കളിക്കളത്തിൽ അദ്ദേഹം എല്ലാംനേടി, എല്ലാത്തിനും ഉപരിയാണ് എളിമയും മനുഷ്യത്വവും; മെസിയെ ചേർത്തുനിർത്തി സച്ചിൻ

ലയണൽ മെസിക്കൊപ്പം സച്ചിൻ ടെൻഡുൽക്കർ | Photo: AFP
മുംബൈ: മുംബൈയിൽ തിങ്ങിനിറഞ്ഞ ആരാധകരെയാകെ ഇളക്കിമറിച്ച നിമിഷമായിരുന്നു രണ്ട് ഇതിഹാസതാരങ്ങളുടെ സംഗമം. ലോകക്രിക്കറ്റിന് ഇന്ത്യ നൽകിയ 'ദൈവം' സച്ചിൻ ടെൻഡുൽക്കറും അർജന്റീനയുടെ 'മിശിഹ' ലയണൽ മെസിയും മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിൽ ഒന്നിച്ചുനിന്നപ്പോൾ ജനം ആവേശക്കടലായി.
മെസിയുടെ സന്ദർശനം ഇന്ത്യയ്ക്കും മുംബൈയ്ക്കും സുവർണനിമിഷമെന്നാണ് സച്ചിൻ വിശേഷിപ്പിച്ചത്. 2011ൽ ഇതേ സ്റ്റേഡിയത്തിൽ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയതുമായി താരതമ്യം ചെയ്തായിരുന്നു സച്ചിൻ സംസാരിച്ചുതുടങ്ങിയത്. "സ്വപ്നങ്ങളുടെ നഗരമാണ് മുംബൈ. ഒരുപാട് സ്വപ്നങ്ങൾ വാംഖഡെയിൽ പൂവണിഞ്ഞു. ലിയോയുടെ കളിയെക്കുറിച്ച് പറയാനുള്ള വേദിയല്ല ഇത്. കളിക്കളത്തിൽ അദ്ദേഹം എല്ലാം നേടിക്കഴിഞ്ഞു. കളിയോടുള്ള മെസിയുടെ പ്രതിബദ്ധതയും ആത്മസമർപ്പണവും അഭിനന്ദിക്കപ്പെടണം. എന്നാൽ, എല്ലാത്തിനും ഉപരിയാണ് അദ്ദേഹത്തിന്റെ എളിമയും മനുഷ്യത്വവും".- സച്ചിൻ പറഞ്ഞു.
14 വർഷം മുമ്പ് വാംഖഡെ സ്‌റ്റേഡിയത്തിൽ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിയപ്പോൾ അണിഞ്ഞ പത്താംനമ്പർ ജഴ്‌സിയാണ് സച്ചിൻ മെസിക്ക് നൽകിയത്. മെസിയുടെ സമ്മാനം ലോകകപ്പ് ഫുട്‌ബോളായിരുന്നു.
ഗോട്ട് ഇന്ത്യ ടൂർ 2025ന്റെ ഭാഗമായി ഇന്റർ മയാമി ക്ലബ്ബിൽ സഹതാരങ്ങളായ ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളും മെസിക്കൊപ്പമുണ്ടായിരുന്നു. വൈകീട്ട് തിങ്ങിനിറഞ്ഞ വാംഖഡെ സ്‌റ്റേഡിയത്തിൽ കാണികളെ അഭിവാദ്യം ചെയ്‌ത മെസി ഗ്യാലറിയിലേക്ക് പന്തടിച്ച് നൽകി. ഷൂട്ടൗട്ട് മത്സരത്തിൽ പങ്കെടുത്തു. സുനിൽ ഛേത്രി അടക്കമുള്ള ഇന്ത്യൻ കളിക്കാരുമായി സംസാരിക്കുകയും അവർക്കൊപ്പം പന്ത് തട്ടുകയും ചെയ്‌തു. ബോളിവുഡ് താരങ്ങൾക്കൊപ്പം പ്രദർശന മത്സരത്തിലും കുട്ടികൾക്കായുള്ള പരിശീലനപരിപാടിയിലും പങ്കെടുത്തു. രാത്രി ഫാഷൻഷോയിൽ സിനിമാതാരങ്ങളായ കരീന കപൂർ, ജാക്കി ഷറഫ്, ജോൺ അബ്രഹാം എന്നിവർക്കൊപ്പം അണിനിരന്നു.
മൂന്ന് ദിവസത്തെ പര്യടനം തിങ്കളാഴ്ച അവസാനിക്കും. കൊൽക്കത്തയിൽ നടന്ന സ്വീകരണ പരിപാടി അലങ്കോലപ്പെട്ടിരുന്നു. മുഖ്യ സ്‌പോൺസർ എ ശതാദ്രു ദത്ത പൊലീസ് കസ്‌റ്റഡിയിൽ കഴിയവെയാണ് ഹൈദരാബാദ്, മുംബൈ നഗരങ്ങളിൽ പരാതികളില്ലാതെ പരിപാടികൾ നടന്നത്.










0 comments