ad
Deshabhimani

പോരാട്ടം ശക്തിപ്പെടുത്തും: എം എ ബേബി

m a baby

സിപിഐ എം ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ എം എ ബേബി മധുര തെപ്പക്കുളത്തിലെ പി രാമമൂർത്തിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം അഭിവാദ്യം ചെയ്യുന്നു ഫോട്ടോ പി വി സുജിത്

avatar
എൻ എസ്‌ സജിത്‌

Published on Apr 08, 2025, 04:05 AM | 2 min read


മധുര : ആർഎസ്‌എസ്‌ നിയന്ത്രിക്കുന്ന മോദി സർക്കാരിന്റെ നവഫാസിസ്‌റ്റ്‌ പ്രവണതകൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ എം എ ബേബി പറഞ്ഞു. മധുര തെപ്പക്കുളത്ത് മുതിർന്ന സിപിഐ എം നേതാവ് പി രാമമൂർത്തിയുടെ പ്രതിമയിൽ മാലയിട്ടശേഷം ‘ദേശാഭിമാനി’യോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


നവഫാസിസ്റ്റ് പ്രവണതകൾക്കെതിരെ പൊരുതാൻ മധുര പാർടി കോൺഗ്രസ് നൽകിയ ആഹ്വാനം ജനങ്ങൾ ഏറ്റെടുക്കും. സിപിഐ എം പാർടി കോൺഗ്രസ്സുകളുടെ ചരിത്രത്തിൽ സംഘാടന മികവുകൊണ്ടും ബഹുജന പങ്കാളിത്തംകൊണ്ടും ഏറ്റവും ശ്രദ്ധേയമായ സമ്മേളനമാണ് മധുരയിൽ വിജയകരമായി സമാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. പാർടിയോട് തമിഴ്നാട്ടിലെ ജനങ്ങൾക്കുള്ള സ്നേഹവിശ്വാസങ്ങളാണ് സമ്മേളനത്തിലൂടനീളവും പിന്നീട് റെഡ് വളണ്ടിയർ മാർച്ചിലും ജനലക്ഷങ്ങൾ പങ്കെടുത്ത പൊതുസമ്മേളനത്തിലും ദൃശ്യമായത്.

മധുരയിൽ ഇതിന് മുമ്പ് 1953 ലും 1972 ലും നടന്ന പാർടി കോൺഗ്രസുകളും പാർടിയുടെ ചരിത്രത്തിൽ നിർണായകമാണ്. 1972ലെ ഒമ്പതാം കോൺഗ്രസിലാണ് ഇന്ദിരാ ഭരണത്തിലെ അമിതാധികാര പ്രവണതയ്ക്കും അർധഫാസിസ്റ്റ് സ്വേച്ഛാധിപത്യത്തിനുമെതിരെ പാർടി രാജ്യത്തിന് മുന്നറിയിപ്പ് നൽകിയത്. അധികം വൈകാതെതന്നെ ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.


പിബിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുൻ സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണനും മധുര എംപി സു വെങ്കടേശനും നേതൃത്വം നൽകിയ സംഘാടക സമിതി എല്ലാ വിഭാഗം ജനങ്ങളെയും സമ്മേളനത്തിന്റെ ഭാഗമാക്കുന്ന മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചത്. ജനങ്ങളുടെ ആവേശ തിമിർപ്പ് നേരിട്ട് അറിയാനായി. പൊതുസമ്മേളനത്തിനൊടുവിൽ മഴ പെയ്തിട്ടും ജനങ്ങൾ ആവേശപൂർവം പ്രസംഗം കേട്ടിരുന്നു. പുന്നപ്ര വയലാർ ദിനത്തിലെ പൊതുയോഗങ്ങളെ അനുസ്മരിപ്പിക്കുംവിധമായിരുന്നു പൊതുയോഗം.


കാലികമായവിഷയങ്ങളിൽ സംഘടിപ്പിച്ച അനുബന്ധ പരിപാടികൾ ദേശീയ ശ്രദ്ധ ആകർഷിച്ചു. കേരള, തമിഴ്നാട് മുഖമന്ത്രിമാരും കർണാടക മന്ത്രി എം സി സുധാകറും പങ്കെടുത്ത സെമിനാർ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്ന നിയന്ത്രണങ്ങൾക്കെതിരെയുള്ള വലിയ താക്കീതായി. പ്രകാശ് രാജ്, രോഹിണി, സമുദ്രക്കനി, വെട്രിമാരൻ, ടി ജെ ജ്ഞാനവേൽ, മാരി ശെൽവരാജ് തുടങ്ങിയ സിനിമാ പ്രവർത്തകരും അനുബന്ധ പരിപാടികൾക്കെത്തി–- -എം എ ബേബി പറഞ്ഞു.


മയക്കുമരുന്ന് ആസക്തി തടയാന്‍ 
ദേശീയ കര്‍മപദ്ധതി വേണം

യുവജനങ്ങള്‍ക്കിടയിലെ മയക്കുമരുന്ന് ആസക്തി തടയാന്‍ സുസ്ഥിരമായ നടപടി വേണമെന്നും ഇതിനായി ദേശീയ കർമ പദ്ധതി രൂപീകരിക്കണമെന്നും മധുരയില്‍ സമാപിച്ച സിപിഐ എമ്മി‍ന്റെ 24–--ാമത് പാര്‍ടി കോൺഗ്രസ് പ്രമേയത്തിലൂടെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാരുകളുടെയും പൊതുസമൂഹത്തിന്റെയും വ്യക്തികളുടെയും കൂട്ടായ പരിശ്രമവും സഹകരണവും ഉറപ്പാക്കണം. സ്കൂളുകളിലും കോളേജുകളിലും ബോധവൽക്കരണം ശക്തമാക്കണം. പുനരധിവാസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം. മയക്കുമരുന്ന് വ്യാപാരം തടയാനുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. രാജ്യത്ത് ഏകദേശം 3.1 ലക്ഷം പേര്‍ മയക്കുമരുന്നിന്റെ ദൂഷിതവലയത്തില്‍ ആകപ്പെട്ടവരാണ്. 2019-ൽ നടത്തിയ ദേശീയ സർവേ പ്രകാരം രാജ്യത്തെ 10നും 19നും ഇടയില്‍ പ്രായമുള്ളവരില്‍ 14.6 ശതമാനം പേർ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്നും പ്രമേയം ചൂണ്ടിക്കാട്ടി.


ഭിന്നശേഷിക്കാര്‍ക്ക് അന്തസ്സും നീതിയും
ഉറപ്പാക്കണം

രാജ്യത്ത് ഭിന്നശേഷിക്കാര്‍ നേരിടുന്ന അവ​ഗണനയിലും ദാരിദ്ര്യത്തിലും സിപിഐ എമ്മി‍ന്റെ 24–--ാമത് പാര്‍ടി കോൺഗ്രസ് അഗാധ രോഷം പ്രകടിപ്പിച്ചു. ഇന്ത്യയിലെ‍ ഭിന്നശേഷിക്കാരില്‍ പകുതിയിലധികം പേരും ദാരിദ്ര്യരേഖയ്ക്കു താഴെയാണെന്ന് ദേശീയ സാമ്പിള്‍ സര്‍വേ വെളിപ്പെടുത്തിയിട്ടുണ്ട്. ദയനീയമായ ജീവിത സാഹചര്യങ്ങളാണ് അവരുടെ പ്രതിസന്ധികള്‍ക്ക് പ്രധാന കാരണം. ഉപജീവനത്തിന് വന്‍ വെല്ലുവിളിയാണ് നേരിടുന്നത്. സ്വകാര്യ മേഖലയിലെ ജോലികളിലും ഭിന്നശേഷിക്കാര്‍ക്ക് സംവരണം വേണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. താൽക്കാലിക, കരാർ തൊഴിലുകളില്‍ നാലു ശതമാനം സംവരണം ഏര്‍പ്പെടുത്തണം. വാർഷിക വർധന ഉറപ്പുനൽകുന്ന വ്യവസ്ഥയോടെ ഭിന്നശേഷിക്കാര്‍ക്ക് പെന്‍ഷന്‍ അവകാശമാക്കുന്ന നിയമം കൊണ്ടുവരണം. ഭിന്നശേഷി പെന്‍ഷനിലെ കേന്ദ്രവിഹിതം ഉയർത്തണമെന്നും എ‌എ‌വൈ കാർഡുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home