കൊലക്കേസ്: കർണാടകയിലെ കോൺഗ്രസ് എംഎൽഎയ്ക്ക് ജീവപര്യന്തം തടവ്

വിനയ് കുൽക്കർണി | Photo Credit:FB/Vinay Kulkarni
ബംഗളൂരു: ബിജെപി നേതാവ് യോഗേഷ് ഗൗഡ ഗൗഡർ വധക്കേസിൽ കോൺഗ്രസ് എംഎൽഎ വിനയ് കുൽക്കർണിക്ക് ബെംഗളൂരുവിലെ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കേസുമായി ബന്ധപ്പെട്ട് കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റ് 16 പേർക്കും കോടതി ജീവപര്യന്തം ശിക്ഷ നൽകിയിട്ടുണ്ട്.
ജനപ്രതിനിധികൾക്കെതിരായ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജി സന്തോഷ് ഗജാനൻ ഭട്ട് ബുധനാഴ്ചയാണ് കുൽക്കർണിയും മറ്റുള്ളവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ക്രിമിനൽ ഗൂഢാലോചന, കൊലപാതകം ഉൾപ്പെടെയുള്ള ഐപിസി വകുപ്പുകൾ പ്രകാരമാണ് ശിക്ഷ.
ഏപ്രിൽ 16ന് സിബിഐ കുൽക്കർണിക്ക് ഇളവുകളില്ലാത്ത ജീവപര്യന്തം ശിക്ഷ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കുൽക്കർണിയുടെ രാഷ്ട്രീയ പശ്ചാത്തലം, സാമൂഹിക സേവനം, കുടുംബത്തോടുള്ള ഉത്തരവാദിത്തങ്ങൾ എന്നിവ പരിഗണിച്ച് ശിക്ഷയിൽ ഇളവ് നൽകണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു.
2016 ജൂൺ 15ന് ധാർവാഡിൽ വെച്ച് ബിജെപി ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന യോഗേഷ് ഗൗഡ കൊല്ലപ്പെട്ടതാണ് കേസിനാസ്പദമായ സംഭവം. അന്ന് കുൽക്കർണി സംസ്ഥാന മന്ത്രിയായിരുന്നു. ധാർവാഡിലെ സപ്താപൂരിലുള്ള ജിമ്മിൽ വെച്ച് വാടകക്കൊലയാളികൾ ഗൗഡയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഗൗഡയുടെ കുടുംബാംഗങ്ങളുടെയും മറ്റും നിരന്തരമായ ആവശ്യത്തെത്തുടർന്ന് 2019ൽ അന്നത്തെ ബിജെപി സർക്കാർ കേസ് സിബിഐക്ക് വിട്ടു. 2020ൽ സിബിഐ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ കുൽക്കർണിയാണ് കൊലപാതകത്തിന്റെ പ്രധാന സൂത്രധാരൻ എന്ന് വ്യക്തമാക്കിയിരുന്നു. ധാർവാഡിൽ വളർന്നുവരുന്ന രാഷ്ട്രീയ എതിരാളിയായി കണ്ട ഗൗഡയെ ഇല്ലാതാക്കാൻ കുൽക്കർണി വാടകക്കൊലയാളികളെ ഏൽപ്പിക്കുകയായിരുന്നു എന്നാണ് സിബിഐ കണ്ടെത്തൽ.
2020ൽ സിബിഐ കുൽക്കർണിയെ അറസ്റ്റ് ചെയ്തു. 2021 ആഗസ്തിൽ സുപ്രീം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചെങ്കിലും ധാർവാഡ് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നു. എന്നാൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെത്തുടർന്ന് 2025 ജൂണിൽ ഇയാളുടെ ജാമ്യം റദ്ദാക്കി.
2026 ജനുവരിയിൽ കുൽക്കർണി വീണ്ടും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അത് തള്ളപ്പെട്ടു. തുടർന്ന്, എല്ലാ സാക്ഷികളെയും വിസ്തരിച്ചു കഴിഞ്ഞു എന്ന നിരീക്ഷണത്തിൽ 2026 ഫെബ്രുവരി 27ന് സുപ്രീം കോടതി വീണ്ടും ജാമ്യം അനുവദിച്ചു.
ശിക്ഷാവിധി വന്നതോടെ വിനയ് കുൽക്കർണിക്ക് എംഎൽഎ സ്ഥാനത്ത് അയോഗ്യത നേരിടേണ്ടി വരും.










0 comments