എഐഇഎസ്എൽ സമരം: തൊഴിലാളിപ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കണം: എം എ ബേബി

ന്യൂഡൽഹി : പൊതുമേഖല സ്ഥാപനമായ എയർ ഇന്ത്യ എൻജിനിയറിങ് സർവീസസ് ലിമിറ്റഡിലെ(എഐഇഎസ്എൽ) തൊഴിലാളിപ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. വേതനവർധന ആവശ്യപ്പെട്ട് ഫിക്‌സഡ് ടേം വ്യവസ്ഥയിലുള്ള തൊഴിലാളികളാണ് സമരത്തിലുള്ളത്. സ്ഥിരംജോലിക്കാരുടെ വേതനത്തിന്റെ മൂന്നിലൊന്ന് മാത്രമാണ് ഫിക്‌സഡ് ടേം തൊഴിലാളിക്ക് ലഭിക്കുന്നത്. തുല്യ ജോലിക്ക് തുല്യ വേതനമെന്ന ആവശ്യം അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണം.
12 മുതൽ 14 മണിക്കൂർ വരെയാണ് തൊഴിൽസമയം. അധികവേതനമായി ലഭിക്കുന്നത് വെറും 85 രൂപയും. അധികജോലിക്ക് ഇരട്ടിവേതനം നൽകണമെന്ന നിയമത്തിന്റെ നഗ്നമായ ലംഘനമാണിത്. ആവശ്യങ്ങളുന്നയിച്ച് മാനേജ്‌മെന്റിനെ കണ്ട തൊഴിലാളി പ്രതിനിധികളെ പ്രതികാര ബുദ്ധിയോടെ പിരിച്ചുവിട്ടു. നിലവിലെ പ്രശ്‌നത്തെത്തുടർന്ന് നാഗ്‌പുരിലെ ഡെപ്യൂട്ടി ചീഫ് ലേബർ കമീഷണർ(സെൻട്രൽ) മാനേജ്‌മെന്റിനെതിരെ നടപടിയെടുക്കാൻ നിർബന്ധിതരാകുമെന്ന മുന്നറിയിപ്പ് നൽകിയിരുന്നു.
തൊഴിലാളികളെ പിരിച്ചുവിടുന്നത് പ്രശ്‌നം രൂക്ഷമാക്കുമെന്നും കമീഷണർ അറിയിച്ചിരുന്നു. ഇതൊന്നും എഐഇഎസ്‌എൽ ചെവികൊണ്ടില്ല. എയർഇന്ത്യ ഉൾപ്പെടെ നിരവധി കന്പനികൾ എഐഇഎസ്‌എല്ലിലെ തൊഴിലാളികളെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നതെന്നും എം എ ബേബി കത്തിൽ പറഞ്ഞു.










0 comments