയ്ത ‘തുമ്പോളി കടപ്പുറം' (1995) തീരദേശത്തെ പ്രാദേശിക മാഫിയകളും മത്സ്യത്തൊഴിലാളികളും തമ്മിലുള്ള കലഹത്തിന്റെ ചിത്രമാണ്. മെത്രിഞ്ചു (വിജയരാഘവൻ), വില്യംസ് (മനോജ് കെ ജയൻ), ക്ലാര (സിൽക്ക് സ്മിത), മേരി (പ്രിയ രാമൻ) എന്നിവരിലൂടെ ‘ചാകര'സമയത്തെ കുടിപ്പകകളാണ് ആവിഷ്കരിച്ചത്. സലിൽ ചൗധരിയുടെ വിഖ്യാതമായ ഈണം ഈ ചിത്രത്തിന് വലിയ പ്രശസ്തി നേടിക്കൊടുത്തു.
തുറമുഖങ്ങളിലെ കടൽ
കൊച്ചി തുറമുഖത്തിന്റെ പശ്ചാത്തലത്തിൽ നിർമിച്ച രണ്ട് വ്യത്യസ്ത ചിത്രങ്ങൾ പരിശോധിക്കുന്നത് തീരദേശ സിനിമകളിലെ രാഷ്ട്രീയമാറ്റങ്ങളെ മനസ്സിലാക്കാൻ സഹായിക്കും. ആലപ്പി ഷെരീഫ് തിരക്കഥയെഴുതി ജേസി സംവിധാനം ചെയ്ത ‘തുറമുഖം' (1979) സോമൻ (ഹംസ), സുകുമാരൻ (പീറ്റർ), അംബിക (റോസി), സുകുമാരി (കൊച്ചുത്രേസ്യ) എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നിർമിച്ചതാണ്. വിദേശ കപ്പൽ ക്യാപ്റ്റൻമാരെ കേന്ദ്രീകരിച്ച് ജീവിക്കുന്ന കൊച്ചുത്രേസ്യയുടെയും കപ്പലുകളിൽനിന്നുള്ള കള്ളക്കടത്തിലൂടെ ജീവിക്കുന്ന ഹംസയുടെയും കഥയാണ് ഇത്.
പീറ്ററും ഹംസയും തമ്മിലുള്ള പകയുടെ അവസാനം ഹംസയെ പീറ്റർ കുത്തി കടലിൽ എറിയുന്നതോടെ ചിത്രം അവസാനിക്കുന്നു. ഈ സിനിമയിൽ തുറമുഖം എന്നത് കേവലം കുറ്റകൃത്യങ്ങളുടെയും വ്യക്തിഗത കലഹങ്ങളുടെയും പശ്ചാത്തലമായിരുന്നു. ഗോപൻ ചിദംബരൻ തിരക്കഥയെഴുതി രാജീവ് രവി സംവിധാനം ചെയ്ത ‘തുറമുഖം' (2023) കൊച്ചിയുടെ യഥാർഥ തൊഴിലാളിസമരചരിത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. 1940-കളിലും ’50-കളിലും കൊച്ചി മട്ടാഞ്ചേരി തുറമുഖത്ത് നിലനിന്നിരുന്ന ക്രൂരമായ ‘ചാപ്പ' സമ്പ്രദായത്തിനെതിരെ തൊഴിലാളികൾ നടത്തിയ പോരാട്ടമാണ് ഇതിവൃത്തം.
നിവിൻ പോളി (മൊയ്തു), ജോജു ജോർജ് (മൈമു), ഇന്ദ്രജിത് (സാന്റോ ഗോപാലൻ), അർജുൻ അശോകൻ (ഹംസ), നിമിഷ സജയൻ (ഉമാനി) തുടങ്ങിയവർ അണിനിരന്ന ഈ ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. ജോജു ജോർജ് ഇതിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി. സിദ്ദിഖ് ഷമീർ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ‘കടൽ' (1994) എന്ന സിനിമ ബാബു ആന്റണി, ചാർമിള, വിജയരാഘവൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നിർമിച്ചതാണ്. കുടിപ്പകയുടെ കഥയാണ്. പി ഭാസ്കരന്റെ വരികൾക്ക് എസ് പി വെങ്കടേഷ് സംഗീതം നൽകിയ ഈ ചിത്രം ആദ്യകാലസിനിമകളിലെ കാൽപ്പനികതയുടെ തുടർച്ചയായിരുന്നു.
മരണഭീകരതയുടെ കടൽ
സമകാലിക ചലച്ചിത്രങ്ങളിൽ കടൽ എന്നത് അതിജീവനത്തിന്റെ പശ്ചാത്തലമല്ല, മറിച്ച് പ്രാദേശിക സമുദായങ്ങളുടെ ആചാരങ്ങളും മരണാനന്തര ജീവിതസങ്കൽപ്പങ്ങളും ആഗോള രാഷ്ട്രീയവും പ്രതിഫലിപ്പിക്കുന്ന സജീവസാന്നിധ്യമാണ്. ലിജോ ജോസ് പെല്ലിശേരിയുടെ ‘ഈ.മ.യൗ' (2018) ചെല്ലാനം തീരദേശത്തെ ലത്തീൻ കത്തോലിക്കാ സമുദായ പശ്ചാത്തലത്തിൽ നിർമിച്ച ബ്ലാക്ക് കോമഡിയാണ്.
വാവാച്ചൻ മേസ്ത്രിയുടെ (കൈനകരി തങ്കരാജ്) പെട്ടെന്നുള്ള മരണത്തെ തുടർന്ന് മകൻ ഈശി (ചെമ്പൻ വിനോദ്) തന്റെ പിതാവിന് ഒരു വൻ ശവസംസ്കാരം നടത്താൻ ശ്രമിക്കുന്നതും അതിനിടയിലെ പ്രാദേശിക രാഷ്ട്രീയ കലഹങ്ങളുമാണ് പ്രമേയം. പെണ്ണമ്മ (പോളി വത്സൻ) പാടുന്ന മരണപ്പാട്ടുകൾ വലിയ ആക്ഷേപഹാസ്യമായി മാറുന്നു.
സിനിമയുടെ ഒടുവിൽ പ്രഭാമയമായ സന്ധ്യയിൽ രണ്ട് തോണികൾ കടൽത്തീരത്തേക്ക് അടുക്കുന്നതും കറുപ്പും വെളുപ്പും ധരിച്ച മാലാഖമാരും യമധർമന്മാരും ആത്മാക്കളെ കൊണ്ടുപോകാൻ കാത്തിരിക്കുന്നതുമായ ദൃശ്യങ്ങൾ സ്വീഡിഷ് സംവിധായകൻ ഇംഗ്മർ ബെർഗ്‌മാന്റെ ‘ദ സെവൻത് സീൽ' എന്ന ചിത്രത്തിനുള്ള ആദരമാണ്. ചിത്രത്തിന്റെ ശബ്ദരേഖയിൽ നിരന്തരം ആഞ്ഞടിക്കുന്ന കാറ്റിന്റെയും കടലിരമ്പത്തിന്റെയും ശബ്ദങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് സംവിധായകൻ മരണത്തിന്റെ ഭീകരതയെ ദൃശ്യവൽക്കരിച്ചു. ഈ ചിത്രം മികച്ച സംവിധായകനുള്ള സംസ്ഥാന–ദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കി.
സമകാലിക കടൽ
ജയിംസ് ആൽബർട്ട് സംവിധാനം ചെയ്ത ‘മറിയം മുക്ക്' (2015) പോർച്ചുഗീസ് പാരമ്പര്യത്തിൽ വിശ്വസിക്കുന്ന തീരദേശ ഗ്രാമത്തിന്റെ കഥയാണ്. ഫെലിക്സ് (ഫഹദ് ഫാസിൽ), സലോമി (സന അൽത്താഫ്) എന്നിവരിലൂടെ തീരദേശത്തിന്റെ തനതായ രൂപങ്ങളും മാജിക്കൽ റിയലിസത്തിന്റെ ഘടകങ്ങളും കൂട്ടിയിണക്കിയാണ് ചിത്രം രൂപപ്പെടുത്തിയത്. വിദ്യാസാഗർ ചിട്ടപ്പെടുത്തിയ ‘ഈ കടലിനു കോള്' എന്ന മഴഗാനം തീരദേശപ്രണയത്തിന്റെ മനോഹരമായ ദൃശ്യാവിഷ്കാരമായിരുന്നു.
അജിത് മാമ്പള്ളി സംവിധാനം ചെയ്ത ‘കൊണ്ടൽ' (2024) മലയാള സിനിമയുടെ സമുദ്രപ്രാതിനിധ്യത്തിലെ ഏറ്റവും പുതിയ പരിണാമമാണ്. അഞ്ചുതെങ്ങ് സ്വദേശിയായ മത്സ്യത്തൊഴിലാളി മാനുവൽ (ആന്റണി വർഗീസ്), തന്റെ സഹോദരൻ ഡാനിയുടെ (രാജ് ബി ഷെട്ടി) ദുരൂഹമരണത്തിന്റെ രഹസ്യങ്ങൾ തേടി മുനമ്പം ഹാർബറിൽനിന്ന് പോകുന്ന വലിയ മീൻപിടിത്തക്കപ്പലിൽ ചേരുന്നു. കടലിലെ കുടിപ്പകകളും കപ്പലിലെ കഠിനമായ തൊഴിൽരീതികളും റിയലിസ്റ്റിക് രീതിയിലാണ് ചിത്രീകരിച്ചത്. അശാസ്ത്രീയമായ തുറമുഖ നിർമാണങ്ങളും വികസനങ്ങളും കാരണം കടൽപ്രവാഹങ്ങൾ മാറുന്നതും മുതലപ്പൊഴിപോലുള്ള പ്രദേശങ്ങളിൽ നിരന്തരം വള്ളങ്ങൾ മറിഞ്ഞ് ആളുകൾ മരിക്കുന്നതുമായ സമകാലിക ദുരന്തങ്ങളെയും ചിത്രം പ്രതിനിധാനംചെയ്യുന്നു.
കടൽ എന്ന രാഷ്‌ട്രീയശബ്‌ദം
മലയാള ചലച്ചിത്രചരിത്രത്തിലൂടെ കടന്നുപോകുമ്പോൾ കടലും തീരദേശവും ചിത്രീകരിക്കപ്പെട്ട ശൈലിയിൽ വലിയ സാമൂഹികമായ പരിവർത്തനം കണ്ടെത്താൻ കഴിയും. ആദ്യകാലത്ത് ‘ചെമ്മീൻ'പോലുള്ള ചിത്രങ്ങൾ മുന്നോട്ടുവച്ച മിത്തോളജിക്കൽ സദാചാരബോധത്തിൽനിന്ന് അമരവും മൂന്നാംപക്കവും അടയാളപ്പെടുത്തിയ വൈകാരികപ്രതിനിധാനങ്ങളിലേക്ക് സിനിമ വികസിച്ചു.
ഇന്ന് തുറമുഖം, കൊണ്ടൽ എന്നീ ചിത്രങ്ങളിലേക്ക് എത്തുമ്പോൾ മലയാളസിനിമ സമുദ്രത്തെ കാണുന്നത് കേവലം പ്രകൃതിയുടെ സുന്ദരമായ ഒരു ചിത്രമായല്ല, മറിച്ച് സാമ്പത്തികചൂഷണങ്ങൾക്കും പ്രകൃതിക്ഷോഭങ്ങൾക്കും മുന്നിൽ പൊരുതുന്ന ഒരു ജനവിഭാഗത്തിന്റെ രാഷ്ട്രീയശബ്ദമായാണ്. കടലോരജനത തങ്ങളുടെ തലമുറകളായുള്ള സമുദ്രജ്ഞാനത്തെ പ്രതിരോധത്തിന്റെ ആയുധമാക്കുന്നതും അവരുടെ കഠിനാധ്വാനവും സമുദ്രത്തിലെ അപകടങ്ങളും വ്യവസ്ഥാപിത സിനിമയിൽ യഥാർഥമായി അടയാളപ്പെടുത്തപ്പെടുന്നതും സമകാലിക സിനിമയിലെ വലിയ നേട്ടമാണ്.










0 comments