എൽ പി ജി ക്ഷാമം; രാജ്യത്ത് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തണമെന്ന് സോഷ്യൽ മീഡിയ

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷ സാഹചര്യങ്ങൾ ആഗോള ഇന്ധനവിപണിയെ പ്രതിസന്ധിയിലാക്കുമെന്ന ആശങ്കകൾക്കിടെ, രാജ്യത്ത് 'വർക്ക് ഫ്രം ഹോം' സംവിധാനം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇറാനുമേലുള്ള ഇസ്രായേൽ-അമേരിക്ക സഖ്യത്തിന്റെ കടന്നുകയറ്റം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ ഊർജ സുരക്ഷയെ ബാധിക്കുമെന്ന ഭീതിയാണ് ഐടി പ്രൊഫഷണലുകളെയും കോർപ്പറേറ്റ് ജീവനക്കാരെയും ഇത്തരമൊരു ആവശ്യത്തിലേക്ക് നയിച്ചിരിക്കുന്നത്. എക്‌സ്, വാട്‌സാപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇതുസംബന്ധിച്ച ചർച്ചകൾ വ്യാപകമാണ്.
ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതിയുടെ 55 ശതമാനവും മധ്യേഷ്യയെ ആശ്രയിച്ചായതിനാൽ, വിതരണ ശൃംഖലയിൽ നേരിയ തടസ്സമുണ്ടായാൽ പോലും അത് രാജ്യത്തെ ഇന്ധനവിലയെയും ലഭ്യതയെയും സാരമായി ബാധിച്ചേക്കാം. ഈ സാഹചര്യത്തിൽ ഐടി, ഫിനാൻസ് മേഖലകളിലെ ജീവനക്കാർക്ക് റിമോട്ട് വർക്ക് അനുവദിക്കുന്നത് ഇന്ധന ഉപഭോഗം ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ദിവസേനയുള്ള ഓഫീസിലേക്കുള്ള യാത്രകൾ ഒഴിവാക്കുന്നത് വഴി വ്യക്തിഗത ഇന്ധന ലാഭത്തിനൊപ്പം നഗരങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും സാധിക്കും. മുൻപ് സമാനമായ ഊർജ പ്രതിസന്ധികൾ നേരിട്ടപ്പോൾ തായ്‌ലൻഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾ ഈ മാതൃക വിജയകരമായി നടപ്പിലാക്കിയത് ഇവർ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, ഈ നിർദ്ദേശത്തിന് മുന്നിൽ പ്രായോഗികമായ വെല്ലുവിളികൾ ഏറെയുണ്ടെന്ന വാദവും ശക്തമാണ്. രാജ്യത്തിന്റെ ചില ഭാഗങ്ങളിലുള്ള വൈദ്യുതി തടസ്സവും ഇന്റർനെറ്റ് അസ്ഥിരതയും വർക്ക് ഫ്രം ഹോം സംവിധാനത്തെ ബാധിച്ചേക്കാം. കൂടാതെ, ജോലി ആവശ്യത്തിനല്ലാതെ ജീവനക്കാർ നടത്തുന്ന ദൂരയാത്രകൾ ഇന്ധന ലാഭമെന്ന ലക്ഷ്യത്തെ പരാജയപ്പെടുത്തുമെന്നും ഒരു വിഭാഗം വാദിക്കുന്നു.
അതേസമയം, രാജ്യത്ത് നിലവിൽ ഇന്ധനക്ഷാമമില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ അവകാശവാദം. ആവശ്യമായ ക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഇന്ധനം എന്നിവയുടെ കരുതൽ ശേഖരം ഇന്ത്യയ്ക്കുണ്ടെന്ന് മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിതരണത്തിൽ നിലവിൽ നേരിടുന്ന ചെറിയ തടസ്സങ്ങൾ പരിഹരിക്കുമെന്നും പരിഭ്രാന്തരായി സാധനങ്ങൾ വാങ്ങിക്കൂട്ടരുതെന്നും സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചു. എങ്കിലും, അന്താരാഷ്ട്ര തലത്തിൽ സംഘർഷം തുടരുന്നത് വരും ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് നീങ്ങാൻ സർക്കാരിനെ പ്രേരിപ്പിച്ചേക്കുമോ എന്ന ഉറ്റുനോക്കലിലാണ് തൊഴിൽ മേഖല.










0 comments