print edition ടിവികെയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കണം: എം എ ബേബി

ന്യൂഡൽഹി: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ടിവികെയെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കാത്തത് സംശയാസ്‌പദമാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു.
തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടിയ പാർടിയെയോ മുന്നണിയെയോ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുന്നതാണ് രീതിയെന്നും അജോയ് ഭവനിൽ സിപിഐ ജനറൽ സെക്രട്ടറി ഡി രാജയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം എം എ ബേബി മാധ്യമങ്ങളോട് പറഞ്ഞു.
തമിഴ്‌നാട്ടിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന് സംസ്ഥാന ഘടകം ചർച്ച ചെയ്‌ത് തീരുമാനിക്കും. ടിവികെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുന്നതിന് എന്തുകൊണ്ടാണ് ഗവർണർ കാലതാമസം വരുത്തുന്നതെന്ന് മനസ്സിലാവുന്നില്ല. ജനവിധിയും ജനാധിപത്യവും അട്ടിമറിക്കാൻ പാടില്ല.
ഇതുറപ്പാക്കുന്നതിന് ആവശ്യമായ ചർച്ചയാണ് നടത്തിയത്. ടിവികെയെ സർക്കാർ രൂപീകരണത്തിനായി എത്രയും വേഗം ക്ഷണിക്കണം. ഗവർണർ ജനാധിപത്യരീതിയിൽ മുന്നോട്ടുപോകണം. ഇതിന് വിരുദ്ധമായി നീങ്ങുന്നത് സംശയകരമാണ്.
എംഎൽഎമാരുടെ പട്ടികയുമായി വരണം എന്ന് പറയുന്നതിൽ അർത്ഥമില്ല. ഭൂരിപക്ഷമില്ലാതിരുന്ന വാജ്‌പേയിക്ക് സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഒരു മാസം സമയം അനുവദിച്ചിരുന്നു– ബേബി പറഞ്ഞു.
തമിഴ്‌നാട് ഗവർണറുടെ സമീപനം പല ചോദ്യങ്ങളും ഉയർത്തുന്നതാണെന്ന് ഡി രാജ പറഞ്ഞു. കൂടുതൽ സീറ്റുള്ള പാർടിയെ സർക്കാർ രൂപീകരിക്കാൻ അനുവദിക്കണം. ഗവർണർ അതിന് തയ്യാറാവുന്നില്ല. തമിഴ്‌നാട്ടിലെ സാഹചര്യം സങ്കീർണമാണ്. സംസ്ഥാന നേതൃത്വം ചർച്ചകൾ തുടരുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പിനുശേഷമുള്ള അവലോകനമാണ് നടത്തിയത്. കേരളത്തിലെ ഫലം എല്ലാവരും കണ്ടതാണ്. ഇടതുപക്ഷം ഇല്ലാതായി എന്ന ചിന്ത വേണ്ട. കേരളത്തിൽ ശക്തമായി തിരിച്ചുവരും. ബംഗാളിലും തിരിച്ചുവരവുണ്ടാകും– രാജ പറഞ്ഞു.











0 comments