ad
Deshabhimani

print edition കൊടുംചതി; വാണിജ്യ സിലിണ്ടർ വില കുത്തനെ കൂട്ടി കേന്ദ്രം

lpg price hike

പ്രതീകാത്മകചിത്രം

avatar
സ്വന്തം ലേഖകൻ

Published on May 03, 2026, 12:41 AM | 1 min read

ന്യൂഡൽഹി: പാചകവാതക ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ, എൽപിജി വില കുത്തനെ കൂട്ടി മോദി സര്‍ക്കാരിന്റെ കൊടുംചതി. അഞ്ചിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ പൂർത്തിയായതോടെയാണ് വാണിജ്യാവശ്യത്തിനുള്ള എൽപിജിയുടെയും അഞ്ചുകിലോയുടെ ചെറിയ സിലിണ്ടറിന്റെയും വില കേന്ദ്രസർക്കാർ കുത്തനെ ഉയർത്തിയത്‌. ഇത് ചെറുകിട വ്യവസായ മേഖലയെയും ഹോട്ടൽ വ്യവസായത്തെയും കുടിയേറ്റ തൊഴിലാളികളെയും കടുത്ത പ്രതിസന്ധിയിലാക്കി. 19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക്‌ 993 രൂപയും, ഭൂരിപക്ഷം കുടിയേറ്റത്തൊഴിലാളികളും ചെറുകുടുംബങ്ങളും ആശ്രയിക്കുന്ന അഞ്ചു കിലോ എൽപിജി സിലിണ്ടർ വില 251.50 രൂപയുമാണ്‌ കൂട്ടിയത്‌.


ഇതോടെ വാണിജ്യാവശ്യത്തിനുള്ള എൽപിജി വില 3071.5 (ഡൽഹി) രൂപയായി. അഞ്ചു കിലോ സിലിണ്ടർ വില 810.50 രൂപയിലുമെത്തി. കരിഞ്ചന്തയിലെ സിലിണ്ടറുകളെയാണ്‌ നിലവിൽ തന്നെ റെസ്റ്റോറന്റുകളും ഹോട്ടലുകളും മറ്റും ആശ്രയിക്കുന്നത്‌. വിപണി വില മൂവായിരം കടന്നതോടെ കരിഞ്ചന്തയിൽ സിലിണ്ടർ വില ഏഴായിരം രൂപയിലധികമാകും. വിലവർധന ഭാരം ഉപഭോക്താക്കളുടെ ചുമലിലിടാൻ ഹോട്ടലുടമകൾ ശ്രമിക്കുന്നതോടെ ഹോട്ടൽ ഭക്ഷണ വില കുത്തനെ കൂടും. വാണിജ്യാവശ്യത്തിനുള്ള എൽപിജി ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന ചെറുകിട വ്യവസായ മേഖലകളും ആശങ്കയിലാണ്‌.


ഉൽപ്പന്നനിർമാണം, സ്റ്റീൽ, രാസവസ്‌തു നിർമാണം, ഭക്ഷ്യസംസ്‌കരണം, ലോഹ സംസ്‌കരണം, സെറാമിക്‌സ്‌, മരുന്നുനിർമാണം, ഗ്ലാസ്‌ നിർമാണം തുടങ്ങിയ മേഖലകൾക്ക്‌ വിലവർധന തിരിച്ചടിയാകും. ഉൽപ്പാദനച്ചെലവ്‌ താങ്ങാനാവാതെ പല ചെറുകിട യൂണിറ്റുകളും പൂട്ടിത്തുടങ്ങി. തൊഴിൽ നഷ്‌ടത്തെയും പിരിച്ചുവിടലിനെയും നേരത്തെ തന്നെ അഭിമുഖീകരിക്കുന്ന കുടിയേറ്റത്തൊഴിലാളികൾക്ക് അഞ്ചു കിലോ സിലിണ്ടർ വിലവർധന കൂടിയായതോടെ ജീവിതം വഴിമുട്ടിയ നിലയിലാണ്‌. നഗരങ്ങളിലെ തൊഴിലാളികളുടെ കൂട്ടപ്പലായനത്തിനും വിലവർധന വഴിവയ്‌ക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home