ഗുജറാത്തില്‍ ട്രെയിന്‍ തട്ടി സിംഹത്തിന് ഗുരുതര പരിക്ക്; വാല് അറ്റുപോയ നിലയില്‍ ട്രാക്കിൽ

അഹമ്മദാബാദ് : ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ട്രെയിൻ അപകടത്തിൽ സിംഹത്തിന്റെ വാലറ്റു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ സിംഹത്തെ വാലിന്റെ ഒരു ഭാഗം അറ്റുപോയ നിലയിൽ റെയിൽവേ ട്രാക്കിൽ കണ്ടെത്തുകയായിരുന്നു.
ലിലിയക്കും ദാംനഗറിനും ഇടയിലുള്ള ട്രാക്കിലാണ് സംഭവം. ഇംഗോരാള ഗ്രാമത്തിനു സമീപം രണ്ട് സിംഹങ്ങൾ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പിപാവവ് തുറമുഖത്തുനിന്ന് ധാസയിലേക്ക് സഞ്ചരിക്കുകയായിരുന്ന ഗുഡ്സ് ട്രെയിനാണ് സിംഹത്തെ ഇടിച്ചത്.
റെയിൽവേ അധികൃതർ ഉടൻ വനംവകുപ്പിനെ വിവരമറിയിക്കുകയും സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. ട്രാക്കിൽ പരിശോധന നടത്തുന്നതിനായി ട്രെയിൻ നിർത്തിയിട്ടു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് സിംഹത്തിൻറെ അറ്റുപോയ വാലിൻറെ ഭാഗം വനപാലകർ കണ്ടെടുത്തത്. പരിക്കേറ്റ സിംഹം സമീപത്തെ കൃഷിയിടങ്ങളിലേക്ക് ഓടിമറഞ്ഞതായി വനംവകുപ്പ് സ്ഥിരീകരിച്ചു. സിംഹത്തെ കണ്ടെത്തി അടിയന്തര വെറ്ററിനറി ചികിൽസ ലഭ്യമാക്കുന്നതിനായി ആധുനിക ട്രാക്കിംഗ് ഉപകരണങ്ങളുമായി വനംവകുപ്പ് സംഘം സമീപത്തെ കാടുകളിലും കൃഷിയിടങ്ങളിലും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.









0 comments