ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി; ജനറിക് മരുന്നുകൾക്ക് 200% വരെ നികുതി പ്രഖ്യാപിച്ച് ട്രംപ്

വാഷിംഗ്ടൺ: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകൾക്ക് ഘട്ടംഘട്ടമായി വൻ നികുതി വർധന ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി യു എസ് പ്രെസിഡന്റ് ഡോണൾഡ് ട്രംപ്. മരുന്ന് നിർമ്മാണ മേഖല പൂർണമായും അമേരിക്കയിലേക്ക് തന്നെ തിരികെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപിന്റെ ഈ പുതിയ നീക്കം. അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ ജനറിക് മരുന്നുകൾ കയറ്റി അയക്കുന്ന രാജ്യങ്ങളിൽ ഒന്നായ ഇന്ത്യയെ ഈ തീരുമാനം വരും വർഷങ്ങളിൽ സാരമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴി വ്യക്തമാക്കിയ പുതിയ നയമനുസരിച്ച്, ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകൾക്ക് 0%, 100%, 200% എന്നിങ്ങനെയാണ് ട്രംപ് നികുതി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഇത് പെട്ടെന്നൊരു ദിവസം നടപ്പിലാക്കില്ല. വിദേശ കമ്പനികൾക്ക് അമേരിക്കയിൽ സ്വന്തമായി ഫാക്ടറികളും അടിസ്ഥാന സൗകര്യങ്ങളും നിർമ്മിക്കുന്നതിനായി ആദ്യത്തെ രണ്ട് വർഷം (2026 ആഗസ്റ്റ് 1 മുതൽ) തൽക്കാലം ആശ്വാസമായി 0% നികുതി (നികുതിയില്ല) അനുവദിച്ചിട്ടുണ്ട്.
എന്നാൽ ഈ രണ്ട് വർഷത്തെ കാലാവധി കഴിയുന്നതോടെ മൂന്നാം വർഷം മുതൽ നികുതി 100 ശതമാനമായി ഉയർത്തും. അതിനുശേഷവും അമേരിക്കയിൽ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കാൻ തയ്യാറാകാത്ത കമ്പനികളുടെ മരുന്നുകൾക്ക് മേൽ നാലാം വർഷം മുതൽ 200 ശതമാനം എന്ന കടുത്ത നികുതി ചുമത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. അതേസമയം, ബ്രാൻഡഡ് അല്ലെങ്കിൽ പേറ്റന്റുള്ള മരുന്നുകൾക്ക് നിലവിലുള്ള നികുതി നയം മാറ്റമില്ലാതെ തുടരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ആഗോളതലത്തിൽ ഇന്ത്യയുടെ ആകെ ഫാർമ കയറ്റുമതിയുടെ വലിയൊരു പങ്ക് അമേരിക്കയിലേക്കാണ് പോകുന്നത്. മുൻനിര ഇന്ത്യൻ കമ്പനികൾക്കെല്ലാം ഈ തീരുമാനം വലിയ വെല്ലുവിളിയാകും. ആദ്യത്തെ രണ്ടു വർഷം തൽക്കാലം ആശ്വാസമാണെങ്കിലും, അതിനുശേഷം വരുന്ന 100%, 200% നികുതികൾ ഇന്ത്യൻ മരുന്നുകളുടെ വില യു എസ് വിപണിയിൽ കുത്തനെ കൂട്ടുകയും മത്സരക്ഷമത ഇല്ലാതാക്കുകയും ചെയ്യും.
യു.എസ് വിപണിയിലെ തങ്ങളുടെ സ്വാധീനം കൈവിട്ടു പോകാതിരിക്കാൻ ഇന്ത്യൻ കമ്പനികൾക്ക് ഇനി അമേരിക്കയിൽ തന്നെ സ്വന്തമായി നിർമ്മാണ യൂണിറ്റുകൾ തുടങ്ങുകയോ അല്ലെങ്കിൽ അവിടുത്തെ പ്രാദേശിക കമ്പനികളുമായി കരാറുകളിൽ ഏർപ്പെടുകയോ ചെയ്യേണ്ടി വരും. ഇത് കമ്പനികളുടെ ഉൽപ്പാദന ചിലവ് വൻതോതിൽ വർധിപ്പിക്കും.










0 comments