ad
Deshabhimani

സിംഹങ്ങളുടെ എണ്ണം കൂടുന്നു, ഗ്രാമീണര്‍ക്കുള്ള സുരക്ഷ പഴയപടി

ഗുജറാത്തിൽ യുവാവിനെ സിംഹം പിടികൂടി തിന്നു, അവശേഷിച്ചത് തലയും എല്ലിൻകൂടും മാത്രം

Lion
വെബ് ഡെസ്ക്

Published on Jun 16, 2026, 03:46 PM | 2 min read

അമ്രേലി: ഗുജറാത്തിലെ അമ്രേലി ജില്ലയിൽ സിംഹത്തിന്റെ ആക്രമണത്തിൽ 25-കാരന് ദാരുണാന്ത്യം. ഗുജറാത്തിലെ ഒരു റെസ്റ്റോറന്റിൽ ജോലി ചെയ്തിരുന്ന ഉത്തരാഖണ്ഡ് സ്വദേശിയായ പ്രകാശ് ചന്ദ്രയാണ് കൊല്ലപ്പെട്ടത്. യുവാവിനെ ആക്രമിച്ച സിംഹം ശരീരഭാഗങ്ങൾ ഏകദേശം ഭക്ഷിച്ചതായും വനംവകുപ്പ് അധികൃതർ സ്ഥിരീകരിച്ചു.


ചൊവ്വാഴ്ച പുലർച്ചെ അമ്രേലി ജില്ലയിലെ രാജുല ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള കോവായ ഗ്രാമത്തിന് സമീപമുള്ള റോഡരികിലാണ് യുവാവ് ആക്രമിക്കപ്പെട്ടത്. രാത്രി ജോലി കഴിഞ്ഞ് ഹോട്ടലിൽ നിന്ന് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ സമീപത്തെ കാട്ടിൽ ഒളിച്ചിരുന്ന സിംഹം പെട്ടെന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.


ഉത്തരാഖണ്ഡ് സ്വദേശിയായ പ്രകാശ് ഏറെനാൾ കൂടി നാട്ടിലേക്ക് തിരികെ പോകാനായി പുറപ്പെട്ടതായിരുന്നു. വീട്ടിലേക്കുള്ള സാധനങ്ങൾ എടുക്കാനായി മുറിയിലേക്ക് നടക്കുമ്പോഴാണ് ആക്രമണത്തിന് ഇരയായതെന്ന് മറ്റ് തൊഴിലാളികൾ പറഞ്ഞു.


കോവായ ഗ്രാമത്തിലെ ഒരു പാവർ പ്ലാന്റിന് എതിർവശമുള്ള നാടൻ ഹോട്ടലിലാണ് യുവാവ് ജോലി ചെയ്തിരുന്നത്. നാട്ടുകാരുടെ വിവരണ പ്രകാരം ഇരുട്ടിന്റെ മറവിൽ ഹൈവേയ്ക്ക് സമീപത്തെ കാട്ടിൽ ഒളിച്ചിരുന്ന സിംഹം പ്രകാശിനെ പിന്നിൽക്കൂടി പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. കഴുത്തിൽ കടിച്ചുകീറിയതിനാൽ നിലവിളിക്കാൻ പോലും കഴിഞ്ഞില്ല. യുവാവിനെ കടിച്ചെടുത്ത സിംഹം സമീപത്തെ ബാവൽ കാടുകൾക്ക് അകത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. പ്രദേശത്ത് നാല് സിംഹങ്ങളടങ്ങിയ ഒരു കൂട്ടം ചുറ്റിത്തിരിയുന്നതായി നാട്ടുകാര്‍ കണ്ടെത്തി വനം വകുപ്പിന് റിപ്പോര്‍ട് ചെയ്തിരുന്നു.


Lion attack amreli


കൊല്ലപ്പെട്ട യുവാവിന്റെ ശരീരം ഏതാണ്ട് പൂർണ്ണമായും ഭക്ഷിച്ച നിലയിലാണ് പിന്നീട് കണ്ടെത്താൻ കഴിഞ്ഞത്. ചൊവ്വാഴ്ച പുലർച്ചെ വനംവകുപ്പും നാട്ടുകാരും നടത്തിയ തിരച്ചിലിൽ സംഭവസ്ഥലത്തുനിന്ന് തലയോട്ടിയും വാരിയെല്ലിന്റെ ചില ഭാഗങ്ങളും ചോരക്കറയും കണ്ടെത്തി. ശിരസ് തന്നെയും മാംസ ഭാഗങ്ങൾ കടിച്ചെടുത്ത നിലയിലായിരുന്നു.


പ്രദേശത്ത് നാല് സിംഹങ്ങളടങ്ങിയ ഒരു കൂട്ടം ചുറ്റിത്തിരിയുന്നതായി അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വിരൽസിൻഹ് ചാവ്ദ ശരിവെച്ചു. ഇതിൽ ഏത് സിംഹമാണ് യുവാവിനെ ആക്രമിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. സംശയമുള്ള ഒരു പെൺ സിംഹത്തെ കൂട്ടിലാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഡ്രോൺ നിരീക്ഷണവും നടത്തുന്നു. ഗ്രാമ പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ പുറത്തിറങ്ങുന്നത് വിലക്കിയിരിക്കയാണ്.


സമാനമായ സംഭവം അടുത്തിടെ തൊട്ടടുത്തുള്ള ഭകോദർ ഗ്രാമത്തിലും ഉണ്ടായതായി കോവായ ഗ്രാമത്തലവൻ ജീനാ ലഖ്നോത്ര പറഞ്ഞു. പ്രദേശത്ത് സിംഹങ്ങളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ നാട്ടുകാര്‍ ഭീതിയിലാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും വാച്ചര്‍മാരുടെയും എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ ചെവിക്കൊണ്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട് ചെയ്തു. സിംഹങ്ങളുടെ എണ്ണം വര്‍ധിച്ചപ്പോഴും കാവലും നിരീക്ഷണവും പഴയപടി തുടരുകയാണ്. സിഹങ്ങളുടെ കൂട്ടായ സാന്നിധ്യം രക്ഷാ പ്രവര്‍ത്തനം പോലും അസാധ്യമാക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home