print edition സംഘർഷം രൂക്ഷമായി; ലവ്ലി സർവകലാശാല അടച്ചു

പഞ്ചാബിലെ ലവ്-ലി പ്രൊഫഷണൽ സർവകലാശാലയിലെ വിദ്യാർഥികൾ പ്രക്ഷോഭത്തിൽ
ന്യൂഡൽഹി: പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതിനെത്തുടർന്ന് കനത്ത പ്രതിഷേധവും സംഘർഷവും ഉടലെടുത്തതോടെ പഞ്ചാബിലെ ലവ്ലി പ്രൊഫഷണൽ സർവകലാശാല (എൽപിയു) അടച്ചിട്ടു. പത്ത് ദിവസത്തേക്കാണ് ബിജെപി നേതാവും എംപിയുമായ അശോക് മിത്തൽ സഹസ്ഥാപകനായ സർവകലാശാല അടച്ചത്. അർധവാർഷിക പരീക്ഷ മാറ്റിവച്ചു. പ്രതിഷേധം പൊളിക്കാൻ പുറത്തുനിന്നെത്തിയ അക്രമികൾ കാന്പസിനുള്ളിലേക്ക് കടന്നുകയറി വിദ്യാർഥികളെ ആക്രമിച്ചു. പെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിലേക്ക് കയറി. മലയാളികൾ ഉൾപ്പെടെ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു.
കാന്പസിലെ ജീവനക്കാരനാണ് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. തുടർന്ന് വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചുവെന്നും മരിച്ചുവെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിച്ചു. ലൈംഗികാതിക്രമം നടത്തിയ ജീവനക്കാരനെതിരെ നടപടിയെടുക്കാതെ വന്നപ്പോഴാണ് വിദ്യാർഥികൾ പ്രതിഷേധം തുടങ്ങിയത്. പുറത്തുള്ളവർ കാന്പസിലെത്തിയതോടെ സ്ഥിതി വഷളാവുകയായിരുന്നു. അക്രമികൾ വാഹനങ്ങൾ തീയിടുകയും കെട്ടിടങ്ങൾ തല്ലിപ്പൊളിക്കുകയുംചെയ്തു. ഞായർ രാത്രി നാല് മണിക്കൂറോളം കനത്ത സംഘർഷാവസ്ഥയായിരുന്നു. ഇൗ സമയം പൊലീസ് മാറിനിന്നു.
വൈകിയെത്തിയ പൊലീസ് അക്രമികളെയും പ്രതിഷേധിച്ച വിദ്യാർഥികളെയും കസ്റ്റഡിയിലെടുത്തു. മലയാളി വിദ്യാർഥി ജിതിൻ ജോസ് ഉൾപ്പെടെയുള്ളവരെ തിങ്കളാഴ്‌ചയാണ് വിട്ടയച്ചത്.
ലൈംഗികാതിക്രമത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. പഞ്ചാബ് വനിതാ കമീഷൻ സംഭവത്തിൽ റിപ്പോർട്ട് തേടി. കാന്പസിന് സമീപം ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തി.
മുന്പും കാന്പസിൽ സമാന സംഭവം നടന്നതായി ആരോപണമുണ്ട്. രണ്ട് വർഷത്തിനിടെ ആറ് വിദ്യാർഥികളാണ് ആത്മഹത്യ ചെയ്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാൽപതിനായിരത്തിനടുത്ത് വിദ്യാർഥികളാണ് എൽപിയുവിൽ പഠിക്കുന്നത്. സ്ഥിതി രൂക്ഷമായിട്ടും മലയാളി വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ ഇടപെടൽ നടത്തിയിട്ടില്ല.









0 comments