എൽപിയുവിൽ വിദ്യാർഥി പ്രതിഷേധം ശക്തം; പത്ത് ദിവസത്തേക്ക് ക്ലാസുകൾ നിർത്തിവെച്ചു

ജലന്ധർ: പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ സർവകലാശാലയിൽ വിദ്യാർഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ നടപടിയാവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തുന്ന സമരം ശക്തമാകുന്നു. വിദ്യാർഥി രോഷം കനത്തതോടെ പത്ത് ദിവസത്തേക്ക് ക്ലാസുകൾ നിർത്തിവെച്ചു. സെപ്തംബർ 28 മുതൽ പത്ത് ദിവസത്തേക്ക് റെഗുലർ ക്ലാസുകൾ ഉണ്ടാകില്ലെന്നും മിഡ് ടേം പരീക്ഷകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവച്ചതായും സർവകലാശാല അധികൃതർ അറിയിച്ചു. പുതുക്കിയ പരീക്ഷാ തീയതി യൂണിവേഴ്സിറ്റി മാനേജ്മെന്റ് സിസ്റ്റം വഴി പിന്നീട് അറിയിക്കും.
ക്യാമ്പസ് ഹോസ്റ്റലിൽ വെച്ച് വിദ്യാർഥിനി നേരിട്ട അതിക്രമത്തിന് പിന്നാലെ, കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം സംഭവം ഒതുക്കിതീർക്കാനും വിദ്യാർഥിനിയെ വീട്ടിലേക്കയക്കാനുമാണ് അധികൃതർ ശ്രമിച്ചതെന്ന് വിദ്യാർഥികൾ ആരോപിച്ചു. ലൈംഗികാതിക്രമത്തെ തുടർന്ന് കടുത്ത മാനസിക സമ്മർദത്തിലായ വിദ്യാർഥിനി ആത്മഹത്യാശ്രമം നടത്തിയിരുന്നു. ഇതോടെയാണ് എസ്‌എഫ്‌ഐയുടെയും വിദ്യാർഥി യൂണിയന്റെയും നേതൃത്വത്തിൽ വിദ്യാർഥികൾ തെരുവിലിറങ്ങുകയും ജലന്ധർ-ഫഗ്‌വാര ദേശീയപാത ഉപരോധിക്കുകയും ചെയ്തത്.
പ്രതിഷേധം ക്യാമ്പസിന് പുറത്തേക്ക് പടർന്നതോടെയാണ് വിദ്യാർഥികളോട് സ്വന്തം നാട്ടിലേക്ക് പോകാൻ നിർദേശിച്ച് 10 ദിവസത്തെ അവധി അധികൃതർ പ്രഖ്യാപിച്ചത്. പത്ത് ദിവസത്തെ ഇടവേളയിൽ മാതാപിതാക്കളുമായോ രക്ഷിതാക്കളുമായോ ആലോചിച്ച് വിദ്യാർഥികൾക്ക് നാട്ടിലേക്ക് മടങ്ങാമെന്നും സർവകലാശാല അറിയിച്ചു. ക്യാമ്പസിൽ തുടരുന്നവർ ഹോസ്റ്റലുകളിലോ താമസസ്ഥലങ്ങളിലോ കഴിയണമെന്നും നിർദേശിച്ചിട്ടുണ്ട്. എന്നാൽ ക്യാമ്പസിൽ തുടർന്ന് സമരം ശക്തമാക്കാനാണ് വിദ്യാർഥികളുടെ തീരുമാനം.
എൽപിയുവിൽ വിദ്യാർഥിനിക്ക് നീതി ഉറപ്പാക്കാനും ക്യാമ്പസ് സുരക്ഷ ഉറപ്പുവരുത്താനും സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് എസ്‌എഫ്‌ഐ അഖിലേന്ത്യാ കമ്മിറ്റി പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. വിദ്യാർഥികളുടെ സുരക്ഷയേക്കാൾ സ്ഥാപനത്തിന്റെ പ്രതിച്ഛായ സംരക്ഷിക്കാനാണ് സർവകലാശാല അധികൃതർ ശ്രമിക്കുന്നതെന്ന് എസ്‌എഫ്‌ഐ പറഞ്ഞു.









0 comments